UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് ജാമ്യമില്ല; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

ദിലീപ് സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. താരത്തിന് ജാമ്യം നല്‍കിയാല്‍ കേസില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്നും അതിനാല്‍ പ്രതി എത്ര പ്രമുഖനാണെങ്കിലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു വാദം.

ദിലീപ് സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന സൂത്രധാരനാണ് ദിലീപ്. ക്രിമിനല്‍ നിയമ ചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വോട്ടേഷനാണ്. ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുത്തിട്ടില്ല. അന്വേഷണം പുരോഗമിച്ചു വരികയാണ് എന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ രണ്ടു പേര്‍ സംസാരിച്ചു എന്നതു കൊണ്ട് മാത്രം ഗൂഡാലോചന ഉണ്ടാവില്ലെന്നും ദിലീപിനെതിരെ തെളിവില്ല എന്നുമായിരുന്നു പ്രതിഭാഗം വാദം. ഒട്ടേറെ കേസുകളില്‍ പ്രതിയായ ഒരാളുടെ മൊഴി അനുസരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഉന്നതതലത്തില്‍ നടന്ന ഗൂഡാലോചനയുടെ ഫലമാണ് ദിലീപിനെതിരെയുള്ളത്. സിനിമാ ജീവിതം തകര്‍ക്കാനും പൊതുജന മധ്യേ അപഹാസ്യനാക്കാനുമുള്ള നീക്കങ്ങളാണിത്. ഒട്ടേറെ സിനിമാ പ്രോജക്ടുകളില്‍ ഒപ്പുവച്ചിട്ടുള്ള ദിലീപിനെ തടവില്‍ വയ്ക്കുന്നത് സിനിമാ ജീവിതത്തെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല.

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നു വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വളരെ അപൂര്‍വമായ കേസാണിത്. അന്വേഷണം അവസാന ഘട്ടത്തിലാണ്. കേസില്‍ പ്രതി അറിയപ്പെടുന്ന നടനാണ്‌. കേസ് ഗുരുതര സ്വഭാവമുള്ളതാണ്. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും 10 പേജു വരുന്ന വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ഈ മാസം 10-നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. ദിലീപിന് മുമ്പില്‍ ഇനി ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ വിരളമാണ് എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. സുപ്രീം കോടതിയെ സമീപിച്ചാലും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാനായിരിക്കും പറയാന്‍ സാധ്യത എന്നും അവര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുകയോ, അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ വരികയോ ചെയ്താലോ മാത്രമേ ഇനി ദിലീപിന് ജാമ്യത്തിനായി അപേക്ഷിക്കാന്‍ കഴിയൂ. അതുവരെ ജയിലില്‍ കഴിയേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍