UPDATES

ട്രെന്‍ഡിങ്ങ്

എബിവിപിയുടെ ജീനിലെ അസഹിഷ്ണുതയുടെ രഹസ്യം

അപ്പോള്‍ കുമ്മനം നടത്തിയ ജനരക്ഷാ യാത്രയുടെ തുടര്‍ച്ച തന്നെ – ചുവപ്പ്, പച്ച ജിഹാദിനെതിരെ.

‘അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തകരെ കേരളത്തിലേക്കെത്തിച്ച് ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് നടത്തിയ ‘ചലോ കേരള മഹാറാലി’ ഇന്നലെ കഴിഞ്ഞു. കേരളത്തില്‍ നിന്നും കമ്യൂണിസത്തെ ജനാധിപത്യ രീതിയില്‍ ഇല്ലായ്മ ചെയ്യുമെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എ ബി വി പി ദേശീയ അദ്ധ്യക്ഷന്‍ നാഗേഷ് താക്കൂര്‍ പറഞ്ഞു. ദളിത് വിരോധത്തിന്റെയും അതിക്രമത്തിന്റെയും ചരിത്രമാണ് കമ്യൂണിസ്റ്റുകളുടേത് എന്നു താക്കൂര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

“അസഹിഷ്ണുതയുടെ വക്താക്കളാണ് കമ്യൂണിസ്റ്റുകള്‍. കേരളത്തിലും ഡല്‍ഹി ജെഎന്‍യുവിലും രണ്ടു മുഖമാണ് എസ്എഫ്ഐക്ക്. പേന കൊണ്ട് പോരാടണമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികളോട് പറയുന്ന എസ്എഫ്ഐ, കേരളത്തില്‍ വാളെടുക്കാനാണ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്”. താക്കൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത വായിക്കുന്നതിന് തൊട്ട് മുന്‍പ് വായിച്ചത് ലക്നോവില്‍ ‘കനയ്യാകുമാറിന്റെ പ്രസംഗം എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലമാക്കി’ എന്ന വാര്‍ത്തയായിരുന്നു.

“കനയ്യയുടെ പുസ്തകം ‘ഫ്രം തിഹാര്‍ റ്റു ബിഹാര്‍’ എന്ന പുസ്തകത്തെ പറ്റിയുളള ചര്‍ച്ചക്കുവേണ്ടിയാണ് കനയ്യ ഷിറോസില്‍ എത്തിയത്. പരിപാടി ആരംഭിക്കുന്നതിനും അല്‍പ്പം മുമ്പ് കനയ്യയെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ട് ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകരും ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരും കനയ്യയെ പ്രസംഗിക്കുന്നതില്‍ നിന്നും തടയുകയായിരുന്നു.”

കനയ്യാകുമാറിന്റെ പ്രസംഗം അലങ്കോലമാക്കി എബിവിപി പ്രവര്‍ത്തകര്‍

ഇന്നലെ എബിവിപി മഹാറാലിക്ക് എത്തിയവര്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശ്യാമയെ അധിക്ഷേപിച്ചതായും വാര്‍ത്ത ഉണ്ടായിരുന്നു.

ടെലവിഷന്‍ അവതാരകയും ആക്ടിവിസ്റ്റും ഡിവൈഎഫ്‌ഐ പിഎംജി യൂണിറ്റ് സെക്രട്ടറിയുമായ ശ്യാമ എസ് പ്രഭയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് എബിവിപി പ്രവര്‍ത്തകരില്‍ നിന്നും അധിക്ഷേപം നേരിട്ടത്.

“രാവിലെ എബിവിപി റാലി നടക്കുന്നതിനിടെ തിരുവനന്തപുരം നഗരം മുഴുവന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇതിനിടയിലൂടെ മൂന്ന് ഇരുചക്ര വാഹനങ്ങളിലായി ശ്യാമയുള്‍പ്പെടെയുള്ള അഞ്ച് പേര്‍ സഞ്ചരിക്കുകയായിരുന്നു. കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ അല്‍പ്പം പോലും നീങ്ങാത്ത സാഹചര്യത്തില്‍ പിഎംജി ജംഗ്ഷനില്‍ വച്ചാണ് ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ അധിക്ഷേപം നടത്തിയതെന്ന് ശ്യാമ അഴിമുഖത്തോട് പറഞ്ഞു. ‘ഞങ്ങളെ തുറിച്ച് നോക്കി പരിഹസിക്കുന്ന രീതിയിലാണ് അവര്‍ സംസാരിച്ചത്. ‘എന്തോന്നടേ ഇതൊക്കെ, നാണമില്ലേ, വേഷം കെട്ടിയിറങ്ങിയിരിക്കുന്നു’ എന്നൊക്കെയാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ എന്തോ തെറ്റ് ചെയ്തപോലെയായിരുന്നു പ്രതികരണം. അവരെ ചോദ്യം ചെയ്തതായിരുന്നു പിന്നീട് അവരുടെ പ്രശ്‌നം. അതിന് ശേഷം അവര്‍ അവിടെ നിന്നും വേഗത്തില്‍ നടന്നു നീങ്ങുകയും ചെയ്തു. താന്‍ അവരുടെ പിന്നാലെ പോയെങ്കിലും അവര്‍ വേഗത കൂട്ടി ഓടിയെന്നും എങ്കിലും എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് വച്ച് താന്‍ ഇവരെ തടഞ്ഞു നിര്‍ത്തിയെന്നും ശ്യാമ വ്യക്തമാക്കി. തൃശൂരില്‍ നിന്നും റാലിയ്ക്ക് വന്നവരാണ് തങ്ങളെന്ന് അവര്‍ വെളിപ്പെടുത്തിയതായി ശ്യാമ അറിയിച്ചു. ട്രാന്‍സ്ജന്‍ഡര്‍മാരോട് മോശമായി പെരുമാറണമെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് വളരെ മാന്യമായി മാത്രമാണ് അപ്പോഴും താന്‍ ചോദിച്ചത്.”

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

അസഹിഷ്ണുതയാണ് എബിവിപിയുടെ പിറവിയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം. 1948 ജനുവരി 30-ന് മഹാത്മാ ഗാന്ധിയെ നാഥൂറാം ഗോഡ്സെ വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. “അതോടെ സംഘപരിവാറിലെ യുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു വേദി ഇല്ലാതായി. അങ്ങനെയാണ് എബിവിപിയുടെ ബാനറില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത്”.കാരവനില്‍ ‘ദി എയ്ജ് ഓഫ് എബിവിപി’ എന്ന റിപ്പോര്‍ട്ടില്‍ ഹിന്ദുത്വ ബുദ്ധിജീവി കെ എന്‍ ഗോവിന്ദാചാര്യ പറയുന്നു.

1949 ജൂലൈ 9നാണ് എബിവിപി രൂപവത്ക്കരിക്കപ്പെട്ടത്. ജൂലൈ 11-ന് ആര്‍എസ്എസിന്റെ നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. അതോടെ മൂലയ്ക്കായ എബിവിപിയുടെ പുനരുത്ഥാനം നടക്കുന്നത് 1960 കളിലും 70 കളിലും കെ എന്‍ ഗോവിന്ദാചാര്യ അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്. 1990കളില്‍ വി പി സിംഗിന്റെ ഭരണകാലത്ത് രാമജന്മഭൂമി വിഷയവും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വിവിധ സംഘപരിവാര്‍ സംഘടനകള്‍ക്ക് എന്ന പോലെ എബിവിപിക്കും പ്രത്യയശാസ്ത്രപരമായ ഇന്ധനം പകര്‍ന്നു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഒന്നാണ് എബിവിപി. കേരളം, ബംഗാള്‍, ത്രിപുര, തമിഴ്നാട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒഴിച്ച് നല്ല സംഘടനാ ബലം അവര്‍ക്കുണ്ട്. ആ ബലത്തിന്റെ അസഹിഷ്ണുത 2014-ലെ നരേന്ദ്ര മോദിയുടെ വന്‍പിച്ച വിജയത്തോടെ ഇന്ത്യയിലെ പല കാമ്പസുകളിലും കാണാന്‍ തുടങ്ങി. ജെ എന്‍ യു, ഹൈദരാബാദ്, പോണ്ടിച്ചേരി, ഡെല്‍ഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അവര്‍ കൂടുതല്‍ ആക്രമോത്സുകരായി. ഹൈദരാബാദില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യ എബിവിപിയെ പ്രതിസ്ഥാനത്താക്കി. അതേ തുടന്ന് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകള്‍ എബിവിപിയ്ക്കെതിരെ ചിന്തിക്കാന്‍ തുടങ്ങിയതിന്റെ സൂചനകള്‍ ഈ അടുത്ത കാലത്തെ കലാലയ തിരഞ്ഞെടുപ്പുകളില്‍ ദൃശ്യമായി.

രോഹിത് വെമുല: പൂര്‍ത്തിയാകാത്ത ഒരു ഛായാചിത്രം

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ചലോ കേരള എന്ന മുദ്രാവാക്യവുമായി എബിവിപി കേരളത്തില്‍ എത്തുന്നത്. അമിത് ഷായുടെ കേരള പദ്ധതിയുടെ ഭാഗമായുള്ള സംഘടനാ വ്യായാമങ്ങളാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. യുവാക്കള്‍ക്കിടയില്‍ കൃത്യമായ സ്വാധീനം ചെലുത്തിയാലല്ലാതെ കേരളം പിടിക്കുക സാധ്യമല്ല എന്ന് ആര്‍എസ്എസിന് അറിയാം. കേരളത്തിലെ ബിജെപിയെ നയിക്കുന്ന നിലവിലുള്ള നേതാക്കള്‍ ദുര്‍ബലരും ജനപ്രീതി കുറഞ്ഞവരുമാണ്. പുതിയ നേതൃത്വം ഉയര്‍ന്നുവരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ യുവജന-വിദ്യാര്‍ത്ഥി വിഭാഗം ശക്തിപ്പെടുത്തുക എന്നുള്ളത് തന്നെയായിരിക്കും ബിജെപിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി. അതിനു തടസ്സമായി നില്‍കുന്നത് കേരളത്തില്‍ കമ്യൂണിസ്റ്റുകളും എസ്എഫ്ഐയുമാണ്.

കേരളം മാറിച്ചിന്തിക്കുന്നതെങ്ങനെ അഥവാ എന്തുകൊണ്ട് ക്യാമ്പസുകള്‍ എസ്എഫ്ഐക്കൊപ്പം?

“കമ്യൂണിസത്തിന്റെ പിറവി ഭാരതത്തിലല്ല. അതുകൊണ്ട് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പമാണ് അവര്‍”; എ ബി വി പി ദേശീയ സെക്രട്ടറി ശ്രീഹരി ബോവിക്കര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ കാംപസുകളിലെ തീവ്രവാദ സാന്നിധ്യം അന്വേഷിക്കണം എന്നും എബിവിപി മഹാറാലി ആവശ്യപ്പെട്ടു.

അപ്പോള്‍ കുമ്മനം നടത്തിയ ജനരക്ഷാ യാത്രയുടെ തുടര്‍ച്ച തന്നെ-ചുവപ്പ്, പച്ച ജിഹാദിനെതിരെ.

ഒരു കാര്യം കൂടി. മഹാറാലിയുടെ ഭാഗമായി ബിജെപി കേരളം മുഴുവന്‍ പ്രചരിപ്പിച്ച ഒരു ചിത്രം പിണറായിയും ഹിറ്റ്ലറും ഒരാള്‍ തന്നെയാണ് എന്നു ധ്വനിപ്പിക്കുന്ന ഒന്നായിരുന്നു. ഇതാ എം എസ് ഗോള്‍വാള്‍ക്കര്‍ വി ഓര്‍ ഔര്‍ ഓണ്‍ നാഷന്‍ഹുഡ് ദിഫൈന്‍ഡ് എന്ന പുസ്തകത്തിലെ വചനം. വിവര്‍ത്തനം ചെയ്തു അര്‍ഥശോഷണം വരുത്തുന്നില്ല. “…To keep up the purity of the nation and its culture, Germany shocked the world by her purging the country of Semitic races – the Jews. National pride at its highest has been manifested here. Germany has also shown how well-nigh impossible it is for races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindustan to learn and profit by..”

ഹിറ്റ്ലറില്‍ നിന്നും നാസി ജര്‍മ്മനിയില്‍ നിന്നും നല്ല പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന്..!

‘ചലോ കേരള’യില്‍ പുന്നപ്ര-വയലാര്‍ വിപ്ലവഗാനങ്ങള്‍ പാടി എബിവിപി പ്രവര്‍ത്തകര്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍