UPDATES

ആ പരിപാടിയും പൊളിഞ്ഞു, 21 ലക്ഷം മിസ് കോള്‍ തേടി അമിത് ഷാ വരില്ല

കേരള ബിജെപിയെ ശുദ്ധീകരിക്കാന്‍ ഭാഗവത് എത്തി

കേരളത്തെ ചൊല്ലിയുള്ള അമിത് ഷായുടെ സ്വപ്നം വീണ്ടും പൊലിഞ്ഞു. പാര്‍ട്ടിക്ക് മിസ് കോള്‍ അടിച്ച 21 ലക്ഷത്തില്‍ മേല്‍ വരുന്ന അജ്ഞാതരെ കണ്ടെത്താനുള്ള ‘കാര്യ വിസ്താര്‍ യോജന’ എന്ന അമിത് ഷായുടെ സ്വപ്ന പദ്ധതിയാണ് അവതാളത്തിലായിരിക്കുന്നത്. “സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നേതാക്കള്‍ ബൂത്തുതലത്തില്‍ ജനസമ്പര്‍ക്കം നടത്തുന്ന രാജ്യ വ്യാപകമായ പരിപാടിയാണിത്.” കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്ത് ഒന്നു മുതല്‍ 31 വരെ പ്രാദേശിക നേതാക്കളടക്കം ബൂത്തുതലത്തില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തണം എന്നാണ് തീരുമാനിച്ചത്. 15 ദിവസം ഒരു ബൂത്തില്‍ താമസിച്ച് പ്രവര്‍ത്തിക്കുക എന്നതായിരുന്നു പരിപാടി. 8000 പ്രവര്‍ത്തകര്‍ ഇതിനായി യാത്ര നടത്തണം എന്നും തീരുമാനിച്ചിരുന്നു. ആഗസ്ത് മാസം രണ്ടാഴ്ച കഴിഞ്ഞിട്ടും പരിപാടി വേണ്ട രീതിയില്‍ തുടങ്ങാന്‍ പറ്റിയിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. 200 ഓളം പേരാണ് ബൂത്ത് തല യാത്രകള്‍ ഇതുവരെയായി നടത്തിയിട്ടുള്ളത്. കേരളത്തില്‍ ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത ബൂത്തുകളില്‍ പ്രവര്‍ത്തനം സജീവമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

മെഡിക്കല്‍ കോളേജ് കോഴയും തുടര്‍ന്ന് സംസ്ഥാന നേതൃ തലത്തില്‍ മൂര്‍ഛിച്ച പോരുമാണ് കാര്യ വിസ്താര്‍ യോജനയെ കുഴപ്പത്തിലാക്കിയത്. മെഡിക്കല്‍ കോഴ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതും അതില്‍ എം ടി രമേശിന്റെ പേര് വന്നതും വലിയ ക്ഷീണമാണ് സംസ്ഥാന ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറി വിവി രാജേഷിനെയും വ്യാജ രസീത് സംബന്ധിച്ച വിവാദത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയ്ക്കെതിരെയും നടപടി സ്വീകരിച്ചത് പാര്‍ട്ടിയെ കൂട്ടക്കുഴപ്പത്തിലേക്ക് ആണ് എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളെ എങ്ങനെ നേരിടും എന്നതാണു പ്രാദേശിക നേതാക്കളെ കുഴക്കുന്ന കാര്യം.

(കേരള കൌമുദി, ആഗസ്ത് 14)

മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന വാര്‍ത്ത പാര്‍ട്ടി റിപ്പോര്‍ട്ട് അപ്രത്യക്ഷമായി എന്നുള്ളതാണ്. “പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ഒരാളില്‍ നിന്ന് കാണാതായി” എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. “അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവര്‍ രജിസ്ട്രേഡ് തപാലിലും ഇ-മെയില്‍ വഴിയുമാണ് റിപ്പോര്‍ട്ട് നേതാക്കള്‍ക്ക് അയച്ചത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സഘടനാ കാര്യ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സഹ സംഘടനാ സെക്രട്ടറി  കെ സുഭാഷ് എന്നിവര്‍ക്കാണ് തപാലില്‍ അയച്ചത്. ഇതില്‍ സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് തിരുവനന്തപുരത്തെ മേല്‍വിലാസത്തില്‍ അയച്ച റിപ്പോര്‍ട്ടാണ് കാണാതായതെന്നാണ് സൂചന” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം കുമ്മനം രാജശേഖരന്റെ നില പരുങ്ങലിലായിരിക്കുകയാണ് എന്ന് ദേശാഭിമാനി പറയുന്നു. അമിത് ഷാ 100 കിലോമീറ്റര്‍ യാത്ര ചെയ്യും എന്നു പ്രഖ്യാപിച്ച കുമ്മനത്തിന്റെ പദയാത്ര നടക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. ഇപ്പോള്‍ പദയാത്ര നടത്തിയാല്‍ അഴിമതിക്ക് മറുപടി പറഞ്ഞു പാര്‍ട്ടി പ്രതിരോധത്തില്‍ ആകുമെന്ന് ബിജെപി ഭയക്കുന്നു. കൂടാതെ കുമ്മനം വിരുദ്ധ പക്ഷം നിസ്സഹകരിക്കും എന്ന ഭീതിയുമുണ്ട്.

Also Read: അമിത് ഷാ 100 കിലോമീറ്റര്‍ നടന്നാല്‍ കേരളം വിരളുമോ?

ഇന്ന് തൃശൂരില്‍ വെച്ചു ചേരുന്ന ബിജെപി സംസ്ഥാന കമ്മിറ്റിയും നിര്‍ണ്ണായകമാണ്. യോഗത്തില്‍ വി മുരളീധരന്‍ പക്ഷം കുമ്മനത്തിന് എതിരെ ആഞ്ഞടിക്കും എന്നാണ് സൂചന. പുറത്താക്കപ്പെട്ട വിവി രാജേഷ്, പ്രഫുല്‍ കൃഷ്ണ എന്നിവര്‍ ശക്തരായ മുരളീധരന്‍ പക്ഷക്കാരാണ്.

ആര്‍ എസ് എസ് ചീഫ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനമാണ് മറ്റൊന്ന്. ഇന്ന് പാലക്കാട് നടക്കുന്ന ആര്‍ എസ് എസ്സിന്റെ പ്രാന്തീയ വൈചാരിക സദസില്‍ പങ്കെടുക്കുന്ന ഭാഗവത് സംസ്ഥാന ബിജെപിയുടെ പോക്കിലുള്ള സഘത്തിന്റെ അതൃപ്തി നേതാക്കളെ അറിയിക്കും. ഭാഗവത് വരുന്നത് ശുദ്ധീകരണം ലക്ഷ്യമിട്ടാണ് എന്നുനേരത്തെ വാര്‍ത്ത വന്നിരുന്നു. ഇന്നും നാളെയും വിവിധ പരിപാടികളില്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.

Also Read: ദല്ലാള്‍ ‘സതീശ് നായര്‍ കുമ്മനത്തിന്റെ വലംകൈ’; കൊള്ളാം ‘ഭാവി മുഖ്യമന്ത്രീ’!

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകവും ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതും ഒക്കെ ചേര്‍ന്നുണ്ടായ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ബിജെപിയുടെ കയ്യില്‍ നിന്നും ചോര്‍ന്നു പോകുന്നതാണ് കാണുന്നത്. കൂടാതെ ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ബിജെപിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. കൂനിന്‍ മേല്‍ കൂരു എന്ന പോലെ ഗോരഖ്പൂരില്‍ നടന്ന കുഞ്ഞുങ്ങളുടെ കൂട്ടമരണവും വിശദീകരിക്കാന്‍ ആവാതെ കേരള നേതാക്കളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. കേരളം ഒന്നാമത് എന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്യാമ്പയില്‍ നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചായായിരിക്കുമ്പോഴാണ് തങ്ങള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരമൊരു ദുരന്തം സംഭവിച്ചത് എന്നത് സംസ്ഥാനത്തെ ബിജെപി നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ഉത്തരം മുട്ടിച്ചിരിക്കുകയാണ്.

കുമ്മനം നടത്തുമെന്ന് പ്രഖ്യാപിച്ച പദയാത്രയില്‍ യോഗി ആദിത്യ നാഥ് പങ്കെടുക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നു. യോഗി ഇനി കേരളത്തിലേക്ക് വരുമോ എന്തോ?

Also Read: കോഴ, ഹവാല, കള്ളനോട്ട്; കേരള ബിജെപിയില്‍ തല്ല് മുറുകുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍