UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗര്‍ഭിണികള്‍ തവിട് കളഞ്ഞ ധാന്യം കൂടുതല്‍ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഹൃദ്രോഗത്തിന് വരെ സാധ്യത

ഗര്‍ഭ കാലത്ത് തവിട് നീക്കിയ വെളുത്ത അരി കൂടുതല്‍ കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം ഇവയ്ക്ക് കാരണമാകും

ഗര്‍ഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഇത് അമ്മയ്ക്കും കുഞ്ഞിനും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഗര്‍ഭകാല പ്രമേഹം (Gestational diabetes ) ബാധിച്ചവര്‍ ശുദ്ധീകരിച്ച ധാന്യങ്ങള്‍ (Refined grains) കൂടിയ അളവില്‍ കഴിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഏഴു വയസ് ആകുമ്പോഴേക്കും പൊണ്ണത്തടി ക്കുള്ള സാധ്യത കൂടുതല്‍ എന്ന് പഠനം.

ഗര്‍ഭ കാലത്ത് തവിട് നീക്കിയ വെളുത്ത അരി കൂടുതല്‍ കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം ഇവയ്ക്ക് കാരണമാകും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഡെന്മാര്‍ക്കിലെ 91000ലധികം ഗര്‍ഭിണികളില്‍ നടത്തിയ പഠനമാണ് ഡാനിഷ് നാഷണല്‍ ബര്‍ത്ത് കോഹോര്‍ട്. ഇവയിലെ 918 ജോടി അമ്മയുടെയും കുഞ്ഞിന്റെയും വിവരങ്ങള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകര്‍ പഠനത്തിനായി താരതമ്യം ചെയ്തു.

ഗര്‍ഭകാല പ്രമേഹം ബാധിച്ച സ്ത്രീകളില്‍ ദിവസം 37 ഗ്രാമില്‍ കുറവ് ധാന്യങ്ങള്‍ കഴിച്ചവരെ അപേക്ഷിച്ച്, ദിവസം 156 ഗ്രാമിലധികം ശുദ്ധീകരിച്ച ധാന്യങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഏഴു വയസില്‍ പൊണ്ണത്തടിക്കുള്ള സാധ്യത ഇരട്ടി ആണെന്നു കണ്ടു. കുട്ടികളുടെ ശരീരഭാരം നിര്‍ണയിക്കുന്ന ഘടകങ്ങളായ പച്ചക്കറികള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം, ശാരീരിക പ്രവര്‍ത്തനം ഇവയെല്ലാം കണക്കിലെടുത്തിട്ടും അമ്മയുടെ ഗര്‍ഭകാല ധാന്യോപയോഗവും ഏഴു വയസാകുമ്പോഴേക്കും കുട്ടിക്കുണ്ടാകുന്ന പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നതായി കണ്ടു.

ഈ കുട്ടികളുടെ തുടര്‍ വളര്‍ച്ചയിലും കൗമാരത്തിലും മുതിര്‍ന്ന ആളാകുമ്പോഴും പൊണ്ണത്തടി സാധ്യത നിലനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍