UPDATES

വാക്സിനേഷനെ പിന്തുണച്ച് കാന്തപുരം, പാണക്കാട് തങ്ങള്‍, ആലിക്കുട്ടി മുസല്യാര്‍: കുമ്മനവും സുരേന്ദ്രനും കാണണം ആ വീഡിയോകള്‍

വേണം കുമ്മനത്തിനും സുരേന്ദ്രനും കുത്തിവെപ്പ്; വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്താതിരിക്കാന്‍

“വാക്സിനേഷനുകളോട് എന്തുകൊണ്ട് മലപ്പുറം മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്നതിന്റെ കാരണത്തെ ഒരു പരിധിവരെ മാത്രമേ സാമുദായികം എന്ന് വിളിക്കാനാകൂ. ഒരു വിഭാഗം ചികിത്സകരും, ചില പ്രത്യേക സംഘടനകളും, വ്യക്തികളുമാണ് പ്രധാനമായും ജില്ലയില്‍ വാക്സിന്‍ വിരുദ്ധ ക്യാംപെയിനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭയപ്പെടുത്തി ക്യാംപെയിനില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കാനാണ് ഇവരുടെ ശ്രമം. മരുന്നു കമ്പനികളുടെ കച്ചവടമാണ് വാക്സിനേഷന്‍ ക്യംപെയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ ആരോപണം. ഒപ്പം ചെറിയൊരു വിഭാഗം കരുതുന്നു ഇത് അവരുടെ വിശ്വാസത്തില്‍ മേലുള്ള കടന്നു കയറ്റമാണെന്ന്. പക്ഷേ ഇന്ന് മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം ഇതില്‍ നിന്ന് പുറത്തു കടന്നിരിക്കുന്നു. അവരുടെ പൂര്‍ണ പിന്തുണയും വാക്സിനേഷന്‍ ക്യാംപെയിനുണ്ട്.”

എം ആര്‍ വാക്സിനേഷന്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സന്തോഷ് ക്രിസ്റ്റി എഴുതുന്നു.

“വലിപ്പത്തില്‍ വാക്സിനേഷന്‍ ക്യാംപെയിനെ എതിര്‍ക്കുന്നവര്‍ വളരെ ചെറിയ വിഭാഗമാണെങ്കിലും അവരുയര്‍ത്തുന്ന ഭീതിയുടെ പ്രതികരണങ്ങളുടെ വ്യാപ്തി കൂടുതലാണ്. ഇന്ത്യയിലെ ജനസംഖ്യ കുറയ്ക്കാനുള്ള വിദേശ രാജ്യങ്ങളുടെ തന്ത്രമാണ് വാക്സിനേഷന്‍, കുത്തക മരുന്നു കമ്പനികള്‍ക്ക് കാശുണ്ടാക്കാനുള്ള ഉപാധിയാണ്, രാജ്യത്തിന്റെ ഭാവി തലമുറയെ രോഗികളാക്കാനുള്ള ശത്രു രാജ്യത്തിന്റെ തന്ത്രമാണ് എന്നൊക്കെയുള്ള രീതിയിലാണ് വാക്സിനേഷന്‍ വിരുദ്ധ ക്യാംപെയിന്‍ മുന്നോട്ട് പോകുന്നത്.” ലേഖനം തുടരുന്നു.

Also Read: മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രചരണം: പിന്നില്‍ മതമല്ല, അന്ധവിശ്വാസികള്‍

ഒക്ടോബര്‍ മൂന്നിന് എം ആര്‍ വാക്സിനേഷന്‍ ആരംഭിച്ചതിന് ശേഷം മലപ്പുറത്ത് നിന്നും വലിയ തടസ്സങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാതൃഭൂമിയുടെ പ്രാദേശിക പേജില്‍ വന്ന ഒരു ചിത്രവും വാര്‍ത്തയും ഒഴിച്ച്.

തിരൂര്‍ ജില്ലാ ആശുപത്രിയും ലയണ്‍സ് ക്ലബും ചേര്‍ന്ന് തിരൂര്‍ ജി എം യു പി സ്കൂളില്‍ നടത്തുന്ന എം ആര്‍ വാക്സിനേഷന്‍ രണ്ടു പേര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിക്കുന്ന ചിത്രമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. തടയാന്‍ വരുന്നവരോട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പ്രശാന്ത് കൈക്കൂപ്പി എന്തോ പറയുന്നുമുണ്ട്. ചിത്രത്തിന്റെ അടികുറിപ്പ് “അരുത് കുത്തിവെപ്പ് തടയരുത്” എന്നാണ്.

എന്തായാലും പ്രശ്നം പിടിഎ ഇടപെട്ട് പരിഹരിക്കുകയും 520ഓളം കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കുകയും ചെയ്തു. ഒരു യുപി സ്കൂളില്‍ പഠിക്കാന്‍ സാധ്യതയുള്ള ശരാശരി കുട്ടികളുടെ എണ്ണം നോക്കുമ്പോള്‍ തിരൂരിലെ ആ സ്കൂളില്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും കുത്തിവെപ്പ് നടത്തി എന്നുവേണം കരുതാന്‍.

“ഉദ്ഘാടന പരിപാടി കഴിഞ്ഞതിന് ശേഷം ക്ലാസ് മുറികളില്‍ കുത്തിവെപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി വരവെയാണ് ആദ്യം ഒരാള്‍ പ്രത്യക്ഷപ്പെട്ടത്.’ നിങ്ങളെന്താ ഇവിടെ ചെയ്യുന്നത് ? ആരോട് പറഞ്ഞിട്ടാണ് കുത്തിവെപ്പ് എടുക്കുന്നത്.. ഇതിന് കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതം വാങ്ങിയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാണ് അയാള്‍ വന്നത്. അയാള്‍ ഫോണ്‍ ചെയ്ത ശേഷം പിന്നീട് രണ്ടാള്‍ കൂടി വന്നു. കുത്തിവെപ്പ് രക്ഷിതാക്കളുടെ മുഴുവന്‍ സമ്മതം കിട്ടിയ ശേഷം മാത്രമേ നടത്താവു, അല്ലേല്‍ സമ്മതിക്കില്ലെന്ന് അവര്‍ പറഞ്ഞു കൊണ്ടിരുന്നു.” സംഭവത്തെ കുറിച്ച് ഡോ. പ്രശാന്തുമായി സംസാരിച്ച് നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“കുത്തിവെപ്പ് എടുക്കാന്‍ തയ്യാറായി വന്ന കുട്ടികള്‍ക്ക് ഉള്‍പ്പടെ അയാള്‍ തനിക്ക് വന്ന വാട്‌സാപ്പ് സന്ദേശം വായിച്ചു കേള്‍പ്പിച്ച് ഭീകരത ബോധ്യപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. കുത്തിവെപ്പ് എടുക്കുന്ന ക്ലാസ് മുറിയിലേക്ക് പോയി ഇത്തരം സന്ദേശങ്ങള്‍ കാണിക്കാന്‍ നിന്നപ്പോഴാണ് ‘ ദയവ് ചെയ്ത് ബഹളം ഉണ്ടാക്കി കുത്തിവെപ്പ് മുടക്കരുത്,നിങ്ങള്‍ ദയവായി പോയി തരണം എന്ന് കൈകൂപ്പി പറഞ്ഞത്. ഒരൊറ്റ നിമിഷം നടന്ന ആ സംഗതി അടുത്തു നിന്ന മാതൃഭൂമി ലേഖകന്‍ പകര്‍ത്തുകയും ചെയ്തു.” നാരദ റിപ്പോര്‍ട്ട് തുടരുന്നു.

രക്ഷിതാക്കളുടെ സമ്മതമില്ലാതെ ചെയ്യുന്നു എന്നായിരുന്നു വന്നവരുടെ പരാതി. എന്നാല്‍ പിടിഎ പ്രസിഡന്റും പ്രധാന അദ്ധ്യാപകനും ഇടപെട്ട് രക്ഷിതാക്കളുടെ സമ്മതത്തോടെയേ ചെയ്യൂ എന്നു അവര്‍ക്ക് ഉറപ്പുകൊടുക്കുകയും അവര്‍ പിരിഞ്ഞു പോവുകയുമായിരുന്നു. സ്കൂളിലെ 520 കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത്രയേറെ പ്രശ്നം ഉണ്ടായിട്ടും എതിര്‍പ്പില്ലായിരുന്നു എന്നതാണ് സത്യം.

ഈ സംഭവമാണ് നാണംകെട്ട തങ്ങളുടെ വര്‍ഗ്ഗീയ പ്രചരണത്തിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും ഉപയോഗിച്ചത്. ചുവപ്പും പച്ചയുമായ ജിഹാദികള്‍ക്ക് എതിരെ ജനരക്ഷാ യാത്ര നടത്തുന്നതിനിടെയാണ് കുമ്മനത്തിന്റെ ട്വീറ്റ്.

“എല്ലാ തരം മൌലികവാദവും എതിര്‍ക്കുന്നു” എന്നായിരുന്നു അത്.

അതേ സമയം കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇങ്ങനെയാണ്.

“കേരളത്തില്‍ മത തീവ്രവാദമുണ്ടെന്ന് തെളിയിക്കാന്‍ കോടിയേരിയുടെ വെല്ലുവിളി. മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതെല്ലാം എന്നതുമാത്രമാണ് ഒരാശ്വാസം”

രണ്ടു പേരും പ്രസ്തുത ഡോക്ടറുടെ ചിത്രം തങ്ങളുടെ വര്‍ഗ്ഗീയ വാദത്തിനെ ന്യായീകരിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.

Also Read: വാക്‌സിന്‍ വിരുദ്ധത മതതീവ്രവാദമാക്കി കെ സുരേന്ദ്രന്റെ; കുഞ്ഞുങ്ങളുടെ പേരിലും വര്‍ഗീയ മുതലെടുപ്പ് നടത്തരുതെന്ന് സോഷ്യല്‍ മീഡിയ

രാഷ്ട്രത്തിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന സുപ്രധാന പ്രവര്‍ത്തനത്തിനിടെ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിച്ച കുമ്മനത്തിന്റെയും കെ സുരേന്ദ്രന്റെയും ശ്രദ്ധയിലേക്കായി ചില വീഡിയോകള്‍ താഴെ കൊടുക്കുന്നു. കേരള മുസ്ലീം ജമാ അത്ത് പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍, സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസല്യാര്‍, ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ എന്നിവര്‍ എം ആര്‍ വാക്സിനേഷന്‍ ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നതും അത് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതുമാണ് വീഡിയോ. മറ്റ് സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളിലെ ഇവരുടെ നിലപാടുകളോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ എം ആര്‍ വാക്സിനേഷന്‍ വിഷയത്തില്‍ ഇവര്‍ കൈകൊണ്ട നിലപാട് പ്രശംസനീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

മലപ്പുറത്ത് ഇന്നലെ വരെ 98,141 കുട്ടികള്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. ഒക്ടോബര്‍ മൂന്നു മുതല്‍ നവംബര്‍ മൂന്നു വരെയുള്ള ഒരു മാസ കാലയളവില്‍ ലക്ഷ്യമിടുന്നത് 12,60,000 ഓളം കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ്. സംവിധാനങ്ങള്‍ ശരിയായി വരുന്നതിലെ കാലതാമസം മാത്രമാണു തുടക്കത്തില്‍ നേരിടുന്നത്. എഴുപതോളം സ്ഥാപനങ്ങളും ഏജന്‍സികളും ആണ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കരുതുന്നത്.

ഇനി കുമ്മനത്തിനോടും സുരേന്ദ്രനോടും ഒരു ചോദ്യം. ഇന്നലെ മലയാള മനോരമയുടെ തിരുവനന്തപുരം എഡിഷനില്‍ ഒന്നാം പേജില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. എം ആര്‍ വാക്സിനേഷന്‍ നടത്താന്‍ വിസമ്മതിച്ച തലസ്ഥാനത്തെ ചില സി ബി എസ് ഇ സ്കൂളുകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായാണ് വാര്‍ത്ത. ജനരക്ഷകരായ നിങ്ങളുടെ ശ്രദ്ധയില്‍ ഈ വാര്‍ത്ത പെടാത്തതുകൊണ്ടാണോ അതോ കുത്തിത്തിരിപ്പിന് സാധ്യതയില്ലെന്ന് കരുതിയാണോ ഇത് പോസ്റ്റാത്തത്?

Also Read: എംആര്‍ വാക്‌സിനേഷനുമായി സഹകരിക്കുന്നില്ല: സിബിഎസ്ഇ സ്‌കൂളുകള്‍ക്കെന്താ കൊമ്പുണ്ടോ?

ക്ലീഷേ ആയെങ്കിലും ഇതും കൂടി പറഞ്ഞുവെക്കുന്നു; ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ നിങ്ങള്‍ക്ക് കൌതുകം…

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍