UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പത്ത് മണിക്ക് ആരംഭിക്കും

ഈ മാസം 20-ാം തീയതിയാണ് വോട്ടെണ്ണല്‍ നടക്കുന്നത്

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് പത്ത് മണി മുതല്‍ ആരംഭിക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി നടക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിയോട് കൂടി അവസാനിക്കും. ഈ മാസം തന്നെ 20-ാം തീയതിയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിലും എംഎല്‍എമാര്‍ അതത് സംസ്ഥാന നിയമസഭകളിലുമാണ് വോട്ട് രേഖപ്പെടുത്തുക. പാര്‍ലമെന്റിന്റെ അറുപത്തിരണ്ടാം മുറിയിലാണ് വോട്ടെടുപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഉത്തര്‍പ്രദേശ് സ്വദേശിയും ബിഹാര്‍ ഗവര്‍ണറുമായിരുന്ന രാംനാഥ് കോവിന്ദാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ബിഹാര്‍ സ്വദേശിയും മുന്‍ ലോക്സഭാ സ്പീക്കറുമായ കോണ്‍ഗ്രസ് നേതാവ് മീരാകുമാറാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആകെ വോട്ട് മൂല്യം 10,98,903 ആണ്. എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് 63 ശതമാനം വോട്ട് കിട്ടുമെന്നാണ് ബി.=ജെപിയുടെ കണക്കുകൂട്ടല്‍.

എംപിമാര്‍ക്ക് അതത് സംസ്ഥാനത്തുള്ള കേന്ദ്രത്തിലും വോട്ട് ചെയ്യാം. ഇന്ന് ഡല്‍ഹിയിലുള്ള എംഎല്‍എമാര്‍ക്ക് ഇവിടുത്തെ കേന്ദ്രത്തില്‍ വോട്ടുചെയ്യാന്‍ സാധിക്കും. സംസ്ഥാനങ്ങള്‍ തിരിച്ച് ഒരുക്കിയിരിക്കുന്ന ആറ് ടേബിളുകളില്‍ അതത് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് വോട്ടുചെയ്യാം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചാണ് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. എംപിമാര്‍ക്ക് പച്ചനിറത്തിലും എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റ് പേപ്പറുകളുമാണ് നല്‍കുക. നിലവില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ മാസം 25-ാം തീയതി സ്ഥാനമൊഴിയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍