UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ബിജെപി: മാധ്യമങ്ങളില്‍ നിന്നൊളിച്ച് കുമ്മനം

ആര്‍ എസ് വിനോദ് ഒരു ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള അഴിമതിയെന്ന വാക്ക് ഉപയോഗിച്ചില്ല

കേരളത്തിലെ ബിജെപിയെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി എസ് ശ്രീധരന്‍ പിള്ള. ഇതേക്കുറിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ഇന്ന് ഈ വിഷയത്തില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല. അദ്ദേഹത്തിന് പകരമാണ് ശ്രീധരന്‍ പിള്ള വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടത്.

ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് ഒരു ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള അതേസമയം അഴിമതിയെന്ന വാക്ക് ഉപയോഗിച്ചില്ല. കുറ്റക്കാരനാണെന്ന് കണ്ട നിമിഷം തന്നെ അയാളെ പുറത്താക്കിയതാണ്. കുറ്റക്കാരനെ പുറത്താക്കി ബിജെപി ഒരു നല്ല മാതൃകയാണ് സൃഷ്ടിച്ചത്. വ്യക്തിനിഷ്ഠമായ കുറ്റമാണ് ഇവിടെ നടന്നതെന്നും അതിനോട് ഒരു രാഷ്ട്രീയ പാര്‍ട്ടി എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് ശ്രദ്ധേയമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അഴിമതിയോട് സന്ധിചേരാന്‍ ബിജെപിയ്ക്ക് സാധിക്കില്ല.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യം കണ്ടെത്തണം, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുകൊണ്ടുവരണമെന്നും പിള്ള പറഞ്ഞു. അതേസമയം ഒരു പാര്‍ട്ടി കുറ്റം ചെയ്യുന്നതും വ്യക്തി കുറ്റം ചെയ്യുന്നതും രണ്ടും രണ്ടാണെന്നും കുറ്റം ചെയ്തയാളെ പാര്‍ട്ടി സംരക്ഷിക്കുന്നുണ്ടോയെന്നതാണ് പ്രധാനമെന്നുമാണ് ശ്രീധരന്‍ പിള്ള പറയുന്നത്. ഈ സംഭവം വിവാദമാക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ശ്രീധരന്‍ പിള്ള ആരോപിക്കുന്നു.

സംശുദ്ധ ജീവിതത്തിന്റെ ഉടമയും ഒരു കാപട്യവുമില്ലാത്തതുമായി ബിജെപി നേതാവിനുനേരെയും ആരോപണം ഉയര്‍ന്നുവെന്ന് എംടി രമേശിന്റെ പേരെടുത്ത് പറയാതെ ശ്രീധരന്‍ പിള്ള സൂചിപ്പിച്ചു. റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും ഒരു മാധ്യമത്തെയും രാഷ്ട്രീയ പാര്‍ട്ടിയെയും കുറ്റപ്പെടുത്തുന്നില്ല. അഖിലേന്ത്യ തലത്തില്‍ ഭരണഘടന അനുസരിച്ച് നടപടി സ്വീകരിക്കും. എല്ലാ തരത്തിലുമുള്ള അന്വേഷണം നടത്തിയ ശേഷമാണ് വിനോദിനെതിരെ നടപടിയെടുത്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍