UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സ്ത്രീ പ്രവേശം: കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ ഗുരുതര പിഴവുകള്‍; എഡിജിപി അനില്‍കാന്ത് അന്വേഷിക്കുന്നു

തിരിച്ചറിയല്‍ രേഖ സ്‌കാന്‍ ചെയ്യുന്നതിന് പകരം നമ്പര്‍ രേഖപ്പെടുത്തിയാല്‍ മാത്രം മതിയായിരുന്നു. ഇതാണ് സ്ത്രീകളുടെ എണ്ണവും പ്രായവും സംബന്ധിച്ച പിഴവുകള്‍ക്ക് കാരണമായത് എന്നാണ് നിഗമനം.

ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരം ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ തെറ്റുകളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഗുരുതരമായ
പിഴവുകള്‍ പട്ടികയില്‍ എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കാന്‍ എഡിജിപി അനില്‍കാന്തിനെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിലെ അന്‍പതു വയസ്സില്‍ താഴെയുള്ള അഞ്ചു സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ തമിഴ് നാട് സ്വദേശിനികളും രണ്ടു പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരുമാണ്.

എന്നാല്‍ തിരിച്ചറിയല്‍ രേഖയിലെ പിശക് മൂലമാണ് പ്രായം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ഉണ്ടായതെന്നും യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അന്‍പതു വയസ്സ് പിന്നിട്ടവരാണ് എന്നുമാണ് ലിസ്റ്റില്‍ പേരുള്ള മുപ്പതോളം സ്ത്രീകള്‍ പറയുന്നത്. ശബരിമല യില്‍ ഓണ്‍ലൈന്‍ ബുക്കി ങ്ങിനു ശ്രമിക്കുന്നവര്‍ സ്വയം പ്രായം രേഖപ്പെടുത്തേണ്ട സംവിധാനമാണ് വെബ്സൈറ്റില്‍ ഒരുക്കിയിരുന്നത്. തിരിച്ചറിയല്‍ രേഖ സ്‌കാന്‍ ചെയ്യുന്നതിന് പകരം നമ്പര്‍ രേഖപ്പെടുത്തിയാല്‍ മാത്രം മതിയായിരുന്നു. ഇതാണ് സ്ത്രീകളുടെ എണ്ണവും പ്രായവും സംബന്ധിച്ച പിഴവുകള്‍ക്ക് കാരണമായത് എന്നാണ് നിഗമനം.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പാസ്സുമായി ശബരിമലയില്‍ എത്തി ബാര്‍കോഡ് സ്‌കാന്‍ ചെയ്തവരില്‍ നിന്നുമാണ് ഇപ്പോഴത്തെ അന്‍പത്തൊന്ന് പേരുടെ ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തവര്‍ എല്ലാവരും ശബരിമല ദര്‍ശനം നടത്തിയോ എന്ന് ഉറപ്പിക്കാതിരുന്നതും തിരിച്ചറിയല്‍ രേഖകളുടെയും രജിസ്‌ട്രേഷനില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെയും ആധികാരികത പരിശോധിക്കാതെ ഇത്തരം ഒരു ലിസ്റ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അലംഭാവമായാണ് കണക്കാക്കപ്പെടുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്‍പതു സ്ത്രീകളുടെ വിലാസം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പിഴവുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ലിസ്റ്റ് കൈമാറിയതെന്നാണ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍