UPDATES

ട്രെന്‍ഡിങ്ങ്

തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സൗമ്യമുഖം; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു മരിച്ച കെ.എം ബഷീര്‍

നിയമസഭാ റിപ്പോര്‍ട്ടിംഗിലെ കേരളത്തിലെ അതികായരായ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞുവരുമായ 51 മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയ ‘പ്രസ്ഗ്യാലറി കണ്ട സഭ’യില്‍ ഏറ്റവും പ്രായം കുറഞ്ഞ റിപ്പോര്‍ട്ടറുടെ നിയമസഭാ അവലോകനം ബഷീറിന്റേതായിരുന്നു.

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മരണമടഞ്ഞ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. മുഹമ്മദ് ബഷീര്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരിലെ സൗമ്യനായ വ്യക്തിയായിരുന്നു.

കാരന്തൂര്‍ മര്‍കസിലെ വിദ്യാഭ്യാസത്തിന് ശേഷം 24-ാം വയസിലാണ് ബഷീര്‍, സിറാജ് ദിനപത്രത്തിലെത്തുന്നത്. 2004ല്‍ തിരൂരില്‍ പ്രാദേശിക റിപ്പോര്‍ട്ടറായിട്ടാണ് സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറിയ ബഷീര്‍ പീന്നീട് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്തു. തിരുവനന്തപുരം യൂണിറ്റ് മേധാവിയായി പ്രവര്‍ത്തിച്ചു വരവെയാണ് ദാരുണ മരണം. കഴിഞ്ഞ 13 വര്‍ഷമായി തലസ്ഥാനത്തെ മാധ്യമ മേഖലയിലെ സജീവ സാന്നിധ്യമാണ് ബഷീര്‍.

ബഷീറിന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രജോദ് കടയ്ക്കല്‍ ഓര്‍ക്കുന്നത് ഇങ്ങനെ, “എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് എത്തുന്ന ബഷീറിന്റെ കൂടെയുള്ള പത്രപ്രവര്‍ത്തന കാലഘട്ടം വളരെ മനോഹരമായ സമയമായിരുന്നു. എങ്ങനെയാണ് ശത്രുക്കളില്ലാതെയും ടെന്‍ഷന്‍ അടിക്കാതെയും പത്രപ്രവര്‍ത്തനം നടത്താമെന്ന് കാണിച്ചുതന്ന ഒരു സുഹൃത്തായിരുന്നു.”

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭരണസമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ബഷീര്‍. മീഡിയ അക്കാദമി ഉള്‍പ്പടെയുള്ളവയുടെ മാധ്യമപുരസ്‌കാരം നേടിയിട്ടുണ്ട്. 51 മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ നിയമസഭാ അവലോകനങ്ങള്‍ ‘പ്രസ്ഗ്യാലറി കണ്ട സഭ’ എന്ന പേരില്‍ കേരള മീഡിയ അക്കാദമി പുസ്തകമാക്കിയപ്പോള്‍ 2017 ഓഗസ്റ്റ് ഒന്‍പതിന് സിറാജില്‍ ‘ജി എസ് ടി അഥവാ അര്‍ധ രാത്രിയിലെ കവര്‍ച്ച’ എന്ന തലക്കെട്ടില്‍ ബഷീര്‍ എഴുതിയ നിയമസഭാ അവലോകനവും ഉള്‍പ്പെടുത്തിയിരുന്നു.

Read More: സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്ക് ഒറ്റ രാത്രികൊണ്ട് ഓടിച്ചു കയറിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്

1980-ല്‍ തിരൂര്‍ വാണിയന്നൂരിലാണ് ജനനം. സൂഫീചര്യകള്‍ പിന്തുടരുകയും മര്‍കസിന്റെ നേതൃത്വം വഹിച്ചിരുന്ന വ്യക്തിയുമായ വകടര മുഹമ്മദ് ഹാജി തങ്ങളുടെ മകനാണ് മുഹമ്മദ് ബഷീര്‍. തിത്താച്ചുമ്മയാണ് മാതാവ്. അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മീയ ഗുരുകൂടിയാണ് മുഹമ്മദ് ബഷീറിന്റെ പിതാവ് വകടര മുഹമ്മദ് ഹാജി തങ്ങള്‍. ജസീലയാണ് ഭാര്യ. മക്കള്‍: ജന്ന, അസ്മി.

Read: ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; അപകട സമയത്ത് മദ്യപിച്ചിരുന്നുവെന്നും ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍