UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം; സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് ചെന്നിത്തല; ഇന്ന് സംസ്ഥാന ഹര്‍ത്താല്‍

കാസര്‍ക്കോട് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പെരിയ കല്ലോട്ടെ കൃപേഷ് (19), ജോഷിയെന്ന ശരത്ത് ലാല്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് എഴരയോടെയായിരുന്നും സംഭവം. മൂന്നംഗ സംഘം കൃപേഷിനെയും സുഹൃത്ത് ജോഷിയെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജോഷിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മംഗലപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. കൃപേഷിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പെരിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. തുടര്‍ന്ന് ജീപ്പിലെത്തിയ സംഘം ഇരുവരെയും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവരെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

ഭരണത്തിന്റെ മറവില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു. ആസൂത്രിതമായ നീക്കമാണ് കൊലപാതക്കത്തിന് പിന്നില്‍. ഒരു കേസില്‍ പോലും പ്രതിയല്ലാത്ത യുവാക്കളാണ് കൊല്ലപ്പെട്ടത്. സംഘടനാ പ്രവര്‍ത്തനം അനുവദിക്കാത്ത തരത്തിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഎം പ്രതിനിധികള്‍ പ്രതികരിച്ചത്. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് നേതൃത്വം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍