UPDATES

കൊല്ലപ്പെട്ട സൈനികന്റെ വീട്ടില്‍ ആദിത്യനാഥിന്റെ സന്ദര്‍ശനം; കൂട്ടത്തില്‍ എസി, സോഫ; സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ അഴിച്ചു മാറ്റി

മേയ് ഒന്നിനാണ് പാക് സൈന്യം പ്രേം സാഗറിനെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത്

പാകിസ്താൻ സൈന്യം വധിക്കുകയും മൃതശരീരം വികൃതമാക്കുകയും ചെയ്ത സൈനികന്റെ വീട് സന്ദര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയപ്പോള്‍ വീട്ടില്‍ എസി അടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കുകയും ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഇത് നീക്കം ചെയ്യുകയും ചെയ്ത നടപടി വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഡിയോറിയ ജില്ലയിലുള്ള സൈനികന്‍ പ്രേം സാഗറിന്റെ വീട്ടില്‍ എസി, സോഫ, പുതിയ കര്‍ട്ടണ്‍, കസേരകള്‍, കാര്‍പ്പറ്റ് എന്നിവയാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് അര മണിക്കൂറിനു ശേഷം ഇവയെല്ലാം തിരിച്ചു കൊണ്ടു പോവുകയും ചെയ്തു.

മുളവടിയില്‍ നിര്‍ത്തിയാണ് എസി സ്ഥാപിച്ചത്. സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൈനികന്റെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. വൈദ്യുതി ബന്ധം തടസ്സപ്പെട്ടാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ജനറേറ്ററും കൊണ്ടുവെച്ചിരുന്നു.

തങ്ങളെ അപമാനിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രേം സാഗറിന്റെ സഹോദരന്‍ ദയാശങ്കര്‍ പറഞ്ഞു. ദയാശങ്കറും ബിഎസ്എഫിലാണ് ജോലി ചെയ്യുന്നത്.

എന്നാല്‍ സാധാരണ വിഐപി സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെയ്യുന്ന നടപടി മാത്രമാണ് ചെയ്തത് എന്നാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം.

25 മിനുട്ടാണ് ആദിത്യനാഥ് സൈനികന്റെ വീട്ടില്‍ ചിലവഴിച്ചത്. നാലു ലക്ഷം രൂപയുടെ ചെക്കും രണ്ടു ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി കുടുബത്തിന് കൈമാറി. ഇതു കൂടാതെ, പ്രേംസാഗറിനോടുള്ള ആദരസൂചകമായി ഗ്രാമത്തില്‍ സ്മാരകം നിര്‍മിക്കും. ഒന്നര ഏക്കറില്‍ ഇവിടെ പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളും പാര്‍ക്കും നിര്മിക്കുമെന്നും ഗ്രാമത്തിലേക്കുള്ള റോഡ്‌ ടാര്‍ ചെയ്യുമെന്നും സര്‍ക്കാര്‍ പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. പാചകവാതക ഏജന്‍സി വേണമെന്ന വീട്ടുകാരുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും ആദിത്യനാഥ് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഈ മാസം ഒന്നിനാണ് ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പ്രേംസാഗറിന്റെ മൃതദേഹം വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്. എന്റെ അച്ഛന് പകരമായി ’50 തലകള്‍ വേണ’മെന്ന’ പ്രേം സാഗറിന്റെ മകളുടെ ആവശ്യം വലിയ ചര്‍ച്ചയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍