UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തദ്ദേശഭരണ സ്ഥാപനങ്ങള്‍, കര്‍ഷകസംഘങ്ങള്‍ ബില്ലുകളും പ്രളയത്തിന് അനുവദിച്ച തുകകളും മാറാന്‍ കഴിയുന്നില്ല; സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണമോ?

ജനുവരി 12 മുതല്‍ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി.

സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവയുടെ ബില്ലുകളും പ്രളയത്തിന് അനുവദിച്ച തുക പോലും മാറാന്‍ കഴിയുന്നില്ലെന്നുമുള്ള പരാതികള്‍ വ്യാപകമാണ്. എന്നാല്‍ ശമ്പള ദിവസങ്ങളിലെ സാധാരണ നിയന്ത്രണം മാത്രമാണിതെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നാണ് സൂചന.

2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ വലിയ തുക മാറാന്‍ വരുന്നതിനാലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. നിരോധനമില്ലെന്ന് വിശദീകരിച്ച ധനവകുപ്പ് എല്ലാ മാസവും ഒമ്പത് വരെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ടെന്ന് വ്യക്തമാക്കി.

കഴിഞ്ഞ മാസം 20 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസം കണ്ടിജന്‍സി ബില്ലുകള്‍ പൂര്‍ണ്ണമായും തടയാനാണ് നിര്‍ദ്ദേശം. അതിനാല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവയുടെ ബില്ലുകളൊന്നും 25-ാം തീയ്യതി മുതല്‍ മാറുന്നില്ല.

ജനുവരി 12 മുതല്‍ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി. ശമ്പളം തീയതി കഴിഞ്ഞതിന് ശേഷം മാത്രമേ ബില്ലുകള്‍ മാറാവുവെന്നാണ് ട്രഷറികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ട്രഷറി നിയന്ത്രണം വന്നതോടെ പദ്ധതി നിര്‍വ്വഹണത്തില്‍ പല പഞ്ചായത്തുകള്‍ക്ക് 100 ശതമാനം നേട്ടം കൈവരിക്കാന്‍ കഴിയില്ല. നിയന്ത്രണം മൂലം കര്‍ഷകരും ബുദ്ധിമുട്ടിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍