UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കോഴ വിവാദം: വി വി രാജേഷ് ഉള്‍പ്പെടെ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകും

കോര്‍ കമ്മിറ്റി യോഗത്തില്‍ എം ടി രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് ഇവരുടേത്

മെഡിക്കല്‍ കോളേജ് കോഴയെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ഉള്‍പ്പെടെയുള്ള മൂന്ന് മുതിര്‍ന്ന നേതാക്കളാണ് അച്ചടക്കനടപടിക്ക് വിധേയരാകുക. അന്വേഷണക്കമ്മിഷന്‍ അധ്യക്ഷന്‍ കെ പി ശ്രീശന്‍, അംഗമായ എ കെ നസീര്‍ എന്നിവരാണ് മറ്റുള്ളവര്‍.

അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടത് ഇവരുടെ വീഴ്ചയാണെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. കോര്‍ കമ്മിറ്റി യോഗത്തില്‍ എം ടി രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് ഇവരുടേത്. എ കെ നസീറിന്റെ ഇ-മെയില്‍ പകര്‍പ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കെ പി ശ്രീശനും അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനായില്ലെന്നാണ് പരാതി. നസീറിന്റെ മെയില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് വി വി രാജേഷ് ആണെന്നും കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഈ മൂന്ന് പേര്‍ക്കുമെതിരെ എംടി രമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ ഇവരെ സംരക്ഷിക്കാന്‍ ആരുമുണ്ടായില്ല. കൂടാതെ റിപ്പോര്‍ട്ടില്‍ രമേശിന്റെ പേര് അനാവശ്യമായി ശ്രീശന്‍ എഴുതിച്ചേര്‍ത്തതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ മറുപടി പറയാന്‍ യോഗത്തില്‍ വച്ച് ദേശീയ സഹസംഘടനാ സെക്രട്ടറി പി എല്‍ സന്തോഷ് ശ്രീശനെ അനുവദിച്ചില്ല.

ദേശീയ എക്‌സിക്യൂട്ടീവിനായി വ്യാജരസീത് ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണം വിമത വിഭാഗത്തിന്റെ ഗൂഢാലോചനയാണെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ കരിവാരി തേയ്ക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ യോഗത്തില്‍ മൗനം പാലിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ചോര്‍ത്തിയതില്‍ കടുത്ത നടപടികള്‍ ഒഴിവാക്കാനും നീക്കം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍