UPDATES

ട്രെന്‍ഡിങ്ങ്

കൊച്ചി മെട്രോ; വൈകിയതിനു കാരണം കേരളത്തിലെ ‘സവിശേഷ സാഹചര്യങ്ങള്‍’; നിരാശയുണ്ടെന്നു ശ്രീധരന്‍

രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചിയാണ് ഏറ്റവും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആദ്യ മെട്രോ

കൊച്ചി മെട്രോ പൂര്‍ത്തിയാകുവാന്‍ വൈകിയതിന് കാരണം സിവില്‍ കരാറുകാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അവര്‍ക്ക് അങ്ങനെ സംഭവിക്കാന്‍ കാരണം കേരളത്തിലെ ‘സവിശേഷമായ’ സാഹചര്യങ്ങള്‍ മൂലമാണെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. ‘കൊച്ചി മെട്രോയുടെ ആദ്യഘട്ടം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നായിരുന്നു ജനങ്ങളോട് പറഞ്ഞത്. എന്നാല്‍ സിവില്‍ കരാര്‍ ഏറ്റിരുന്ന എല്‍ ആന്‍ഡ് ടിയുടെ വീഴ്ചയാണ് വൈകിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച കമ്പനികളായ അവര്‍ എല്ലാ ജോലിയും രണ്ടുവര്‍ഷം കൊണ്ട് തീര്‍ത്ത് തരാമെന്നായിരുന്നു പറഞ്ഞത്. അത് അനുസരിച്ചായിരുന്നുവെങ്കില്‍ ബാക്കി ഒരു കൊല്ലം കൊണ്ട് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താമായിരുന്നു. കരാറുകാര്‍ കേരളത്തില്‍ പരാജയപ്പെടാന്‍ കാരണം ഇവിടത്തെ ‘സവിശേഷമായ’ ചില സാഹചര്യങ്ങളാണ്. അതുകാരണം നാലുവര്‍ഷമെടുത്തു മെട്രോ പൂര്‍ത്തിയാകാന്‍. അതില്‍ നിരാശയുണ്ട്, സങ്കടമുണ്ട്’  മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറയുന്നു.

സമരങ്ങള്‍ കാരണം 120 തൊഴില്‍ ദിനങ്ങള്‍ മെട്രോയ്ക്ക് നഷ്ടമായി. ഇതിനൊപ്പം ക്വാറിസമരവും മെട്രോയെ ബാധിച്ചു. ഭൂമിയേറ്റെടുക്കലിലും കുറച്ചുതാമസം വന്നെങ്കിലും അത് പദ്ധതിയെ അത്രയധികം ബാധിച്ചിട്ടില്ല. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) മികച്ച രീതിയില്‍ത്തന്നെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാക്കാന്‍ സാധിച്ചു. കരാറുകാരെ ബുദ്ധിമുട്ടിച്ച മറ്റൊരു പ്രശ്‌നം നിര്‍മാണസാമഗ്രികളുടെ വന്‍ വിലയാണ്. ഡല്‍ഹി, നാഗ്പുര്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇവിടെ എല്ലാ നിര്‍മാണസാമഗ്രികള്‍ക്കും മൂന്നിരട്ടിയാണ് വില. കേരളത്തിലെ തൊഴില്‍ സാഹചര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. വര്‍ഷത്തില്‍ ആറുമാസം മഴയാണ്. കേരളത്തിലുള്ളവര്‍ക്ക് ഇത് കുഴപ്പമില്ല. മെട്രോ നിര്‍മാണത്തില്‍ വന്ന തൊഴിലാളികളില്‍ ഏറെയും കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. അവര്‍ ഇവിടുത്തെ സാഹചര്യത്തില്‍ ശരിക്കും കഷ്ടപ്പെട്ടു. അതു കാരണം നിര്‍മാണക്ഷമതയിലും കുറവുവന്നു. നാട്ടില്‍നിന്നുള്ളവരെ കൂടുതലായി ജോലിക്കെടുക്കുക പ്രായോഗികമാകാതിരുന്നതുകൊണ്ടാണ് അവരെ കൊണ്ടുവന്നത്. 700-800 രൂപ കൊടുത്ത് ഇവിടെനിന്നുള്ളവരെ എങ്ങനെ ജോലിക്ക് നിയമിക്കും. ഒഡീഷ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് മിനിമം വേതനമായ 350 രൂപ നല്‍കിയാണ് ജോലിക്കാരെ കൊണ്ടുവന്നത്;അഭിമുഖത്തില്‍ ശ്രീധരന്‍ പറയുന്നു.

ഡി.എം.ആര്‍.സി. ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രോ ഇത്ര പെട്ടെന്ന് പൂര്‍ത്തിയാകില്ലായിരുന്നു വെന്നും ശ്രീധരന്‍ പറയുന്നു. ചെന്നൈ, ബെംഗളൂരു എല്ലാം ആറുവര്‍ഷമെടുത്തു ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍.  രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചിയാണ് ഏറ്റവും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആദ്യ മെട്രോ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഏറ്റവും വലിയ മെട്രോ കൂടിയാണിത്. ആലുവമുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ 45 മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇതൊരു റെക്കോഡാണ്;ശ്രീധരന്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ മെട്രോയ്ക്ക് യാത്രക്കാരെ അധികം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ആലുവമുതല്‍ പാലാരിവട്ടംവരെ 13 കിലോമീറ്റര്‍ മാത്രമാണുള്ളത്. ആലുവയില്‍ നിന്നു തുടങ്ങുന്ന മെട്രോ നഗരമധ്യത്തിലേക്ക് എത്തുന്നില്ല. അതിനാല്‍ യാത്രക്കാര്‍ കുറവായിരിക്കും. എല്ലാ മെട്രോയിലും ആദ്യത്തെ ഘട്ടത്തില്‍ യാത്രക്കാര്‍ കുറവായിരിക്കും. അതില്‍ നിരാശയുടെ ആവശ്യമില്ല. ഓരോ ഘട്ടമായി മെട്രോയുടെ നീളം കൂടുമ്പോള്‍ യാത്രക്കാരുടെ എണ്ണവും കൂടും. ആദ്യത്തെ ഒരാഴ്ച അല്ലെങ്കില്‍ പത്തുദിവസം നല്ല തിരക്കായിരിക്കും മെട്രോയില്‍. കേരളത്തിലെ എല്ലാവരും മെട്രോ കാണാനെത്തും. അതിനുശേഷം കുറയും. തൃപ്പൂണിത്തുറയും കാക്കനാടുമെല്ലാം ഉടന്‍ യാഥാര്‍ഥ്യമാക്കണം. ഇവയെല്ലാം യാഥാര്‍ഥ്യമായാലേ യാത്രക്കാരുടെ എണ്ണം വര്‍ധിക്കൂ;ശ്രീധരന്‍ മുന്നറിയിപ്പോടെ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍