UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വാമിക്കനുകൂലമായി പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഈ ഘട്ടത്തില്‍ പരിഗണിക്കുന്നില്ലെന്നും കോടതി

യുവതിയെ പീഡിപ്പിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗാംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വാമിക്ക് വിദഗ്ദ്ധ ചികിത്സനല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണ്.

സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിച്ചു. വിദഗ്ദ്ധ ചികിത്സ ആവശ്യമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മജിസ്റ്റ്‌റേറ്റിനു മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാല്‍ സ്വാമിക്കനുകൂലമായി പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഈ ഘട്ടത്തില്‍ പരിഗണിക്കുന്നില്ലെന്നും കോടതി അറിയിച്ചു.

തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്ന സ്വാമിയുടെ ജനനേന്ദ്രിയം നിവൃത്തിയില്ലാതെ താന്‍ മുറിച്ചെടുക്കുകയായിരുന്നുവെന്ന് ആദ്യം പോലീസിന് മൊഴിനല്‍കിയ പെണ്‍കുട്ടി ഒരാഴ്ച മുമ്പാണ് സ്വാമിക്ക് അനുകൂലമായി മൊഴി നല്‍കിയത്. സ്വാമി തന്നെ ഉപദ്രവിച്ചില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. സ്വാമിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മൊഴി പോലീസ് എഴുതി ഉണ്ടാക്കിയതാണെന്നും പെണ്‍കുട്ടി പറഞ്ഞു. പോലീസിന്റെ ഭീഷണി മൂലമാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയത്.

എന്നാല്‍ പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്ന് പോലീസ് വാദിച്ചു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെയും പ്രോസിക്യൂഷന്‍ എതിര്‍ത്തു. നേരത്തെ യുവതിക്കെതിരെ അവരുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിയായ യുവതിയുടെ പ്രണയ ബന്ധത്തെ സ്വാമി എതിര്‍ത്തതാണ് അക്രമത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗംഗേശാനന്ദയുടെ അമ്മ പരാതി നല്‍കിയത്.

കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി മൊഴി നല്‍കി. കാമുകനായ അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയതായും പെണ്‍കുട്ടി സിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍