UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനിതയുടെ മരണം: നീറ്റിനെതിരായ പ്രതിഷേധങ്ങള്‍ വിലക്കി സുപ്രിംകോടതി

പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ജനജീവിതം തടസ്സപ്പെടുത്തുന്നവര്‍ക്കുമെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം

നീറ്റ് പരീക്ഷ മൂലം മെഡിക്കല്‍ അഡ്മിഷന്‍ ലഭിക്കാതിരുന്ന അനിതയുടെ മരണത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സുപ്രിംകോടതി വിലക്കി. ജിഎസ് മണി എന്നയാളുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. എതെങ്കിലും വിധത്തിലുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ജനജീവിതം തടസ്സപ്പെടുത്തുന്നവര്‍ക്കുമെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

ഈമാസം ഒന്നിന് അരിയല്ലൂര്‍ ജില്ലയിലെ തന്റെ ഗ്രാമത്തില്‍ വച്ചാണ് അനിത തൂങ്ങിമരിച്ചത്. പഠിക്കാന്‍ ഏറെ മിടുക്കിയും ഒരു കൂലിപ്പണിക്കാരന്റെ മകളുമായ അനിതയുടെ ഏറ്റവും വലിയ ആഗ്രഹമായ എംബിബിഎസ് സാധ്യമാകാതെ വന്നതോടെയായിരുന്നു ഇത്. നീറ്റ് പരീക്ഷ അനുസരിച്ച് ഇംഗ്ലീഷില്‍ മാത്രമേ പരീക്ഷയെഴുതാന്‍ സാധിക്കൂ എന്നതാണ് അനിതയ്ക്ക് തിരിച്ചടിയായത്. പ്ലസ്ടുവിന്റെ മാര്‍ക്ക് മെഡിക്കല്‍ അഡ്മിഷന് പരിഗണിച്ചിരുന്നെങ്കില്‍ അനിതയ്ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തന്നെ അഡ്മിഷന്‍ കിട്ടുമായിരുന്നു. നീറ്റില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ഹര്‍ജിയുമായി അനിത സുപ്രിംകോടതിയെ സമീപിച്ചെങ്കിലും തഴയപ്പെട്ടതോടെ ഏറെ നിരാശയിലായിരുന്നു. ഒരു സംസ്ഥാനത്തെ മാത്രം ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് സ്വീകരിച്ചത്.

അനിതയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മുതല്‍ തമിഴ്‌നാട്ടിലെവിടെയും കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനുമെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഗ്രാമീണ വിദ്യാര്‍ത്ഥികളെ നീറ്റ് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഏതാനും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍, വിസികെ സ്ഥാപകന്‍ തോല്‍ തിരുമണവാളന്‍, നടന്മാരായ കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവരും അനിതയുടെ മരണത്തില്‍ അനുശോചിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍