UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് വിധി ചരിത്രപരമെന്ന് നരേന്ദ്ര മോദി; പുതിയ യുഗപ്പിറവിയെന്ന് അമിത് ഷാ

മുത്തലാഖ് ഇസ്ലാം വിരുദ്ധമാണെന്ന് ബിജെപി നേതാവ് ഷാസിയ ഇല്‍മി പറഞ്ഞു. അത് ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വിരുദ്ധമാണ്

മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കും. വനിതാ ശാക്തീകരണം ബലപ്പെടുത്താനും സഹായകമാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ മനേക ഗാന്ധി, വിജയ് ഗോയല്‍, ബിജെപി നേതാവ് ഷാസിയ ഇല്‍മി, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കൗണ്‍സല്‍ സഫര്‍യാബ് ജിലാനി, സുബ്രഹ്മണ്യന്‍ സ്വാമി, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ പ്രമുഖരും ഈ വിഷയത്തില്‍ പ്രതികരിച്ചു.

സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും തുല്യതയിലേക്കുള്ള മുസ്ലിം സ്ത്രീകളുടെ യാത്രയില്‍ ഇതൊരു പുതിയ യുഗത്തിന്റെ പിറവിയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മുത്തലാഖ് ഇസ്ലാം വിരുദ്ധമാണെന്ന് ബിജെപി നേതാവ് ഷാസിയ ഇല്‍മി പറഞ്ഞു. അത് ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വിരുദ്ധമാണ്. ഷബാനു മുസൈറ ബാനു വരെയുള്ളവര്‍ എത്തുന്നതോടെ ആ വൃത്തം പൂര്‍ത്തിയാകുകയായിരുന്നു.

സുപ്രിംകോടതി വിധി നല്ലതാണെന്നും ലിംഗനീതിയ്ക്കും ലിംഗ തുല്യതയിലേക്കുമുള്ള അകലം ഒരു ചുവടുകൂടി കുറഞ്ഞതായും മനേക ഗാന്ധി പറഞ്ഞു. മുത്തലാഖ് എന്ന ദുരാചാരത്തിന് അന്ത്യമായെന്നും ഞങ്ങള്‍ ആത്മവിശ്വാസത്തിലാണെന്നും കേന്ദ്രമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.

അതേസമയം കോടതി വിധിയെ തങ്ങള്‍ മാനിക്കുന്നെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കൗണ്‍സല്‍ സഫര്‍യാബ് സിലാനി അറിയിച്ചു. തങ്ങളുടെ നിയമവിഭാഗം വിധി വിശദമായി പരിശോധിക്കും. ഇതനുസരിച്ച് ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉപദേശം നല്‍കും. സെപ്തംബര്‍ 10ന് ഭോപ്പാലില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിലാനി വ്യക്തമാക്കി.

സുപ്രിംകോടതി വിധി സൂക്ഷ്മബുദ്ധിയുള്ളതാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി അറിയിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിധിയെ സ്വാഗതം ചെയ്തു. ആധുനിക സമൂഹത്തിന്റെ പുരോഗതിയ്ക്ക് തടസമാണ് മുത്തലാഖ്. നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ വേഗം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലിംഗ നീതിയിലേക്കും തുല്യതയിലേക്കും അടുപ്പിക്കുന്ന നല്ല തീരുമാനമാണ് സുപ്രിംകോടതി വിധിയെന്ന് കോണ്‍ഗ്രസ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. സുപ്രിംകോടതി വിധിയെ കോണ്‍ഗ്രസ് പ്രകീര്‍ത്തിക്കുന്നുവെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. വ്യക്തിനിയമങ്ങളെ സംരക്ഷിക്കുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍