UPDATES

വിജിലന്‍സ് അന്വേഷണത്തോട് മുഖംതിരിച്ച് ബിജെപി നേതൃത്വം; സംശയത്തോടെ അണികളും

പാര്‍ട്ടിയിലെ വ്യക്തികള്‍ ചെയ്ത തെറ്റ് പാര്‍ട്ടിയുടെ തെറ്റല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും പാര്‍ട്ടിയെ വിശ്വസിക്കുന്നവരോട് ബിജെപി എന്തു മറുപടി പറയുമെന്നാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം

ബിജെപി സംസ്ഥാന ഘടകത്തെ ആടിയുലച്ച മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പാര്‍ട്ടിതല അന്വേഷണത്തോടെ വിവാദം തങ്ങള്‍ അവസാനിപ്പിക്കുകയാണെന്നാണ് കഴിഞ്ഞദിവസം ബിജെപി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിന് അനുമതി നേടി നല്‍കാമെന്ന് ഉറപ്പു പറഞ്ഞ് ആര്‍ ഷാജി എന്നയാളില്‍ നിന്നും 5.60 കോടി രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് കൈപ്പറ്റിയെന്നും എന്നാല്‍ മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി നല്‍കിയില്ലെന്നും ആരോപിച്ച് സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം സുക്കാര്‍നോ പരാതി നല്‍കിയതോടെയാണ് സംസ്ഥാന ബിജെപിക്കുള്ളില്‍ കോളിളക്കം സൃഷ്ടിച്ച മെഡിക്കല്‍ കോളേജ് കോഴക്കേസ് പുറത്തുവന്നത്. നടന്നത് അഴിമതിയല്ലെന്നും വ്യക്തിപരമായ ധാര്‍മ്മിക മൂല്യച്യുതിയാണെന്നുമാണ് രണ്ട് ദിവസം മുമ്പ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ജിവിഎല്‍ നരസിംഹ റാവു തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

അഴിമതി ആരോപണത്തെക്കാള്‍ ഉപരി പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതാണ് ബിജെപി നേതൃത്വത്തെ ഇപ്പോള്‍ അങ്കലാപ്പിലാക്കുന്ന വിഷയം. കഴിഞ്ഞദിവസം നടന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മാധ്യമപ്രവര്‍ത്തകരോട് നടത്തിയ വിശദീകരണത്തിലും ഇത് വ്യക്തമാണ്. ആര്‍ എസ് വിനോദ് നടത്തിയത് ക്രിമിനല്‍ക്കുറ്റമാണെന്നും (അഴിമതി എന്ന വാക്ക് ശ്രീധരന്‍ പിള്ള ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്) ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നുമാണ് ശ്രീധരന്‍ പിള്ള വിശദീകരിച്ചത്. ആരോപണത്തില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. അതായത്, ഈ വിഷയം ബിജെപിയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാടെന്ന് വ്യക്തം. പാര്‍ട്ടി കുറ്റം ചെയ്യുന്നതും വ്യക്തി കുറ്റം ചെയ്യുന്നതും രണ്ടും രണ്ടാണെന്നും കുറ്റം ചെയ്യുന്നയാളെ പാര്‍ട്ടി സംരക്ഷിക്കുന്നുണ്ടോയെന്നത് മാത്രമാണ് പ്രധാനമെന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞുവയ്ക്കുന്നത്.

രണ്ട് ദിവസങ്ങള്‍ക്ക് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്‌ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റേത്. വിജിലന്‍സ് അന്വേഷണത്തിന്റെ സാധുതയെ ഇവര്‍ സംസ്ഥാന സമിതി യോഗത്തിന് ശേഷം തന്നെ ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടാത്തതും സര്‍ക്കാരിന് നഷ്ടം വരുത്താത്തതുമായ ആരോപണങ്ങളില്‍ എങ്ങനെ വിജിലന്‍സ് അന്വേഷണം സാധ്യമാകുന്നുവെന്നാണ് നേതാക്കളുടെ വാദം. നേതാക്കളുടെ ഭാഷയില്‍ വിനോദ് എന്ന ‘വ്യക്തി’ ചെയ്ത ‘ക്രിമിനല്‍ കുറ്റം’ ഒരു അന്വേഷണത്തിന് വിധേയമായാല്‍ അത് ഒരു പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് തെളിയിക്കപ്പെടുമെന്ന ഭയമാണോ ബിജെപി നേതൃത്വത്തെക്കൊണ്ട് ഇത്തരമൊരു നിലപാടെടുപ്പിക്കുന്നത്? മുമ്പ് കേരളത്തെയാകെ പിടിച്ചുകുലുക്കിയ സോളാര്‍ വിവാദമുണ്ടായപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതും ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നാണ്. സോളാര്‍ കേസ് ഒരു തട്ടിപ്പ് കേസാണെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടിയെയോ യുഡിഎഫ് സര്‍ക്കാരിനെയോ ബാധിക്കുന്നതല്ലെന്നുമാണ് അന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. അഴിമതി ആരോപണമുണ്ടായപ്പോള്‍ ബിജെപി നേതാക്കളും ഇതേ നിലപാടു തന്നെയാണ് സ്വീകരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കോഴവിവാദം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കെ പി ശ്രീശനും എ കെ നസീറും വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറല്ലെന്ന് ഇന്നലെ നിലപാടെടുത്തതായി ഇന്നത്തെ പത്രവാര്‍ത്തകള്‍ പറയുന്നു. ഇതോടെ പാര്‍ട്ടിയുടെ ഈ വിഷയത്തിലെ നിലപാട് വ്യക്തമായിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി കാര്യമെന്ന നിലയിലാണ് പാര്‍ട്ടി കമ്മിഷന്‍. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്ത ഔദ്യോഗിക ദൗത്യമായി മാത്രമേ തങ്ങള്‍ നടത്തിയ അന്വേഷണത്തെ കാണാനാകൂവെന്നും അവര്‍ ഇതിന് ന്യായീകരണം നല്‍കുന്നു. പോലീസിനെ ഇക്കാര്യത്തില്‍ ഇടപെടുത്താനില്ലെന്നുമാണ് അവര്‍ ബിജെപിയെ അറിയിച്ചിരിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് സംഭവിച്ച കോട്ടം ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മെഡിക്കല്‍ കോഴക്കേസ് ബിജെപിയുടെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നം മാത്രമല്ലെന്ന് ബോധ്യപ്പെടുന്ന നിരവധി അഴിമതി ആരോപണങ്ങളാണ് ഓരോ ദിവസവും ബിജെപി നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്നത്. കേന്ദ്രനേതാക്കള്‍ പോലും സംശയത്തിന്റെ നിഴലിലാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാകുകയാണ് ബിജെപി ചെയ്യേണ്ടിയിരുന്നതെന്ന് ആര്‍എസ്എസിലും ബിജെപിയുടെ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലും സംസാരമുണ്ട്. പാര്‍ട്ടിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ അത് അത്യാവശ്യമാണെന്നും അവര്‍ കരുതുന്നു. ശ്രീശന്റെയും നസീറിന്റെയും നിലപാട് പാര്‍ട്ടിയുടെ ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്.

ക്രിമിനല്‍ കുറ്റം ചെയ്ത പാര്‍ട്ടി അംഗത്തിനെതിരെ ബിജെപി നടപടിയെടുത്തു. എന്നാല്‍ ഇപ്പോഴും അവരെ ആശങ്കപ്പെടുത്തുന്നത് ഈ അഴിമതി വാര്‍ത്ത എങ്ങനെ പുറത്തുവന്നുവെന്നതാണ്. റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുത്ത് ഭാവിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചോരാതിരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമമെന്ന് വ്യക്തം. നേതാക്കളുടെ കാര്യത്തില്‍ മാത്രമേയുള്ളൂ ഈ നിലപാടെന്നതും ശ്രദ്ധേയം. ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ അപ്രതീക്ഷിതമായതെന്തോ സംഭവിച്ച വേദനയിലാണ് പാര്‍ട്ടിയിലെ അതിസാധാരണക്കാരായ പ്രവര്‍ത്തകര്‍. അഴിമതി കളങ്കവുമായി മാറിമാറി വരുന്ന മുന്നണികള്‍ ഭരിക്കുന്ന കേരളത്തില്‍ ഒരു വിഭാഗം ജനങ്ങളെങ്കിലും ബിജെപിയെ വിശ്വസിക്കുന്നുണ്ടെന്നതാണ് സത്യം. അവരുടെ സംഘപരിവാര്‍ അജണ്ടയെ കണ്ടില്ലെന്ന് നടിച്ചും ഈ പാര്‍ട്ടിയില്‍ അവര്‍ വിശ്വാസമര്‍പ്പിക്കുന്നത് ദേശസ്‌നേഹം മുദ്രാവാക്യമാക്കിയ പാര്‍ട്ടിയില്‍ നിന്നും അഴിമതി പോലുള്ളവ ഉണ്ടാകില്ല എന്ന പ്രതീക്ഷയാണ്.

രതീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനൊരു ഉദാഹരണമാണ്. ‘നിങ്ങളുടെ അധികാരത്തിനായുള്ള വടംവലി ഞങ്ങള്‍ക്കറിയണ്ട. നിങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും, ആത്മാര്‍ത്ഥമായി. നിങ്ങളുടെ കൊള്ളരുതായ്മകളെ അതുപോലെ വിമര്‍ശിക്കുകയും ചെയ്യും. കാരണം ആദര്‍ശം വിറ്റ് ഇന്നുവരെ ഞങ്ങള്‍ അരി വാങ്ങിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊള്ളരുതായ്മകള്‍ക്ക് കവചമൊരുക്കാനോ വെള്ളപൂശാനോ, നിങ്ങളുടെ വിഴുപ്പലക്കാനോ ഞങ്ങള്‍ക്ക് മനസില്ല’ എന്നാണ് രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിയിലെ വ്യക്തികള്‍ ചെയ്ത തെറ്റ് പാര്‍ട്ടിയുടെ തെറ്റല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും പാര്‍ട്ടിയെ വിശ്വസിക്കുന്നവരോട് ബിജെപി എന്തു മറുപടി പറയുമെന്നാണ് രതീഷിനെപ്പോലുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാടുകളുയര്‍ത്തുന്ന ചോദ്യം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍