UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാത്രകാരനെ തട്ടികൊണ്ടുപോയി കമ്പനിയോട് പണം ആവശ്യപ്പെട്ട ഒല ടാക്‌സി ഡ്രൈവറെ പിടികൂടി

യാത്രക്കാരനായ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പതിനാല് ദിവസം തടവില്‍ പാര്‍പ്പിച്ച് കാര്‍ കമ്പനിയില്‍ നിന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമിക്കുകായിരുന്നു ഡ്രൈവര്‍

ഡല്‍ഹിയില്‍ നിന്നും കയറിയ യാത്രക്കാരനായ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പതിനാല് ദിവസം തടവില്‍ പാര്‍പ്പിച്ച് കാര്‍ കമ്പനിയില്‍ നിന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമിച്ച ഒല കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെക്കന്‍ ഡല്‍ഹിയില്‍ നിന്നും ജൂലൈ ആറിനാണ് ഡോക്ടറെ തട്ടിക്കൊണ്ടുപോയി 84 കിലോമീറ്റര്‍ അകലെയുള്ള മീററ്റില്‍ തടവില്‍ പാര്‍പ്പിച്ചത്. ബുധനാഴ്ച വെടിവെപ്പിലൂടെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ കീഴടക്കിയാണ് ഡോക്ടറെ മോചിപ്പിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി, ഉത്തര്‍പ്രദേശ് പോലീസ് സംഘങ്ങള്‍ ചേര്‍ന്ന് ഹരിദ്വാറില്‍ നിന്നും മീററ്റില്‍ നിന്നുമായി സംഘത്തിലെ നാലു പേരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന പോലീസ് മീററ്റിലെ ഒരു ഗ്രാമത്തില്‍ വച്ച് ഇവരെ തിരിച്ചറിയുകയും നേരിടുകയുമായിരുന്നു. വെടിവെപ്പില്‍ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു.

കിഴക്കന്‍ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന തെലുങ്കാന സ്വദേശിയായ ഡോക്ടര്‍ ശ്രീകാന്ത് ഗൗഡ ജൂലൈ ആറിന് വൈകുന്നേരം തെക്കന്‍ ഡല്‍ഹിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനാണ് ഒല ടാക്‌സി വിളിച്ചത്. എന്നാല്‍ വീട്ടിലേക്ക് വണ്ടിയോടിക്കുന്നതിന് പകരം ഡ്രൈവര്‍ നോയ്ഡയിലെ ദാദ്രിയില്‍ വണ്ടിയെത്തിക്കുകയും അവിടെ നിന്നും ബാക്കിയുള്ളവര്‍ കാറില്‍ കയറുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ ഫോണില്‍ നിന്നും ഒല ഓഫീസിലേക്ക് വിളിക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് മോചനദ്രവ്യം ആവശ്യപ്പെട്ട് ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കും പ്രതികള്‍ വിളിച്ചു. തെളിവിനായി ഡോക്ടറുടെ വീഡിയോ ചിത്രീകരിക്കുകയും അത് ഡോക്ടറുടെ കുടുംബത്തിനും സ്വകാര്യ ടാക്‌സി കമ്പനിക്കും അയച്ചുകൊടുക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘം സ്വന്തം ഫോണുകള്‍ ഉപയോഗിക്കുന്നതിന് പകരം ഡോക്ടറുടെ ഫോണില്‍ നിന്നാണ് ബന്ധപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ പോലീസ് ഡോക്ടറുടെ ഫോണ്‍ പിന്തുടരുകയും മീററ്റില്‍ വച്ചും പിന്നീട് ഹരിദ്വാറില്‍ വച്ചും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. എന്നാല്‍ തലനാരിഴയ്ക്കാണ് രണ്ടിടത്ത് വെച്ചും പ്രതികള്‍ രക്ഷപ്പെട്ടത്. ഡോക്ടറെ മീററ്റില്‍ പണി നടക്കുന്ന ഒരു കെട്ടിടത്തില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് കെട്ടിടം വളയുകയും ചെറിയ ഏറ്റുമുട്ടലിന് ശേഷം അദ്ദേഹത്തെ രക്ഷിക്കുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍