UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി നിലവറ തുറക്കുന്നതിനുള്ള പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വിഎസ്

ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല-വിഎസ്

ബി നിലവറ തുറക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വിഎസ് അച്യുതാനന്ദന്‍. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്നും ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്നത്തോട് പ്രതികരിക്കുന്നതെന്നും വിഎസ് പറഞ്ഞു. മുമ്പ് ഇതേ ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തമാണെന്നും വിഎസ് ആരോപിക്കുന്നു.

‘സ്വാതന്ത്ര്യത്തിനു ശേഷം രാജാവില്ല. അതുകൊണ്ട് രാജാവെന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാന്‍ രാജ കുടുംബത്തിനോ, രാജകുടുംബമെന്ന് അവകാശപ്പെടുന്ന ആര്‍ക്കും യാതൊരവകാശവുമില്ല. 2007-ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയും 2011-ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ശരിവെക്കുന്ന തരത്തില്‍ രാജകുടുംബങ്ങള്‍ ഉള്‍പ്പെടാത്ത അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണസംവിധാനം.

അതിനാല്‍ സുപ്രീംകോടതിയുടെ നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടതാണ്. മുമ്പ് ബി നിലവറ തുറന്നതായി വിനോദ് റായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും, ബഹുമാനപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസ്സം നില്‍ക്കുന്നത് സംശയകരമാണ്. ജനഹിതവും ക്ഷേത്ര സ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും അതുമായി സഹകരിക്കുകയാണ് വേണ്ടത്’ എന്നും വിഎസ് പ്രസ്താവിച്ചു.

ബി നിലവറ തുറക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കണെമന്നും ദേവസ്വം മന്ത്രി കടകംപ്പള്ളി രാമചന്ദ്രനും അഭിപ്രായപ്പെട്ടു. ബി നിലവറ പലതവണ തുറന്നതാണെന്ന വിനോദ് റായുടെ റിപ്പോര്‍ട്ടിനെ ആരും എതിര്‍ത്തിട്ടില്ല. രാജകുടുംബത്തിന്റെ എതിര്‍പ്പിന്റെ കാരണം അറിയില്ല. അവരുടെ ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍