UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസില്‍ കുടുംബാധിപത്യവും ഫ്യൂഡലിസവും: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ പാര്‍ട്ടി വിട്ടു

വ്യാപകമായ അഭിപ്രായഭിന്നത മൂലം പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി പാര്‍ട്ടി വിടുന്നതിന് പിന്നാലെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും തെരഞ്ഞെടുപ്പ് മാനേജരുമായിരുന്ന ആശിഷ് കുല്‍ക്കര്‍ണിയും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ സെന്റര്‍ അംഗത്വവും ഇദ്ദേഹം രാജിവച്ചിരിക്കുകയാണ്. രാഹുലിന് അയച്ച് രാജിക്കത്തില്‍ രാജിയ്ക്ക് നാല് കാരണങ്ങളാണ് ഇദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഗുരുതരമായ പല രാഷ്ട്രീയ പരാജയങ്ങളിലേക്കും പാര്‍ട്ടിയെ തള്ളിവിടുന്ന വിധത്തിലും നിയമപരമായ പരാജയം ഏറ്റുവാങ്ങുന്ന വിധത്തിലും പാര്‍ട്ടികാര്യങ്ങളില്‍ ഭരണപരമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര, അസം, ഗോവ, ഉത്തരാഖണ്ഡ്, അരുണാചല്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തന പരാജയം അസംബ്ലി തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിന് കാരണമായി. ഗുജറാത്തിലും ഹിമാചലിലും ഇത് ആവര്‍ത്തിക്കപ്പെട്ടു. വ്യാപകമായ അഭിപ്രായഭിന്നത മൂലം പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അപകടകരമായ വിധത്തില്‍ സ്വത്വം നഷ്ടമായെന്നും ഇടത് സംഘടനകളായ തൃണമൂല്‍ കോണ്‍ഗ്രസിനെയും സിപിഐ, സിപിഎം എന്നിവയെയും പോലെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയായാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും ഏറെ നാളായി സജീവമായ സാന്നിധ്യമാണ് കുല്‍ക്കര്‍ണിയുടേത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളില്‍ നിര്‍ണായക പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആശിഷ് കുല്‍ക്കര്‍ണി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രിമാരായ വിലാസ്‌റാവു ദേശ്മുഖിന്റെയും അശോക് ചവാന്റെയും വിശ്വസ്തനുമായിരുന്നു. 2009ല്‍ കോണ്‍ഗ്രസ് കോഓര്‍ഡിനേഷന്‍ സെന്റര്‍ രൂപീകരിച്ചപ്പോള്‍ കേന്ദ്രനേതൃത്വം ഇദ്ദേഹത്തെ അതില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് വിവരങ്ങളുടെ വിശകലനം, തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, അസംബ്ലി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംയോജനം എന്നിവയുടെ ഉത്തരവാദിത്വവും ഇദ്ദേഹത്തിനായിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളിലെയും വിശകലന സര്‍വേകളില്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്ന മധുസൂദന്‍ മിസ്ത്രി, രണ്‍ദീപ് സുര്‍ജെവാല കമ്മിറ്റിയില്‍ ഇദ്ദേഹവും അംഗമായിരുന്നു.

മുഖ്യ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ലെന്നും കത്തില്‍ ആരോപണമുണ്ട്. ‘ഇന്ത്യയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളില്‍ നാം ഏറെ അകലെയാണ്’. കുല്‍ക്കര്‍ണിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികം, വിദേശനയം, വികസനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നില്ല. 2014ലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയും തയ്യാറായിട്ടില്ല.

കൂടാതെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത് കുടുംബാധിപത്യവും ഫ്യൂഡല്‍ മനോഭാവവുമാണെന്നും അതാണ് കോണ്‍ഗ്രസ് നേരിടുന്ന ദുരന്തത്തിന് കാരണമെന്നും കുല്‍ക്കര്‍ണി പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍