UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍: ദൃക്‌സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍

ദിലീപിന് ജാമ്യം നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിന്മേലുള്ള വാദം ഹൈക്കോടതിയില്‍ ആരംഭിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും നിഷേധിച്ച് സമര്‍പ്പിക്കപ്പെട്ട ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് ദിലീപിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. അതേസമയം പ്രോസിക്യൂഷന്‍ ഹര്‍ജിയെ ശക്തമായി തന്നെയാണ് എതിര്‍ക്കുന്നത്. പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ദിലീപിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. മുദ്രവച്ച കവറില്‍ ഈ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപിനെതിരെ പുറത്തുവരാത്ത തെളിവുകളാണ് ഇതിലുള്ളത്. തുറന്ന കോടതിയില്‍ ഈ തെളിവുകള്‍ പറയാനാകില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിന് ജാമ്യം നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഫോണ്‍ കണ്ടെത്തുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അധികം വൈകാതെ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം മൂലം വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദം കോടതി ഇന്നു കേള്‍ക്കും. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമ മേഖലയിലെ ചിലരും ചേര്‍ന്ന് തന്നെ ഗൂഢാലോചനയില്‍ കുരുക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ വാദം. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍