UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് ഒരു കൊല്ലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

അപകട സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു.

മാധ്യമപ്രവര്‍ത്തകര്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒ ആണ് ശ്രീറാമിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആര്‍ടിഒ നല്‍കിയിട്ടുണ്ട്. അപകട സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു.

തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയത്തിന്റെ പേരില്‍ വഫയുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ലൈസന്‍സ് റദ്ദാക്കാത്തതുള്‍പ്പടെയുള്ള മറ്റ് നടപടി ശ്രീറാമിനെതിരെ എടുക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് ഗതാഗത മന്ത്രി, വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ടും തേടിയിരുന്നു.

കേസില്‍ ശ്രീറാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ ഇരുന്നതിനെപ്പറ്റി മോട്ടോര്‍വാഹനവകുപ്പ് നല്‍കുന്ന വിശദീകരണം, വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലന്നുമാണ്. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്.

കേസില്‍ പ്രതിയായ ശ്രീറാമിന്റെ രക്തം പരിശോധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന പോലീസ് നിലപാട് തള്ളി ഡോക്ടര്‍മാരുടെ സംഘടനായായ കെജിഎംഒഎ എത്തിയിട്ടുണ്ട്. രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന വാദം തെറ്റാണെന്ന് സംഘടന ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും സംഘടന പരാതി നല്‍കുമെന്നും എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനാപകടത്തിന് ശേഷം ശ്രീറാമിന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായെന്ന ആരോപണത്തെ പ്രതിരോധിച്ച് ഡോക്ടര്‍മാരെയും പരാതിക്കാരനെയും കുറ്റപ്പെടുത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ കെജിഎംഒഎ ഇടപെടുന്നത്. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരനായ സിറാജ് പത്രത്തിന്റെ മാനേജര്‍ മൊഴി നല്‍കാന്‍ വൈകിയെന്നും രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ തയ്യാറായില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

Read: രാത്രി വീടുകളിൽ കയറി അതിക്രമം, പീഡനം; സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ച ഷെഹ്ലാ റാഷിദിനെതിരെ കേസ്, സ്വതന്ത്ര അന്വേഷണത്തിന് വെല്ലുവിളിച്ച് ആക്ടിവിസ്റ്റ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍