UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് ഭീഷണിപ്പെടുത്തുന്നു: നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി സംവിധായകന്‍ നാദിര്‍ഷ. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

കേസന്വേഷണവുമായി എല്ലാ രീതിയിലും സഹകരിച്ചിട്ടുണ്ട്. എന്നിട്ടും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ജാമ്യഹര്‍ജിയിലെ ആവശ്യം. അതേസമയം ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. നെഞ്ചുവേദന മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നാദിര്‍ഷ. നാദിര്‍ഷ മുമ്പ് പറഞ്ഞ വിവരങ്ങളെല്ലാം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് സൂചനയുണ്ട്.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിര്‍ഷയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. കേസില്‍ പോലീസ് പിടിയിലായ പള്‍സര്‍ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷയെയും സംശയത്തിന്റെ നിഴലിലാക്കിയത്. ദിലീപ് അറസ്റ്റിലായതിന് തൊട്ടുമുമ്പ് നടത്തിയ മാരത്തണ്‍ ചോദ്യം ചെയ്യലില്‍ നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനാക്കി. അതേസമയം മാരത്തണ്‍ ചോദ്യം ചെയ്യലിന് രണ്ട് ദിവസം മുമ്പ് എഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ നാദിര്‍ഷായ്ക്ക് പരിശീലനം നല്‍കിയതായി വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്ത് ലഭിച്ചു. ജൂണ്‍ 26ന് നാദിര്‍ഷയുടെയും വിളിച്ച പോലീസ് ഉദ്യോഗസ്ഥന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉദ്യോഗസ്ഥന്‍ വിളിച്ച വൈറ്റിലയ്ക്ക് സമീപത്തെ കേന്ദ്രത്തിലേക്ക് നാദിര്‍ഷ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് പോലീസ് ആസ്ഥാനത്ത് ലഭിച്ചത്. പോലീസിന്റെ ചോദ്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പായിരുന്നു ഇതെന്നാണ് ആരോപണം.

അതേസമയം ദിലീപിനെതിരായ ഗൂഢാലോച കുറ്റം ശക്തമാക്കാന്‍ നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കാനും നിയമോപദേശം ലഭിച്ചു. എന്നാല്‍ വിചാരണഘട്ടത്തില്‍ നാദിര്‍ഷ കൂറ് മാറാനുള്ള സാധ്യത കണക്കിലെടുത്ത് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍