UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാമുകനെ കെട്ടി വീട്ടില്‍ കൊണ്ടുപോകുമെന്ന് കാമുകി; പറ്റില്ലെന്ന് യുവാവിന്റെ വീട്ടുകാര്‍; പൊല്ലാപ്പിലായി പോലീസ്

ഷാര്‍ജയില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയും തമ്മില്‍ ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെടുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.

സോഷ്യല്‍ മീഡിയ പ്രണയത്തില്‍ പൊല്ലാപ്പിലായി പോലീസ്. സംഭവം ഇങ്ങനെ, ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് വീടുവിട്ടെത്തിയ യുവതിയെ കാമുകന്റെ വീട്ടുകാര്‍ കയറ്റിയില്ല. തര്‍ക്കം പോലീസ് സ്റ്റേഷനിലെത്തിയിട്ടും രമ്യതയിലായില്ല. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് ഒത്തുതീര്‍പ്പില്‍ കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു. അതിനായി ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ വീണ്ടും തര്‍ക്കം മൂത്തതോടെ വിവാഹം മുടങ്ങി.

തര്‍ക്കം വാക്കേറ്റവും കയ്യാങ്കളിയിലുമെത്തിയതോടെ പോലീസ് വീണ്ടും കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. ഇതിനിടിയില്‍ യുവതിയുടെ ബന്ധുക്കള്‍ കേസ് നല്‍കുകയും ചെയ്തു. വിഷയം കോടതിയില്‍ എത്തുകയും ഒടുവില്‍ ഇരുവരെയും ഒരുമിച്ചുപോകാന്‍ അനുവദിക്കുകയും ചെയ്തതോടെ രണ്ടുദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായി.

ഷാര്‍ജയില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന കോട്ടയം അയ്മനം സ്വദേശിയായ യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയും തമ്മില്‍ ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെടുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കുന്നതിന് യുവാവ് നാട്ടിലെത്തി.

ചൊവ്വാഴ്ച നേരില്‍ കാണുന്നതിനായി കാമുകനെ യുവതി കൊട്ടാരക്കരയിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ഇയാള്‍ക്കൊപ്പം കോട്ടയത്തേക്ക് പോരുകയും ചെയ്തു. യുവതിയെ കാമുകന്റെ വീട്ടുകാര്‍ കയറ്റാന്‍ വിസമ്മതിച്ചതോടെ ബഹളമായി. വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു.

വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ ബന്ധുക്കളുടെ സമ്മതത്തിനായി കാത്ത് നിന്ന കാമുകന്‍ ഒടുവില്‍ വഴങ്ങി. തുടര്‍ന്ന് യുവതിയെ പോലീസ് വനിതാ സെല്ലില്‍ പാര്‍പ്പിച്ചു. പോലീസ് ഇടപെടലില്‍ ബുധനാഴ്ച കോട്ടയം ടൗണിലെ ക്ഷേത്രത്തില്‍ വിവാഹത്തിനായി കമിതാക്കളും അവരുടെ ഇരുവീട്ടുകാരുമെത്തുകയും ചെയ്തു.

എന്നാല്‍ വിവാഹശേഷം യുവാവ് തന്റെ വീട്ടിലേക്ക് വരണമെന്ന ആവശ്യം യുവതി ഉന്നയിച്ചു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ഇതിന് എതിരായത്തോടെ വീണ്ടും തര്‍ക്കമായി. വാക്കേറ്റവും കയ്യാങ്കളിയിലുമായ തര്‍ക്കത്തിനിടയില്‍ ക്ഷേത്രനട അടച്ചതോടെ വിവാഹം മുടങ്ങി. പ്രശ്‌നം രൂക്ഷമായതോടെ കമിതാക്കളെ പോലീസ് വീണ്ടും സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോയി.

പിന്നാലെ യുവതിയുടെ അച്ഛന്‍ മകളെ കാണാനില്ലെന്ന് കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കമിതാക്കളെ ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചു. പിന്നീട് ഇരുവരും യുവതിയുടെ വീട്ടുകാര്‍ക്കൊപ്പം കൊട്ടാരക്കരയിലെ വീട്ടിലേക്ക് പോയതോടെ പോലീസനും ആശ്വാസമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍