UPDATES

എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

രോഗബാധിതനായി ഈ മാസം 11 മുതല്‍ ചികിത്സയിലായിരുന്നു ഉഴവൂര്‍ വിജയന്‍

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. രോഗബാധിതനായി ഈ മാസം 11 മുതല്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ വിജയന്‍. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കെഎസ്‌യുവിലൂടെ പൊതുരംഗത്തെത്തുകയും കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുകയും ചെയ്ത ഉഴവൂര്‍ വിജയന്‍ പിന്നീട് എന്‍സിപിയിലെത്തുകയും കുറഞ്ഞ കാലം കൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ നേതൃപദവിയിലെത്തുകയും ചെയ്തു.

പ്രഗത്ഭനായ പ്രാസംഗികന്‍ എന്നതായിരുന്നു ഉഴവുര്‍ വിജയനെ ശ്രദ്ധേയനാക്കിയത്. നര്‍മത്തില്‍ ചാലിച്ച അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എല്ലായ്‌പ്പോഴും ജനങ്ങളെ ആകര്‍ഷിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ സജീവമാണെങ്കിലും തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ മാത്രമേ മത്സരിച്ചിട്ടുള്ളൂ. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്കെതിരെ 2001-ല്‍ പാലായില്‍ നിന്ന് മത്സരിച്ചെങ്കിലും അന്ന് പരാജയപ്പെട്ടു.

കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ്-എസില്‍ എത്തുന്നത്. കോണ്‍ഗ്രസ് -എസ് ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എന്‍.സി.പിയുടെ തൊഴിലാളി വിഭാഗമായ ഐഎന്‍എല്‍സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ഉഴവുര്‍ വിജന്‍. കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും ഏക മകനാണ്. കുറിച്ചിത്താനം കെ.ആര്‍ നാരായണന്‍ ഗവ. എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണി ഭാര്യയും വന്ദന, വര്‍ഷ എന്നിവര്‍ മക്കളുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍