UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി; എട്ട് പേരെ ചോദ്യം ചെയ്യുന്നു

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് തോക്ക് ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വ്യക്തമായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മരിച്ച മാസിന്റെ സുഹൃത്ത് മാനസമംഗലം സ്വദേശി മുതമില്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇതിനിടെ മാസിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ചോരയില്‍ കുളിച്ച യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് മാസിനെ ആശുപത്രിയിലെത്തിച്ചത്. പിന്നിലിരുന്നയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മാസിന്‍ പിന്നോട്ട് വീഴാന്‍ പോകുന്നത് കാണാം. ഈ സമയം ആശുപത്രി ജീവനക്കാര്‍ സ്ട്രച്ചറുമായി എത്തി ഇയാളെ ആശുപത്രിയ്ക്കകത്തേക്ക് കൊണ്ടു പോയി. എന്നാല്‍ മാസിനെ ആശുപത്രിയിലെത്തിച്ച യുവാക്കള്‍ ഡോക്ടര്‍മാരെയും പോലീസിനെയും വിവരം അറിയിക്കാതെ കടന്നുകളയുകയായിരുന്നു.

മാസിന്റെ ഇടതുകാലിലെ വിരലുകളില്‍ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തുള്ള പൂപ്പാലം നിരത്തിലെ ഒഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നതെന്നും എയര്‍ഗണില്‍ നിന്നുള്ള വെടിയാകാമേറ്റതെന്നും പോലീസ് കണ്ടെത്തി. മാസിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈ ഭാഗത്തേക്ക് പോകുന്നത് ആളുകള്‍ കണ്ടിരുന്നു. ഇവിടെവച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. മുതമില്‍ ആണ് മാസിന് നേരെ തോക്കു ചൂണ്ടിയതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. മാസിനെ കൂടാതെ എട്ട് പേരാണ് ഇവിടെയെത്തിയത്. തോക്കു ചൂണ്ടുമ്പോള്‍ മറ്റുള്ളവര്‍ ഫോട്ടോ എടുക്കുകയായിരുന്നു. എന്നാല്‍ തോക്ക് ആരുടേതാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല.

കോഴിക്കോട് താമസിച്ചു പഠിക്കുന്ന മാസിന്‍ വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളുടെ മരണ വാര്‍ത്തയാണ് പിന്നീട് വീട്ടുകാര്‍ അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍