UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോട്ടോ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ എസ് ഹരിശങ്കര്‍ അന്തരിച്ചു

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹരിശങ്കര്‍.

മംഗളം മുന്‍ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റും നോവലിസ്റ്റുമായ എസ്. ഹരിശങ്കര്‍ (48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹരിശങ്കര്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിന് കോട്ടയം പ്രസ്‌ക്ലബില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പനച്ചിക്കാട്ടുള്ള ഋതു ഐക്കരതാഴത്ത് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം മൂന്ന് മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍.

പ്രശസ്ത ആര്‍ട്ടിസ്റ്റായിരുന്ന ശങ്കരന്‍കുട്ടിയുടെയും പത്മിനിയമ്മയുടെയും മകനാണ് ഹരിശങ്കര്‍. തിരുവനന്തപുരം പ്രസ്‌ക്ലബ് വൈസ്പ്രസിഡന്റായും കോട്ടയം പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗളം ആഴ്ചപ്പതിപ്പ്, മനോരമ ആഴ്ചപ്പതിപ്പ്, കന്യക, കേരള കൗമുദി, മലയാളം പത്രം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ഹരിശങ്കറിന്റെ നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ഹരിശങ്കര്‍ സ്വന്തമാക്കിയിട്ടുണ്ട്.

റൂബിയാണ് ഭാര്യ. ഏകമകള്‍ തമന്ന വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍ കാര്‍ട്ടൂണിസ്റ്റ് ഋഷിശങ്കര്‍, അമ്മു.

ഹരിശങ്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി, ‘ഹരിശങ്കറിന്റെ നിര്യാണത്തില്‍ ഊര്‍ജ്ജസ്വലനായ ഒരു ഫോട്ടോഗ്രാഫറേയും സര്‍ഗ്ഗധനനായ സാഹിത്യകാരനേയുമാണ് നഷ്ടമായത്. പല തലങ്ങളിലായി ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നോവലിസ്റ്റ്, പ്രസ് ഫോട്ടോഗ്രാഫര്‍, പുസ്തകങ്ങളുടെ കവര്‍ തയ്യാറാക്കുന്ന ആര്‍ടിസ്റ്റ് എന്നിങ്ങനെ വിവിധ തലങ്ങളിലായി അദ്ദേഹത്തിന്റെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു. ജനപ്രിയ സാഹിത്യരചനാ രീതികൊണ്ട് അനുഗ്രഹീതനായി തലസ്ഥാനത്തടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ഹരിശങ്കറിന്റെ നിരവധി ഫോട്ടോഗ്രാഫുകള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപ്പറ്റി. അകാലത്തിലുളള ഈ വേര്‍പാട് അദ്ദേഹം പ്രവര്‍ത്തിച്ച സ്ഥാപനത്തിനു മാത്രമല്ല, കേരളീയ പത്ര-സാഹിത്യ സമൂഹത്തിനാകെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുളളത്. സന്തപ്ത കുടുംബാംഗങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു.’

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍ ഹരിശങ്കറിനെ അനുസ്മരിച്ചു കൊണ്ട് എഴുതിയത്

എഴുത്തിന്റെയും കാഴ്ചയുടെയും അതിര്‍വരമ്പുകള്‍ എത്ര നേര്‍ത്തതാകുന്നോ, അത്രയും മിഴിവുള്ളതായിരിക്കും പത്രത്താളുകള്‍. അതിന് ഏറ്റവും അനുയോജ്യനായിരുന്നു ഹരിശങ്കര്‍. അക്ഷരത്തിന്റെ വടിവിനൊത്ത് ദൃശ്യത്തിന്റെ ചാരുത സമന്വയിപ്പിച്ച കലാകാരന്‍.

ആദ്യമായി കാണുമ്പോള്‍ ഹരിക്ക് എട്ടോ, ഒന്‍പതോ വയസു കാണും. കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ നിഴല്‍ പോലെ നടന്ന മകന്‍. അന്ന് ശങ്കരന്‍കുട്ടി ഈരയില്‍ക്കടവിലാണു താമസം. വൈകുന്നേരങ്ങളില്‍ കൊടൂരാറ്റിലെ കടവിലേക്ക് മകനുമൊത്ത് ശങ്കരന്‍കുട്ടി നടക്കും. ആ നടത്തത്തിനിടയിലാണ് മകനുള്ള ഉപദേശവും വിദ്യാഭ്യാസവും.

അന്നും ഹരിയെ ആരും ശ്രദ്ധിക്കും. നന്നേ മെല്ലിച്ച ശരീരം. ദേഹത്ത് ഷര്‍ട്ടു പോലുമില്ലാത്തതിനാല്‍ വാരിയെല്ലുകള്‍ തെളിഞ്ഞുകാണാം. പക്ഷേ കുസൃതി വഴിയുന്ന കണ്ണുകളും നനുത്ത മന്ദഹാസവും കൗതുകമായിരുന്നു. വളര്‍ന്നപ്പോഴും ഹരിക്ക് ആ രണ്ടു സമ്പാദ്യങ്ങളുമുണ്ടായിരുന്നു. സദാ പ്രസന്നവദനനായ, ശുദ്ധഹൃദയനായ ഹരിയെപ്പോലെ മറ്റൊരാള്‍ കോട്ടയത്തെ വഴികളിലൂടെ ഇനി കടന്നുവരുമോ?

മംഗളം ദിനപത്രത്തിന്റെ ആരംഭകാലം. ജോയി സാറിന്റെ സഹപ്രവര്‍ത്തകനും റോയ്‌സാറിന്റെ ഉറ്റമിത്രവുമായ ശങ്കരന്‍കുട്ടിയുടെ കുടുംബത്തിന് താങ്ങെന്ന നിലയിലാണ് ഹരിയെ മംഗളത്തിലേക്ക് കൊണ്ടുവന്നത്. കെഎസ്എസ് സ്‌കൂളില്‍ കലാ വിദ്യാര്‍ഥിയായിരുന്ന ഹരിക്കുവേണ്ടി ആര്‍ട്ടിസ്റ്റ് അശോകന്‍ നടത്തിയ ശിപാര്‍ശ പുറമേയും. ഹരിക്ക് നന്നായി വരയ്ക്കാനറിയാം. പക്ഷേ പത്രം ഓഫീസില്‍ വരയ്ക്ക് പരിമിതിയുള്ള കാലം.

അങ്ങനെ ഹരി പേസ്റ്റപ് ആര്‍ട്ടിസ്റ്റായി. എന്നാല്‍ മറ്റു പേസ്റ്റപ് ആര്‍ട്ടിസ്റ്റുമാരില്‍ നിന്ന് അല്പം ഉയര്‍ന്നുനിന്നു. വളരണമെന്ന ആഗ്രഹം മറച്ചുവച്ചില്ല ഹരി. ജയിംസ് പാറയ്ക്കല്‍, ബാലു, തമ്പാന്‍ വര്‍ഗീസ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഹരി നീങ്ങാന്‍ പിന്നെയും സമയമെടുത്തു. ആകസ്മികമായാണ് ഹരി ഫോട്ടോഗ്രാഫറെന്ന നിലയില്‍ വളര്‍ന്നത്. രാത്രിയില്‍ ഒരു ഗുഡ്‌സ് വണ്ടിക്കുണ്ടായ അപകടം പകര്‍ത്തിയ പേസ്റ്റപ് ആര്‍ട്ടിസ്റ്റിന് പിറ്റേന്ന് ഫോട്ടോഗ്രാഫറായി സ്ഥാനക്കയറ്റം.

ജോയി തിരുമൂലപുരമായിരുന്നു കാണപ്പെട്ട ദൈവം. ജോയി സാറിനും ഹരിയെ ജീവനായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ജീവന്‍ പറിച്ചുകൊടുക്കുന്ന സുഹൃത്ത്. വിക്ടര്‍ ജോര്‍ജായിരുന്നു വഴികാട്ടി. ഒരിക്കല്‍ ഹരിക്ക് ഒരാഗ്രഹം. ബാംഗ്ലൂരില്‍ നടക്കുന്ന സൗന്ദര്യമത്സരത്തിനു പോകണം. അന്ന് അത്ര ദൂരെ, അതും ഫാഷന്‍ ഷോയ്ക്ക് ഫോട്ടോഗ്രാഫറെ അയയ്ക്കാനുള്ള സ്ഥിതിയില്ല മംഗളത്തിന്. ഒരു ദിവസം വിക്ടര്‍ വിളിച്ചു. ഹരിയെ വിടണമെന്ന ശിപാര്‍ശ ഫലിച്ചു. അത് ഹരിയുടെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി.

മംഗളം ഡയറക്ടര്‍മാര്‍ക്ക് കുടുംബാംഗത്തെപ്പോലെയായിരുന്നു ഹരി. സാബുവും സാജനും കൊച്ചുമോനും ഏറെ സ്‌നേഹം ചൊരിഞ്ഞിട്ടുണ്ട്. ജോലി സംബന്ധമായ അസ്വാരസ്യങ്ങള്‍ വ്യക്തിബന്ധത്തെ ബാധിച്ചിട്ടില്ല.

സഹപ്രവര്‍ത്തകര്‍ ശക്തിയും സുഹൃത്തുക്കള്‍ ദൗര്‍ബല്യവുമായിരുന്നു ഹരിക്ക്. ഹരിയെക്കുറിച്ച് എത്രയെഴുതിയാലും തീരുമെന്നു തോന്നുന്നില്ല. അപ്പോള്‍ വി.എസ്. രാജേഷിന്റെയും ബാലുവിന്റെയും രശ്മിയുടെയും ജോവിയുടെയും ഗീതയുടെയും കാര്യം പറയേണ്ടതില്ല.

എന്റെ മകള്‍ സ്‌നേഹയുടെ അരങ്ങേറ്റത്തിന് ഹരി പകര്‍ത്തിയ ചിത്രങ്ങള്‍ സ്വീകരണ മുറിയിലുണ്ട്. കുടമാളൂരിലെ ഓഡിറ്റോറിയത്തില്‍ ഫ്‌ലാഷില്ലാതെ ഹരി എടുത്ത ചിത്രങ്ങള്‍. അതിന്റെ സൗന്ദര്യം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹരിയെപ്പോലെ മങ്ങലില്ലാതെ ചിരിക്കുന്നു.

കോട്ടയം അതിരുകളില്ലാത്ത സൗഹൃദങ്ങളുടെ നാടാണെന്നതു ശരി. എന്നാല്‍ കണ്ണുകളില്ലാത്ത ആ സൗഹൃദം ഹരിയെപ്പോലൊരു ദുര്‍ബല ശരീരനോടു നീതി ചെയ്തില്ല എന്ന പരിഭവം കൂടി എനിക്കുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍