UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സന്റിനെതിരെ ശക്തമായ തെളിവുകള്‍; അറസ്റ്റ് ഉടനെന്ന് സൂചന

അഞ്ച് മാസത്തിനുള്ളില്‍ 900 തവണയാണ് കോണ്‍ഗ്രസ് എംഎല്‍യായ വിന്‍സന്റ്‌ ഇവരെ വിളിച്ചിരിക്കുന്നത്

എം വിന്‍സന്റ് എംഎല്‍എയുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റിന് പോലീസ് ചോദ്യം ചെയ്തു തുടങ്ങി. അതേസമയം വിന്‍സന്റിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം കോവളം എംഎല്‍എയായ വിന്‍സന്റിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

വിന്‍സന്റിന്റെയും 52കാരിയായ വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് എംഎല്‍എയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. മാസങ്ങളായി വീട്ടമ്മയുടെ ഫോണിലേക്ക് ഇയാള്‍ നിരന്തരമായി വിളിക്കാറുണ്ടെന്നതിന്റെ തെളിവാണ് ലഭിച്ചിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നലെ അന്വേഷണത്തിന് നേതൃത്വം എസ് പി അജിത ബീഗം ഇയാളെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു.

എന്നാല്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചതോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുകയായിരുന്നു. എംഎല്‍എ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് വീട്ടമ്മ വിഷാദരോഗത്തിനുള്ള ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫോണ്‍ രേഖകളെ കൂടാതെ വൈദ്യപരിശോധനയും എംഎല്‍എയ്ക്ക് എതിരാണെന്നാണ് പോലീസ് പറയുന്നത്. എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി.

അഞ്ച് മാസത്തിനുള്ളില്‍ 900 തവണയാണ് എംഎല്‍എ ഇവരെ വിളിച്ചിരിക്കുന്നത്. ബാലരാമപുരത്ത് കടയില്‍ വന്ന് വിന്‍സന്റ് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ ആരോപിക്കുന്നുണ്ട്. ഗുരുതരാവസ്ഥ തരണം ചെയ്ത ഇവരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ വിന്‍സന്റിന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍