UPDATES

രക്തപരിശോധനയ്ക്ക് എന്തുകൊണ്ട് വിസമ്മതിച്ചു? ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞ ന്യായങ്ങള്‍ പുറത്ത്

ശ്രീറാമിന്റെ രക്തം പരിശോധിച്ചതില്‍ ആല്‍ക്കഹോളിന്റെ അംശം ഇല്ലായെന്നാണ് സൂചന.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ശ്രീറാം രക്തപരിശോധനയ്ക്ക് വഴങ്ങാതിരുന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വെള്ളിയാഴ്ച അര്‍ധരാത്രി 12.55ന് ഉണ്ടായ അപകടത്തിനു ശേഷം ശ്രീറാമിനെ പോലീസ് നേരെ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ രക്തപരിശോധന നിര്‍ദേശിച്ചെങ്കിലും ശ്രീറാം വഴങ്ങിയില്ല. പ്രതി എന്ന് സംശയിക്കുന്നവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യ മനസിലായാല്‍ രക്തപരിശോധന നടത്തണം. ഇനി അയാള്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നിര്‍ബന്ധമായി രക്തമെടുക്കാന്‍ നിയമമുണ്ട്. എന്നാല്‍ ഇവിടെ പ്രതി സ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥാനായതുകൊണ്ട് പോലീസ് അതിന് മടിച്ചു.

തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലുള്ള ഡോക്ടര്‍മാരോട് ശാരീരികാസ്വാസ്ഥ്യം ഉണ്ടെന്നു പറഞ്ഞ ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് നിര്‍ദേശിച്ചത്. എന്നാല്‍ ശ്രീറാമിന്റെ താല്‍പര്യപ്രകാരം പോലീസ് അനുമതിയോടെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. പുലര്‍ച്ചെ നാലരയോടെ കിംസ് ആശുപത്രിയിലെ ശ്രീറാം അഡ്മിറ്റാവുകയും അവിടുത്തെ സൂപ്പര്‍ ഡീലക്‌സ് മുറി എടുക്കുകയും ചെയ്തു. നെഞ്ചുവേദന, നട്ടെല്ലുവേദന, ഛര്‍ദി എന്നിവയുണ്ടെന്നാണ് ഡോക്ടര്‍മാരെ ശ്രീറാം അറിയിച്ചത്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് പതിവായി ചെയ്യുന്ന രക്തപരിശോധനയ്ക്ക് കിംസ് ആശുപത്രി ജീവനക്കാര്‍ ഒരുങ്ങിയപ്പോള്‍ ശ്രീറാം അനുവദിച്ചില്ല. കടുത്ത ക്ഷീണമുണ്ടെന്നും പ്രഭാത ഭക്ഷണത്തിന് ശേഷം രക്തം ശേഖരിച്ചാല്‍ മതിയെന്നുമായിരുന്നു ശ്രീറാം അവരോട് പ്രതികരിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷവും ശ്രീറാം രക്തപരിശോധനയ്ക്കു തയാറായില്ല. തുടര്‍ന്ന് പോലീസിന്റെ വീഴ്ചയാണെന്നും ശ്രീറാം രക്തം നല്‍കാത്തത് മദ്യത്തിന്റെ അളവ് ഇല്ലെന്ന് തെളിക്കാനുമാണെന്നുമുള്ള വിവാദമുയര്‍ന്നു. ഇതോടെ ശനിയാഴ്ച പത്തു മണിയോടെ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരെയും കൊണ്ട് പോലീസ് ഇവിടെയെത്തി രക്തം ശേഖരിച്ചു.

രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതായെന്ന് ഉറപ്പാക്കാനാണു പരിശോധന നീട്ടിക്കൊണ്ടു പോയതെന്ന് ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളും എത്തിയിട്ടുണ്ട്. ശ്രീറാമിന്റെ രക്തം പരിശോധിച്ചതില്‍ ആല്‍ക്കഹോളിന്റെ അംശം ഇല്ലായെന്നാണ് സൂചന. പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി ഇന്നാണ് എത്തുക.

അതേസമയം കിംസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ മെഡിക്കല്‍ കോളേജ് സെല്‍വാര്‍ഡിലേക്ക് ശ്രീറാമിനെ മാറ്റിയത് ഒട്ടേറെ നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ്. ഇതും ശ്രീറാമിനെ സഹായിക്കാനാണ് എന്നാണ് ആരോപണങ്ങള്‍. കിംസ് ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ നേരെ കൊണ്ടുപോയത് വഞ്ചിയൂരിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കായിരുന്നു. സ്വകാര്യ ആശുപത്രി ചികിത്സ ആവശ്യമില്ലെന്നും ജയില്‍ സൂപ്രണ്ടിനു മുന്നില്‍ ഹാജരാക്കാനും മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ തന്നെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.

ജയില്‍ ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍ സൂപ്രണ്ടിന്റെ പരിശോധനയ്ക്കായി ജയില്‍ കവാടത്തിനു മുന്നില്‍ 2 മണിക്കൂറോളം ശ്രീറാം ആംബുലന്‍സില്‍ കിടന്നു. ഇടതു കയ്യില്‍ ഗുരുതര പരുക്ക് ഉണ്ടെന്നും ചികിത്സ വേണമെന്നും ശ്രീറാം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം സൂപ്രണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. നടപടിക്രമത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗ പരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ പോലീസ് സെല്‍ വാര്‍ഡിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടര്‍മാര്‍ ഇന്ന് എത്തിയ ശേഷം ശ്രീറാമിന്റെ തുടര്‍ പരിശോധന നടത്തും.

Read: ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടുമോ? രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍