UPDATES

‘ആചാര സംരക്ഷണത്തിനൊപ്പമാണ് കോണ്‍ഗ്രസ്, വിശ്വാസികളെ വേദനിപ്പിക്കില്ല’; രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ട പ്രസംഗം

‘ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ല’ രാഹുല്‍ ഗാന്ധി

പത്തനംതിട്ട തിരഞ്ഞെടുപ്പ് റാലിയില്‍ ശബരിമല വിഷയങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആചാര സംരക്ഷണത്തിനൊപ്പമാണെന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ് കോണ്‍ഗ്രസെന്നുമാണ് രാഹുല്‍ പറഞ്ഞത്. ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും പറഞ്ഞു.

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും അഭിപ്രായപ്പെട്ട രാഹുല്‍ പത്തനംതിട്ട പ്രസംഗത്തിലെന്ന പോലെ ഇടതുപക്ഷത്തിനെയോ സിപിഎമ്മിനെയോ വിമര്‍ശിക്കുകയുണ്ടായില്ല. അതേസമയം ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിക്കുകയും ചെയ്തു.

ആര്‍എസ്എസിന്റെ വിദ്വേഷ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് നേരിടും. ന്യായ് പദ്ധതി നടപ്പാക്കാനുള്ള പണം മധ്യവര്‍ഗത്തില്‍ നിന്ന് പിടിച്ചുവാങ്ങുമെന്ന മോദിയുടെ ആരോപണം കളവാണെന്നും അനില്‍ അംബാനിയെപ്പോലുള്ള അതിസമ്പന്നരില്‍ നിന്നായിരിക്കും പണം ഈടാക്കുക.

ഇന്ത്യ ഒരുപാട് ആശയങ്ങളുടെ സമന്വയമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് കേരളത്തില്‍ മത്സരിക്കുന്നത്. കേരളത്തിന്റെ ശബ്ദമായി പാര്‍ലമെന്റില്‍ എത്താനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ പത്തനാംപുരത്തു നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യം ആര്‍എസ്എസില്‍ നിന്നും ഭീഷണി നേരിടുകയാണെന്നും രാഹുല്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. കോണ്‍ഗ്രസ്മുക്ത രാജ്യമെന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അവരെ എതിര്‍ക്കുന്നുണ്ടെങ്കിലും അവരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. അവര്‍ക്ക് എല്ലായ്‌പ്പോഴും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍