UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച 6 വയസുകാരന്‍ മരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതിനാല്‍ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പുണ്ട്.

വെസ്റ്റ് നൈല്‍ വൈറസ് പകര്‍ച്ചവ്യാധി ബാധിച്ച 6 വയസുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മലപ്പുറം സ്വദേശിയായ 6 വയസുകാരന്‍ മരണമടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജില്ലാ വെറ്റിനറി യൂണിറ്റ് എന്നിവരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് നൈലിന്റെ ലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും അതിനായി പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊതുക് വഴിയാണ് വെസ്റ്റ് നൈല്‍ പകരുന്നത്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതിനാല്‍ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍