UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പീഡനത്തിനിരയായ ബാലികയെയും അമ്മയെയും അപമാനിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എരുമപ്പെട്ടി എഎസ്‌ഐ ടി ഡി ജോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

എരുമപ്പെട്ടി നെല്ലുവായിയില്‍ പീഡനത്തിനരയായ 12കാരിയെയും അമ്മയെയും അവഹേളിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എരുമപ്പെട്ടി എഎസ്‌ഐ ടി ഡി ജോസിനെയാണ് റൂറല്‍ എസ്പി എന്‍ വിജയകുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

പെണ്‍കുട്ടിയെയും അമ്മയെയും ഇയാള്‍ പ്രതികളുടെ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് അപമാനിക്കുകയായിരുന്നു. അയല്‍വാസിയായ മധ്യവയസ്‌കനും മകനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോലീസില്‍ പരാതിപ്പെട്ടതോടെ ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെയും അമ്മയെയും തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ മുതിരുകയും അവഹേളിക്കുകയുമായായിരുന്നു. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ ജോസ് സ്ഥലത്തെത്തിയെങ്കിലും ഇയാളും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അവരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ കുന്നംകുളം ഡിവൈഎസ്പി പി വിശ്വനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഎസ്‌ഐയ്‌ക്കെതിരെ നടപടി. എറണാകുളത്ത് ജോലി ചെയ്യുന്ന അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. അവധി ദിവസങ്ങളില്‍ നെല്ലുവായിയിലുള്ള പിതാവിന്റെ വീട്ടിലെത്തുമ്പോഴാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ ഒന്നാം പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ ആണ്. കേസിന്റെ ആവശ്യത്തിനായി സംഭവസമയം കുട്ടി ധരിച്ച വസ്ത്രങ്ങള്‍ എടുക്കാന്‍ ഞായറാഴ്ച നെല്ലുവായിയിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതികളുടെ ബന്ധുക്കളുടെ ആക്രമണമുണ്ടായത്. സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എഎസ്‌ഐയില്‍ നിന്നും സമാന അനുഭവം നേരിട്ടതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

കുന്നംകുളം സിഐ രാജേഷ് കെ മേനോന്റെ നിര്‍ദ്ദേശ പ്രകാരം എരുമപ്പെട്ടി എസ്‌ഐ വിമല്‍കുമാര്‍ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജോസിനെതിരെ നടപടിയെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍