UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറ്റം; ജയസൂര്യ കുറ്റക്കാരനെന്ന് കണ്ടെത്തല്‍

ഒന്നര വര്‍ഷം മുമ്പ് ഗിരീഷ്‌ ബാബു എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി

കൊച്ചി ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി വീട് നിര്‍മിച്ചു എന്ന കേസില്‍ ചലച്ചിത്ര താരം ജയസൂര്യ കുറ്റക്കാരനെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ഒന്നാം പ്രതിയും ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയും ജയസൂര്യ മൂന്നാം പ്രതിയുമായ കേസിന്റെ കുറ്റപത്രം വിജിലന്‍സിന്റെ ലീഗല്‍ സെല്ലിന്റെ പരിഗണനയിലാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ച് എറണാകുളം സ്വദേശി ഗിരീഷ് ബാബു ഒന്നര വര്‍ഷം മുമ്പാണ് പരാതി നല്‍കിയത്. നിര്‍മാണം തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നിരിക്കെ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും കാണിച്ച് ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയായതായി അന്വേഷണ സംഘം കോടതിയെ അറിയിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു മാസത്തെ സമയം അനുവദിക്കുകയു ചെയ്തു. തുടര്‍ന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു.

തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് അനുസരിച്ചാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ പരിസ്ഥിതിലോല പ്രദേശമായ സി.ആര്‍.സെഡ്-1 വിഭാഗത്തില്‍ പെടുന്ന സ്ഥലത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തയിട്ടുള്ളത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. തീരദേശത്തിന്റെ തനത് സ്വഭാവം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രദേശമാണിത്. ഉപ്പ് ഖനനവും സ്വാഭാവിക വാതകഉത്പാദനവുമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ലംഘിച്ചു എന്നു മാത്രമല്ല, മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ് ചട്ടവും ലംഘിച്ചാണ് ജയസൂര്യ വീടു നിര്‍മിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

ഈ ഭാഗത്ത് സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മിക്കുമ്പോഴും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മിക്കാന്‍ അതോറിറ്റിയുടെ അനുമതി വേണമെന്നുമുള്ള വ്യവസ്ഥ നടപ്പായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കണക്കിലെടുക്കാതെ കൊച്ചി നഗരസഭ അനുമതി നല്‍കുകയായിരുന്നു. ഇതുകൊണ്ടാണ് സെക്രട്ടറിയെ കേസില്‍ പ്രതി ചേര്‍ത്തത്. പുറമ്പോക്കിലെ കയ്യേറ്റം കണ്ടെത്തിയിട്ടും ഇക്കാര്യം നടപടിയെടുക്കാത്തതിനാണ് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെ പ്രതിയാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍