UPDATES

ജന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു അന്വേഷണാത്മക റിപ്പോര്‍ട്ട് അവതരിപ്പിച്ച മാതൃഭൂമിയുടെ ‘സാമൂഹ്യ പ്രതിബദ്ധത’യെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

കേരളത്തിലെ ‘മതപരിവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നു’; ഇന്ന് മാതൃഭൂമി ഇറങ്ങിയത് ഇങ്ങനെയൊരു വാര്‍ത്തയുമായിട്ടാണ്. അതിന്റെ വിശദ വായനയ്ക്ക് വേണ്ടി സ്വാഭാവികമായും ജന്‍മഭൂമി പരിശോധിച്ചപ്പോള്‍ അത്തരമൊരു വാര്‍ത്ത കണ്ടതുമില്ല.

മാതൃഭൂമി വാര്‍ത്ത ഇങ്ങനെ; “കേരളത്തില്‍ അടുത്തിടെ നടന്ന മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി. പ്രത്യേക പൊതുപരിപാടികള്‍ ഇല്ലാതെ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം കേരളത്തിലെത്തിയത് പ്രധാനമായും ഇക്കാര്യത്തില്‍ വിവര ശേഖരണം ലക്ഷ്യമിട്ടാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.”

എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനം ജന്‍മഭൂമിയില്‍ ഇങ്ങനെ തുടങ്ങുന്നു. “കേരളത്തില്‍ ആര്‍ എസ് എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ആഹിര്‍”

മാതൃഭൂമി വാര്‍ത്ത ഇങ്ങനെ തുടരുന്നു. “മതംമാറ്റങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതെന്നാണ് വിവരം. കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം അപ്രത്യക്ഷമായ 21 പേരില്‍ അഞ്ചു പേര്‍ മതം മാറിയവരാണ്”.

ഈ കാര്യം ജന്‍മഭൂമി റിപ്പോര്‍ട്ടില്‍ ഉണ്ടോ എന്നു പരിശോധിക്കാം. “കേരളത്തില്‍ നിന്ന് ഐഎസിലേക്ക് 22 പേര്‍ പോയിട്ടുണ്ടെന്നാണ് അറിവ്. ഇതില്‍ കൂടുതല്‍ പേര്‍ പോയതായി വിവരങ്ങള്‍ ഒന്നുമില്ല”

എന്തായാലും മന്ത്രി ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ മാധ്യമ സമ്മേളനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടു വാര്‍ത്തയും. അപ്പോള്‍ ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിക്ക് കിട്ടാത്ത മതപരിവര്‍ത്തന വാര്‍ത്ത മാതൃഭൂമിക്ക് എവിടെ നിന്നു കിട്ടി? അതാണ് പ്രൊഫഷണലിസം! എക്സ്ക്ളൂസീവുകള്‍ കണ്ടെത്താനുള്ള മിടുക്ക്.

ഇതേ വാര്‍ത്ത മറ്റ് ചില പത്രങ്ങള്‍ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കാം. ‘സുരക്ഷ: പോലീസിനെ ആധുനീകരിക്കാന്‍ കേന്ദ്ര സഹായം നല്‍കും’ എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. “കേരള-തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തെന്നു”മാണ് മനോരമ വാര്‍ത്ത. “സുരക്ഷാ കാര്യത്തില്‍ സംസ്ഥാന പോലീസിന്റെ ഇടപെടല്‍ ഫലപ്രദം” എന്ന് കേരള കൌമുദി. “മാവോയിസവും ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനവുമാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി” എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. “സംസ്ഥാനത്തെ രാഷ്ട്രീയ സംഘട്ടനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്” ഗവണ്‍മെന്റില്‍ നിന്നും തേടി എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട്. ദേശാഭിമാനിയില്‍ അങ്ങനെയൊന്ന് കണ്ടതേ ഇല്ല.

മേല്‍പത്രങ്ങളില്‍ എവിടേയും മാതൃഭൂമി കണ്ടത്തിയ മതപരിവര്‍ത്തന വാര്‍ത്ത കണ്ടില്ല. മാതൃഭൂമി വാര്‍ത്ത തുടരുന്നത് ഇങ്ങനെ; “രാജ്യത്തിന് പുറത്തുനിന്ന് കേരളത്തിലെ ചില മതപഠന കേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെ കുറിച്ചും പോലീസ് മേധാവി ഉള്‍പ്പെടെ ഉള്ളവരുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി”. “അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ആറായിരത്തിലധികം പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായാണ് സംസ്ഥാന ഇന്റലിജന്‍സ് നല്‍കുന്ന കണക്ക്. രണ്ട് മതംമാറ്റ കേന്ദ്രങ്ങളിലൂടെ 2011നും 2015നും ഇടയില്‍ മതം മാറിയത് 5793 പേരാണ്. ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്നവരും ഉണ്ട്”

“മക്കള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായി എന്നു കാണിച്ച് മതം മാറിയ പല പെണ്‍കുട്ടികളുടെയും രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. കോട്ടയം വൈക്കം സ്വദേശി അഖില എന്ന പെണ്‍കുട്ടിയുടെ മതപരിവര്‍ത്തനം ആസൂത്രിതമാണ് എന്ന വാദം ഹൈക്കോടതി ശരിവെച്ചിരുന്നു” പി അനില്‍കുമാറിന്റെ എക്സ്ല്ക്ലൂസീവ് റിപ്പോര്‍ട്ട് തുടരുന്നു.

Also Read: മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

എന്തായാലും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു അന്വേഷണാത്മക റിപ്പോര്‍ട്ട് അവതരിപ്പിച്ച മാതൃഭൂമിയുടെ ‘സാമൂഹ്യ പ്രതിബദ്ധത’യെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

എങ്കിലും ലേഖകനോട് ചില ചോദ്യങ്ങള്‍. ഈ ഇന്റലിജന്‍സ് എന്നു പറയുന്നത് കേരളത്തിന്റെയോ അതോ കേന്ദ്രത്തിന്റെയോ? മതപരിവര്‍ത്തന വിഷയം പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തി എന്നു മന്ത്രി പറഞ്ഞോ അതോ ലോകനാഥ് ബെഹ്റ പറഞ്ഞോ? 5793 പേരെ മതപരിവര്‍ത്തനം നടത്തിയ ആ രണ്ട് മത പഠന കേന്ദ്രങ്ങള്‍ ഏതാണ്? വൈക്കത്തെ അഖില എന്ന ഹാദിയയ്ക്ക് 18 വയസ്സു പൂര്‍ത്തിയായെന്നും താന്‍ ആരുടെ കൂടെ ജീവിക്കണം എന്നും ഏത് മതം സ്വീകരിക്കണം എന്നും തീരുമാനിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതല്ലേ?

അല്ലയോ ലേഖകാ, കേരളത്തില്‍ നടക്കുന്ന ലൌ ജിഹാദിനെ കുറിച്ച് അന്വേഷിക്കാനാണ് മന്ത്രി എത്തിയത് എന്ന കാര്യം തെളിച്ചു പറയാത്തത് എന്ത്?

അടിക്കുറിപ്പ്: മെഗ്സസെ അവാര്‍ഡ് ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബെസ്വാഡ വില്‍സണ്‍ ഇന്നലെ തലസ്ഥാനത്ത് ഉണ്ടായിരുന്നു. ഡോ. പിന്‍റോ അനുസ്മരണ പ്രഭാഷണം നടത്താന്‍. തോട്ടിപ്പണി ചെയ്യുന്നവരുടെ ഇടയിലെ പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് ഈ ഉന്നത പുരസ്കാരം കിട്ടിയത്. പ്രാദേശിക പേജില്‍ രണ്ട് കോളം വാര്‍ത്തയില്‍ കവിഞ്ഞ് എന്തെങ്കിലും പ്രാധാന്യം ബെസ്വാഡ വില്‍സണിന്റെ വാക്കുകള്‍ക്ക് ഉണ്ടെന്ന് മേല്‍പ്പറഞ്ഞ ഒരു പത്രങ്ങള്‍ക്കും തോന്നിയില്ല. (മാതൃഭൂമി ബെസ്വാഡയെ ‘ബെന്‍സ് വാഡ’യാക്കിയതും ശ്രദ്ധിക്കുക)

ബെസ്വാഡ വില്‍സണ്‍ നടത്തിയ പ്രസംഗം അഴിമുഖം ലൈവ് വീഡിയോ കാണാം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍