UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രമന്ത്രിയാകുമെന്ന് പ്രചാരണം; താന്‍ അറിഞ്ഞില്ലെന്ന് ജോസ് കെ മാണി; പുനഃസംഘടന നാളെ

പത്തുലോക്‌സഭ സീറ്റുകള്‍ എന്ന ലക്ഷ്യം നിറവേറ്റാന്‍ ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിച്ച് നിര്‍ത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഞായാറാഴ്ച ഉണ്ടാകുമെന്ന് രാഷ്ട്രപതി അറിയിച്ചതിന് പിന്നാലെ കേരളത്തില്‍ നിന്നും ഒരാള്‍ മന്ത്രിസഭയിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗം എംപിയായ ജോസ് കെ മാണിയ്ക്കാണ് സാധ്യതകള്‍ ഏറെയുള്ളതെന്ന തരത്തിലാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതിനെ നിഷേധിച്ച് കൊണ്ട് ജോസ് കെ മാണ് രംഗത്തെത്തിയിട്ടുണ്ട്. ‘ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല’ എന്നാണ് ജോസ് കെ മാണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ജോസ് കെ മാണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്- ‘ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.’ എന്നാണ്.

ജൂണില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ അമിത് ഷാ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് മധ്യകേരളത്തില്‍ നിന്നും ഒരാളെ മന്ത്രിസഭയിലെത്തിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നത്. പത്തുലോക്സഭ സീറ്റുകള്‍ എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറ്റാന്‍ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളോട് ബിജെപി മുന്‍വിധിയോടെ പെരുമാറുന്നുവെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനും ഇത് സഹായിക്കുമെന്ന് പാര്‍ട്ടി കരുതുന്നുണ്ട്. യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാലത്ത് ആരംഭിച്ച രാഷ്ട്രീയ ചര്‍ച്ചകളാണ് ഒരാഴ്ചയായി സജീവമായിരിക്കുന്നത്.

എന്‍ഡിഎയിലേക്ക് കൊണ്ടുവരേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇതില്‍ ബിഡിജെഎസിലെ ചില നേതാക്കളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും രണ്ട് പേരെയാണ് കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്. എന്നാല്‍ ബിഡിജെഎസിന് എംപിമാര്‍ ആരും ഇല്ലാത്തതിനാല്‍ ഉന്നത പദവി ആയിരിക്കും ലഭിക്കുക.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് അമിത് ഷാ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്. പിന്നീട് പലതവണ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളുമായും ബിജെപി ചര്‍ച്ച നടത്തിയെങ്കിലും അവയിലൊന്നും തീരുമാനമുണ്ടായില്ല. ചര്‍ച്ചകള്‍ക്ക് അമിത് ഷാ മുന്‍കൈയെടുത്തതോടെയാണ് വഴിത്തിരിവുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍