UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് തടവുകാരായ ഷൈനയേയും അനൂപിനേയും കാണാനെത്തിയ 2 പേരെ അറസ്റ്റ് ചെയ്തു

തടവുകാര്‍ക്ക് നല്‍കിയ വസ്ത്രത്തിനിടയില്‍ നിന്നും ഒരു പെന്‍ഡ്രൈവ് കണ്ടെത്തിയത്തിനെ തുടര്‍ന്നാണ് അറസ്റ്റ്‌ചെയ്തിരിക്കുന്നത്

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് തടവുകാരായ ഷൈനയേയും അനൂപ് മാത്യുവിനേയും കാണാനെത്തിയ 2 പേരെ അറസ്റ്റ് ചെയ്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി വീട്ടില്‍ സി.പി.റഷീദിനേയും, തിരുവനന്തപുരത്ത് താമസിക്കുന്ന ഹരിഹര ശര്‍മ്മയേയുമാണ് അറസ്റ്റ് ചെയ്തത്. തടവുകാര്‍ക്ക് നല്‍കിയ വസ്ത്രത്തിനിടയില്‍ നിന്നും ഒരു പെന്‍ഡ്രൈവ് കണ്ടെത്തിയത്തിനെ തുടര്‍ന്നാണ് അറസ്റ്റ്‌ചെയ്തിരിക്കുന്നത്. തടവില്‍ കഴിയുന്ന ഷൈനയുടെയും രൂപേഷിന്റെയും മകള്‍ ആമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാനൊരുങ്ങുകയാണ് ഇവരുടെ സുഹൃത്തുകള്‍.

ആമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് തടവുകാരായ സ.ഷൈനയേയും സ.അനൂപിനേയും കാണാനെത്തിയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി. പി റഷീദിനേയും Rasheed Cp Cherucopalli ഹരിഹര ശര്‍മ്മയേയും Hari ഇന്നലെ സന്ദര്‍ശക മുറിയില്‍ വസ്ത്രങ്ങള്‍ക്കൊപ്പം പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്‌തെന്ന് അറിയാന്‍ കഴിഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ.ഷൈനയേയും സ.അനൂപിനേയും സ്ഥിരമായി കാണാന്‍ പോകുന്ന ആളാണു ഞാന്‍. വസ്ത്രങ്ങളും അവര്‍ക്ക് വേണ്ടിവരുന്ന ആവിശ്യ വസ്തുക്കളും കൊടുക്കാറുണ്ട്. തിങ്കള്‍ ബുധന്‍, വെള്ളി റിമാന്റ് പ്രതികളെ കോയമ്പത്തൂര്‍ ജയിലില്‍ കാണാന്‍ കഴിയുന്ന ദിവസങ്ങള്‍. ബാഗ്, മൊബൈല്‍, വാച്ച്, ചില്ലറകള്‍, കാശ് (വ്യക്തിക്ക് 50 രൂപ വീതം വേണമെങ്കില്‍ കയറ്റാം – അകത്ത് ക്യാന്റീന്‍ ഉണ്ട്), ബെല്‍റ്റ് എന്നിവ കോമ്പൗണ്ടിനു അകത്ത് കയറ്റാന്‍ പാടില്ല. ജയില്‍ കോമ്പൗണ്ടിനു അകത്തേക്ക് കയറുമ്പോള്‍ തന്നെ ഗെയിറ്റിനു സമീപമാണു കാണുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയും വിവരങ്ങളും വിരലടയാളവും കാണേണ്ട വ്യക്തിയുടെ വിവരങ്ങളും രേഖപ്പെടുത്തി ഇന്റര്‍വ്വ്യൂ അപേക്ഷ നല്‍കേണ്ട സ്ഥലം. തൊട്ടടുത്ത് തന്നെ ജയിലില്‍ കഴിയുന്ന ആളുകള്‍ക്ക് വേണ്ട ആവിശ്യ സാധനങ്ങള്‍ നല്‍കുന്ന സ്ഥലം. അവിടെ വസ്ത്രങ്ങള്‍ (റിമാന്റ് പ്രതികള്‍ക്ക് മാത്രം നിറമുള്ളത്), പഴവര്‍ഗ്ഗങ്ങള്‍ (ആപ്പിള്‍, ഓറഞ്ച്, മാതളം, പഴം, മൂസ്സംമ്പി ഇവ മാത്രം), എരിവുള്ള പലഹാരങ്ങള്‍, ബ്രഷ്, പേസ്റ്റ്, സോപ്പ്, ബിസ്‌ക്കറ്റ്, റസ്‌ക്, ഈന്തപ്പഴം, ചില സീസണുകളില്‍ അച്ചാറുകള്‍ എന്നിവ നല്‍കാന്‍ കഴിയും. ആദ്യം അവിടെയുള്ള രജിസ്റ്ററില്‍ അപേക്ഷകരുടെ വിവരങ്ങള്‍ പോലീസുകാരന്‍ പകര്‍ത്തിയെഴുതും. പിന്നീട് 3 പോലീസുകാര്‍ക്കാണു നമ്മള്‍ സാധങ്ങള്‍ നല്‍കുക. അവര്‍ അതു സൂഷ്മമായി പരിശോധിക്കുകയും ഒരു നമ്പര്‍ അടയാളപ്പെടുത്തിയ കവറിലേക്ക് സാധങ്ങള്‍ ഇടും. അകത്തേക്ക് കടത്തിവിടാന്‍ കഴിയാത്തവയും മുറിവുകളും പാടുകളും ഉള്ളവയും അസാധരണമായി തോന്നുന്നവയും തിരിച്ചു തരും. സാധങ്ങള്‍ എന്തൊക്കെയാണെന്നും ആര്‍ക്കാണെന്നും ആ കവറിന്റെ നമ്പറും ഒക്കെ അപേക്ഷയില്‍ നോക്കി സ്ലിപ്പില്‍ എഴുതി ഒറിജിനല്‍ ആ കവറിലെക്കും കോപ്പി നമ്മുക്കും നല്‍കും. ഇങ്ങനെയുള്ള കവറുകള്‍ പോലീസുകാര്‍ ജയില്‍ കെട്ടിടത്തിനുള്ളിലെ സ്‌കാനിംഗ് സെന്‍സര്‍ മുറിയിലേക്ക് കൊണ്ടുപോകും. അവിടെ ഒരോ വസ്തുക്കളും സ്‌കാനിങ്ങിനു വിധേയമാക്കിയതിനു ശേഷമാണു സാധനങ്ങള്‍ തടവുകാര്‍ക്ക് നല്‍കുകയുള്ളു. പുസ്തകങ്ങള്‍ സാധനങ്ങള്‍ നല്‍കുന്നയിടത്ത് നല്‍കാന്‍ കഴിയില്ല. ഇതു നമ്മള്‍ കയ്യില്‍ കൊണ്ടുപോയി ഇതേ സ്‌കാനിംഗ്, സെന്‍സര്‍ മുറിയില്‍ കൊടുക്കണം. അവരാണു സെന്‍സര്‍ ചെയ്തതിനു ശേഷം ഇത് തടവുകാര്‍ക്ക് നല്‍കൂ.

ഗെയിറ്റിനു സമീപം സാധനങ്ങള്‍ കൊടുത്തു കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ അതും കൊണ്ട് ആദ്യത്തെ സുരക്ഷാ പരിശോധനക്ക് വിധേയമാകണം. സ്ത്രീകള്‍ക്കും പുരുഷനും രണ്ടു മുറികളാണു. ഷഡ്ഢിയും ബ്രായും വരെ പരിശോധിക്കുന്നവരുണ്ട്. പിന്നീട് 200 മീറ്ററിനു മുകളില്‍ നടന്നാലെ ജയില്‍ കെട്ടിടത്തിനു പുറത്ത് എത്തിച്ചേരാന്‍ കഴിയൂ. അവിടെ ഒരു മരത്തിന്റെ സമീപം ബാത്ത്‌റൂമും സുരക്ഷാ പരിശോധന മുറികളും ഉണ്ട്. അവിടെയാണു അപേക്ഷകള്‍ വാങ്ങാന്‍ പോലീസുകാരന്‍ വരുക. അതിന്റെ സമീപത്തെ മരച്ചോട്ടിലെ കാണാന്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ പറ്റൂ. മഴ പെയ്താല്‍ നനയുകയേ നിവര്‍ത്തിയുള്ളൂ. അപേക്ഷകള്‍ സ്വീകരിക്കുന്ന പൊലീസുകാരന്‍ പ്രതികളുണ്ടോയെന്ന് ഉറപ്പ് വരുത്തി ജയിലറുടെ ഒപ്പ് വാങ്ങി പ്രതികള്‍ വരുമ്പോള്‍ നമ്മളെ വിളിക്കും. അവിടെ രണ്ടാമത്തെ സുരക്ഷാ പരിശോധന കഴിഞ്ഞേ പുറത്ത് കടക്കാന്‍ പറ്റൂ. മുന്‍പേ പറഞ്ഞ പോലെയുള്ള സുരക്ഷാ പരിശോധനയാണു ഇവിടേയും. അതിനു ശേഷം മെറ്റല്‍ ഡിക്ടറ്ററിലൂടെ കടത്തി വിട്ടതിനു ശേഷം പുസ്തകം ഉണ്ടെങ്കില്‍ സെന്‍സര്‍ റൂമില്‍ കൊടുത്തതിനു ശേഷം പ്രതികളെ കാണാനുള്ള മുറിയില്‍ പോകാം. നമ്മള്‍ കാണുന്നത് മാവോയിസ്റ്റ് തടവുകാരെ ആയതിനാല്‍ ജയിലിനകത്തെ ജയിലറുടെ മുറിയിലാണു കാണാന്‍ പോകേണ്ടത്. അവിടേക്ക് പോകുമ്പോള്‍ വീണ്ടും പേരും അഡ്രസ്സും എഴുതി വാങ്ങും. മെറ്റല്‍ ഡിക്ടറ്ററിലൂടെ കടത്തി വിടും. സി. സി. ടി. വി. യും റെക്കോര്‍ഡറും പോലീസുകാരുമൊക്കെയുള്ള ജയിലറുടെ മുറിയില്‍ അതീവ സുരക്ഷയോടെയാണു അവരെ കാണാന്‍ കഴിയുക.  ഇത്രയും സുരക്ഷയെ ഭേദിച്ച് എങ്ങനെയാണു ഒരാള്‍ക്ക് ഒരു പെന്‍ഡ്രൈവ് കൊണ്ട് പോവാന്‍ സാധിക്കുക? പോലീസ് ഇതുവരെ വിശ്വാസ യോഗ്യമായ ഒരു മറുപടിയും വിവരങ്ങളും തന്നിട്ടില്ല.

മാവോയിസ്റ്റ് തടവുകാരുടെ കേസില്‍ ഇടപ്പെട്ടത്തിന്റെ പേരില്‍ സി. പി. റഷീദിനും ഹരി ഹര ശര്‍മ്മക്കും എതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കേസാണിത്. മുന്‍പ് മാവോയിസ്റ്റ് തടവുകാരുടെ കേസില്‍ ഇടപ്പെട്ടിരുന്ന മുരുകന്‍ എന്ന അഭിഭാഷകനെ കള്ളക്കേസ് ചുമത്തി ജയിലിലാക്കി. ഇത് കൃത്യമായ ഭരണകൂട അജണ്ടയാണെന്ന് തിരിച്ചറിയുക. പ്രതികരിക്കുക… പ്രതിഷേധിക്കുക…’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍