UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയുടെ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോയുടെ മൊഴി

ഇതുവരെയും കണ്ടെത്താനാകാത്ത ഈ മൊബൈല്‍ ഫോണാണ് കേസിലെ സുപ്രധാന തെളിവ്

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് മൊഴി. അതേസമയം പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ മൊഴി വിശ്വസിക്കേണ്ടെന്ന നിലപാടിലാണ് പോലീസ്. ഇതുവരെയും കണ്ടെത്താനാകാത്ത ഈ മൊബൈല്‍ ഫോണാണ് കേസിലെ സുപ്രധാന തെളിവ്.

പള്‍സര്‍ സുനി തന്റെ കയ്യില്‍ ഫോണ്‍ തന്നതായി പ്രതീഷ് സമ്മതിച്ചിട്ടുണ്ട്. താന്‍ ഇത് തന്റെ ജൂനിയര്‍ ആയ രാജു ജോസഫിനെ ഏല്‍പ്പിച്ചു. രാജു അത് നശിപ്പിച്ചുകളഞ്ഞെന്നാണ് പ്രതീഷിന്റെ മൊഴി. രാജു ജോസഫിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം അന്വേഷണം വഴിതെറ്റിക്കാനായി മൊഴിമാറ്റി പറയുകയാണെന്നാണ് പോലീസിന്റെ നിഗമനം. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് ഒളിവിലായിരുന്ന പ്രതീഷ് ചാക്കോ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത്. തെളിവ് ഒളിപ്പിച്ച കുറ്റത്തിനാണ് അന്വേഷണ സംഘം പ്രതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവു നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ ഈ കുറ്റവും പ്രതീഷിനെതിരെ ചുമത്തും.

കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കില്ലെങ്കിലും കേസിന്റെ വിവരങ്ങള്‍ വ്യക്തമായി അറിയാവുന്നയാളാണ് പ്രതീഷ്. കുറ്റകൃത്യത്തിന് ശേഷം സുനി പ്രതീഷിനെ കാണുകയും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കൈമാറുകയും ചെയ്തു. ക്വട്ടേഷന്റെ സൂത്രധാരനായ നടന്‍ ദിലീപിന് കൈമാറാനാണ് പ്രതി ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചതെന്ന് സുനി നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. മൂന്നാമതൊരാള്‍ വഴിയാണ് ഫോണ്‍ ദിലീപിന്റെ കൈവശം എത്തിച്ചത്. എന്നാല്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഫോണ്‍ കണ്ടെത്താനായില്ല.

ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്ത പ്രതീഷ് ചാക്കോയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജിയില്‍ തീരുമാനമെടുത്തിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍