UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിവൈഎസ്പി ഹരികുമാര്‍ സഞ്ചരിക്കുന്ന കാറിന്റെ വിവരങ്ങള്‍ തമിഴ്‌നാട് പോലീസിന് കൈമാറി ക്രൈംബ്രാഞ്ച്

ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ, മാര്‍ത്താണ്ഡം, തൃപ്പരപ്പില്‍ അക്ഷയ ടൂറിസ്റ്റ് ഹോം നടത്തുന്ന നെടുമങ്ങാട് സ്വദേശി സതീഷ് കുമാര്‍ എന്നിവരെയാണ് ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്‌

നെയ്യാറ്റിന്‍കര കൊടങ്ങാവിള സ്വദേശി സനല്‍ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ബി. ഹരികുമറിനെയും സുഹൃത്ത് ബിനുവും തമിഴ്‌നാട്ടില്‍ തന്നെ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അടിക്കടി താവളം മാറ്റുന്ന ഇവര്‍ മിക്കസമയങ്ങളിലും യാത്രയിലാണെന്നാണ് വിവരം. ഒളിയിടങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ തമിഴ്‌നാട് പോലീസിനോട് ക്രൈംബ്രാഞ്ചി് സഹായം ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിക്കുന്ന കാറിന്റെ നമ്പറും വിവരങ്ങളും തമിഴ്‌നാട് പോലീസിന് കൈമാറിയിട്ടുണ്ട്.

ഹരികുമാറിനെയും സുഹൃത്ത് കെ.ബിനുവിനെയും രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ, മാര്‍ത്താണ്ഡം, തൃപ്പരപ്പില്‍ അക്ഷയ ടൂറിസ്റ്റ് ഹോം നടത്തുന്ന നെടുമങ്ങാട് സ്വദേശി സതീഷ് കുമാര്‍ എന്നിവരെയാണ് ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബിനുവിന്റെ വീട്ടില്‍ നിന്ന് ഹരികുമാര്‍ ഇറങ്ങുമ്പോഴാണ് കാര്‍ പാര്‍ക്കിങ് സംബന്ധിച്ചു സനലുമായി തര്‍ക്കമുണ്ടായത്. വഴക്കില്‍ ഹരികുമാര്‍, സനലിനെ കാറിന് മുന്നിലേക്കു തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ഹരികുമാര്‍, ബിനുവിനെയും കൂട്ടി സ്വന്തം കാറില്‍ കടന്നു. ബിനുവിന്റെ നിര്‍ദേശപ്രകാരം മകന്‍ അനൂപ് ബന്ധുവിന്റെ കാറുമായി വെള്ളറടയില്‍ എത്തുകയും അവിടെ നിന്ന് ഈ കാറില്‍ യാത്ര തുടരുകയുമായിരുന്നു.

ഹരികുമാറിന്റെ കാര്‍ കല്ലമ്പലം തോട്ടയ്ക്കാട്ടുള്ള സ്വന്തം വീട്ടില്‍ എത്തിക്കാതെ കല്ലറ മിതൃമ്മലയിലെ കുടുംബവീട്ടില്‍ കൊണ്ടു പോയിടാനും അനൂപിനോടു നിര്‍ദേശിച്ചു. പിന്നീട് ഈ കാര്‍ കുടുംബവീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. പിറ്റേന്ന് രാവിലെ ഏഴിന് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമില്‍ എത്തിയ ഹരികുമാറിനും ബിനുവിനും ഉടമ സതീഷ് രക്ഷപ്പെടാന്‍ സഹായം ഒരുക്കി. സ്വന്തം പോരിലുള്ള രണ്ട് സിമ്മും കാര്‍ ഓടിക്കാന്‍ തന്റെ സഹായിയെയും സതീഷ് നല്‍കി.

ഒന്‍പത് മണിയോടെയാണ് പ്രതികള്‍ അവിടെ നിന്ന് പുറപ്പെട്ടത്. സതീഷ് എടുത്തു കൊടുത്ത സിം കാര്‍ഡുകള്‍ ഇവര്‍ ഉപേക്ഷിച്ചു പുതിയ സിം കാര്‍ഡ് എടുത്തിട്ടുണ്ടെന്നാണ് സംശയം. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിനാണ് ഇപ്പോള്‍ അന്വേഷണ മേല്‍നോട്ടച്ചുമതല. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സനലിന്റെ ഭാര്യ വിജി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍