UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്ത് ഇനി ഒറ്റ ചരക്കുസേവന നികുതി; ജിഎസ്ടി അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു

ജിഎസ്ടി പ്രത്യേക യോഗത്തില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു

ഇന്നലെ അര്‍ധരാത്രി മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി പ്രഖ്യാപനം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നിച്ചാണ് നടത്തിയത്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലായിരുന്നു അര്‍ധരാത്രിയില്‍ ചേര്‍ന്ന പ്രത്യേക യോഗം നടന്നത്. പതിനൊന്നു മണിക്ക് ആരംഭിച്ച യോഗത്തില്‍ പന്ത്രണ്ട് മണിയോടെ തീരുമാനം പ്രഖ്യാപിച്ചത്. 5%, 12%, 18%, 28% എന്നിങ്ങനെ നാലുനിരക്കുകളിലാണ് ജിഎസ്ടി. സ്വര്‍ണത്തിനും അസംസ്‌കൃത വജ്രത്തിനും പ്രത്യേക നിരക്കാണ്: സ്വര്‍ണം3%, വജ്രം0.25%. എക്‌സൈസ് തീരുവ, വാറ്റ്, സേവന നികുതി എന്നിവ ഇനിയില്ല.

പതിനാലുവര്‍ഷത്തെ രാജ്യത്തിന്റെ പരിശ്രമത്തിന്റെ പരിസമാപ്തിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രണാബ് മുഖര്‍ജി പുതിയ നികുതി പരിഷ്‌കരണ വേളയില്‍ പറഞ്ഞത്. വ്യക്തിപരമായും സംതൃപ്തി നല്‍കുന്ന നിമിഷമാണിത്. സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. അവരെല്ലാം ജിഎസ്ടിയുമായി മുന്നോട്ടു പോകാനുള്ള നീക്കമാണ് നടത്തിയത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട 18 യോഗങ്ങള്‍ മറക്കാന്‍ സാധിക്കില്ല. വലിയ പ്രവര്‍ത്തനമാണ് ജിഎസ്ടി കൗണ്‍സില്‍ നടത്തിയത്. തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടാലും അവ ക്രമേണ പരിഹരിക്കാന്‍ സാധിക്കുമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നത് ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ലെന്നാണ് മോദി പാര്‍ലമെന്‌റില്‍ പ്രസംഗിച്ചത്. ജിഎസ്ടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ്. മുന്‍ സര്‍ക്കാരുകള്‍ക്കും ജിഎസ്ടി നടപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിച്ചു. ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണ്. രാജ്യനിര്‍മാണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണിത്. കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ജിഎസ്ടി. ഫെഡറലിസത്തെ ശക്തിപ്പെടുത്താന്‍ സാധിക്കും. പദ്ധതി നടപ്പാക്കുന്നതിലൂടെ നേട്ടം സാധാരണക്കാര്‍ക്കാണ്. കള്ളപ്പണത്തെ ഇല്ലാതാക്കും. നികുതി ഭീകരത, ഉദ്യോഗസ്ഥ രാജ് എന്നിവ ജിഎസ്ടി വന്നതോടെ ഇല്ലാതായി. ജിഎസ്ടി എല്ലാ ആശയക്കുഴപ്പവും നീക്കി, രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന് അഭിമാന നേട്ടമെന്നാണ് യോഗത്തെ അഭിസംബോധന ചെയ്ത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സംസാരിച്ചത്. സങ്കുചിത രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന് ഉയരാന്‍ സാധിച്ചു. എണ്ണമറ്റ അവസരങ്ങളിലേക്കാണ് രാജ്യം ഉയരുന്നത്. ഇത് ചരിത്ര നിമിഷമാണെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടിക്കായി പ്രണാബ് മുഖര്‍ജി നടത്തിയ ശ്രമങ്ങളെ പ്രശംസിച്ച ജയ്റ്റ്‌ലി കേരള മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ സംഭാവനകളെയും പരാമര്‍ശിച്ചു.

ജിഎസ്ടി പ്രത്യേക യോഗത്തില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ഡിഎംകെ എന്നിവര്‍ സമ്മേളനം ബഹിഷ്‌കരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ.കുര്യന്‍ സമ്മേളനത്തിനെത്തി. കൂടാതെ പ്രതിപക്ഷനിരയില്‍ നിന്നും ജെഡിയു, എസ്പി, എന്‍സിപി എന്നീ പാര്‍ട്ടികളും പങ്കെടുത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍