UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ ദളിത് ആക്ടിവിസ്റ്റിനെ തലയ്ക്കടിച്ചു കൊന്നു; ജാതി വിവേചനമാണ് കാരണമെന്ന് ആരോപണം

കതിരേശന്‍ എന്ന ദളിത് യുവാവിനെയാണ് കള്ളര്‍ സമുദായത്തില്‍ പെട്ട ജാതി ഹിന്ദുക്കള്‍ മൃഗീയമായി കൊലപ്പെടുത്തിയത്

ജാതി വിവേചനത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ത്രിച്ചി ജില്ലയില്‍ ഒരു ദളിത് അവകാശ പ്രവര്‍ത്തകനെ തലയ്ക്കടിച്ചു കൊന്നതായി ആരോപണം. ത്രിച്ചി ജില്ലയിലെ തിരുപാഞ്ചിലി ഗ്രാമത്തില്‍ നിന്നുള്ള കതിരേശന്‍ (21) എന്ന ദളിത് യുവാവിനെയാണ് ഒബിസി വിഭാഗമായ കള്ളര്‍ സമുദായത്തില്‍ പെട്ട ജാതി ഹിന്ദുക്കള്‍ മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജൂലൈ ഏഴിനാണ് കൊലപാതകം നടന്നത്. എന്നാല്‍ തങ്ങളുടെ കൃഷിയിടത്തിലെ ജല ടാപ്പുകള്‍ നശിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികളുടെ വാദം.

കള്ളര്‍ സമുദായത്തില്‍പ്പെട്ട തങ്കരശ് ജൂലൈ ഏഴിന് തന്റെ കൃഷിയിടത്തിലെ ടാപ്പുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് കതിരേശനാണ് ടാപ്പുകള്‍ നശിപ്പിച്ചതിന് പിന്നിലെന്ന് ആരോപിച്ച് ഇവര്‍ കതിരേശന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ഭാര്യ നന്ദിനി പറയുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കതിരേശനെ തങ്കരശും രണ്ട് പുത്രന്മാരും മറ്റൊരു സംഘവും ചേര്‍ന്ന് കൈകള്‍ കൂട്ടിക്കെട്ടി സമീപത്തുള്ള ഒരു കടയില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കതിരേശനെ തങ്ങള്‍ മണച്ചനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുമെന്ന് പ്രതികള്‍ നന്ദിനിയെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ നന്ദിനിക്ക് കതിരേശനേയോ തങ്കരശിനെയും സംഘത്തെയോ കാണാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് അവര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂലൈ എട്ടിന് കൈകള്‍ പിന്നില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയില്‍ തങ്കരശിന്റെ കൃഷിയിടത്തില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ ശത്രുതയുടെ പേരില്‍ കതിരേശന്‍ കൊല്ലപ്പെട്ടു എന്ന നിലയില്‍ പോലീസ് കേസ് അവസാനിപ്പിക്കാനിരിക്കെയാണ് ജാതി വിവേചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്.  നന്ദിനി ഒബിസി വിഭാഗത്തില്‍ പെട്ട കള്ളര്‍ സമുദാംഗമാണ്.

കതിരേശനും നന്ദിനിയും തമ്മിലുള്ള വിവാഹം അഞ്ച് മാസം മുമ്പ് നടന്നിരുന്നു. തുടര്‍ന്ന് അവര്‍ കതിരേശന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹത്തില്‍ തങ്കരശനും മറ്റ് ജാതി ഹിന്ദുക്കള്‍ക്കും വിദ്വേഷമുണ്ടായിരുന്നു. ‘ഞങ്ങളുടെ സമുദായത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന് കരുതി നീ ഞങ്ങള്‍ക്ക് തുല്യനാകും എന്ന് കരുതുന്നുണ്ടോ,’ എന്ന് ഇവര്‍ കതിരേശനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്കരശനും മക്കളായ ഭാസ്‌കര്‍, സുരേഷ് എന്നിവര്‍ക്കുമെതിരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍