കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലെ ചികിത്സ തുടരണമെന്നാണ് മെഡിക്കല്‍ സംഘം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം.
എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്റെ ആരോഗ്യ നില ശസ്ത്രക്രിയയ്ക്ക് ശേഷവും അതീവ ഗുരുതരം. തലച്ചോറില്‍ രക്തം കട്ടപിടിച്ച് പ്രവര്‍ത്തനം നിലച്ചു തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം കുഞ്ഞിനെ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലെ ചികിത്സ തുടരണമെന്നാണ് മെഡിക്കല്‍ സംഘം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം.
കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരത്തെ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു.
ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ് കുട്ടിയുള്ളത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞിന്റെ അച്ഛന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പോലീസ് ബംഗാള്‍ പോലീസിനുമായി ബന്ധപ്പെട്ടിട്ടുണ്ട്.