UPDATES

പെനല്‍റ്റികിക്ക് കാത്തു നില്‍ക്കുന്ന കോണ്‍ഗ്രസിനെന്ത് ഫിഫ ലോകകപ്പ്?

കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍ നടക്കാന്‍ എത്തിയ യു പി മുഖ്യമന്ത്രി ആദിത്യ നാഥിന്റെ ദിവസമായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയ മാത്രമല്ല കോടിയേരിയും പിണറായിയുമൊക്കെ യോഗിയെ ട്രോളി കൊല്ലുകയായിരുന്നു

“ഹര്‍ത്താല്‍ തീയ്യതി മാറ്റിയും മറിച്ചും യുഡിഎഫ്. ഇന്നലെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം പ്രഖ്യാപിച്ച ഹര്‍ത്താല്‍ തിയ്യതി പിന്നീട് രണ്ടു തവണ തിരുത്തി. കൊച്ചി വേദിയാകുന്ന അണ്ടര്‍ 17 ലോകകപ്പാണ് ഹര്‍ത്താലിനും യുഡിഎഫിനും ഇടയില്‍ ‘റെഡ് കാര്‍ഡു’മായി നിന്നത്.”

യുഡിഎഫിന്റെ സെല്‍ഫ് ഗോളിനെ കുറിച്ചുള്ള ഈ വാര്‍ത്ത മലയാള മനോരമ തന്ത്രപരമായി ഉള്ളിലേക്ക് വലിച്ചു കളഞ്ഞു. പക്ഷേ തലക്കെട്ട് കൊള്ളാം; “ഹര്‍ത്താല്‍ തീയതി മാറ്റിക്കളിച്ച് യുഡിഎഫിന്റെ സെല്‍ഫ് ഗോള്‍”.

യഥാര്‍ത്ഥത്തില്‍ ഇത് സെല്‍ഫ് ഗോള്‍ അല്ല. എതിരാളികള്‍ ഇല്ലാത്ത പോസ്റ്റിലേക്കുള്ള ഗോളടിയാണ് എന്നതാണ് സത്യം.

കളിക്കളത്തില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനെയും അര്‍ജന്‍റീനയെയും പോലെ സിപിഎമ്മും ബിജെപിയും കളം നിറഞ്ഞാടുകയാണ്. ആ ഗ്യാലറിയില്‍ നിന്നും കാണികളുടെ ആരവവും കേള്‍ക്കാം.ഇവിടെയോ..?

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ അമിത് ഷായും ആദിത്യ നാഥും അതുപോലുള്ള മറ്റ് ഹിന്ദിവാല നേതാക്കളെല്ലാം സിപിഎമ്മിനെയും പിണറായി വിജയനെയും പല്ലും നഖവും ഉപയോഗിച്ച് കടിച്ചു കീറുകയാണ്. പത്തു വോട്ട് തികച്ചെടുക്കാനില്ലാത്ത ഡല്‍ഹിയില്‍, സിപിഎം ഓഫീസിലേക്ക് കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ പ്രകടനം നടക്കുന്നു. എഐസിസി ഓഫീസാണെങ്കില്‍ ഈച്ചയാട്ടിയിരിക്കുകയാണ്. തമ്മില്‍ തല്ലി, രക്ഷിക്കണേ എന്നു നിലവിളിച്ചുംകൊണ്ട് വരുന്ന സംസ്ഥാന നേതാക്കള്‍ പോലും ഇപ്പോഴങ്ങോട്ടേക്ക് തിരിഞ്ഞു നോക്കുന്നില്ല.

ബിജെപിയുടെ തീക്കളി സിപിഎമ്മിനെ ഉദ്ദേശിച്ചല്ല, തങ്ങളെ ഉദ്ദേശിച്ചാണ് എന്നു വൈകിയാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ മനസിലാക്കി. കണ്ണൂരില്‍ അമിത് ഷാ നാലല്ല, നാല്‍പ്പത് ദിവസം നടന്നാലും സിപിഎമ്മിന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്.

പക്ഷേ അമിത് ഷായും യോഗിയെ പോലുള്ള തീവ്രവാദികളും സിപിഎമ്മിനെതിരെ തീ തുപ്പുമ്പോള്‍ അതിനു മറുപടിയായി സിപിഎം തിരിച്ചാക്രമിക്കുമ്പോള്‍ ഗ്യാലറിയില്‍ നിന്നു കളികാണേണ്ട ഗതികേടിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. അരുക്കാക്കി തനിക്കാക്കുന്ന തന്ത്രം പയറ്റുകയാണ് ബിജെപി. പ്രത്യേകിച്ചും കണ്ണൂരില്‍ കെ സുധാകരന്റെ പ്രഭാവം അസ്തമിച്ചതോടെ ഒരു നേതൃ ശൂന്യ പാര്‍ട്ടിയായി മാറിയിട്ടുണ്ട് കോണ്‍ഗ്രസ്സ്.

Also Read: കോണ്‍ഗ്രസുകാരേ, തമ്മിലടിക്കുകയെങ്കിലും ചെയ്യൂ; ജനം അറിയട്ടെ നിങ്ങള്‍ ഇവിടെയുണ്ടെന്ന്

അങ്ങനെ രണ്ടു പേരെയും അടിക്കാനുള്ള വടി എന്തെന്ന് ആലോചിച്ചപ്പോള്‍ തെളിഞ്ഞതാണ് ഇന്ധന വിലയും ജി എസ് ടിയും. രണ്ടിലും വില്ലന്‍മാര്‍ കേന്ദ്രവും സംസ്ഥാനവും. പിന്നെ ഒട്ടും അമാന്തിച്ചില്ല. നേതാവിന്റെ കുട്ടിയുടെ ചോറൂണും കുടീക്കൂടലും ഒക്കെ നോക്കി അതെല്ലാം ഒഴിവാക്കി ഒരു തീയതി അങ്ങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 13. അപ്പോഴതാ വരുന്നു കുറച്ചു തല തെറിച്ച പയ്യന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍. ഫിഫാ ഫുട്ബോളാണ് പോലും! ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കുട്ടികളുടെ മുന്‍പിലൂടെ ശവഘോഷയാത്ര നടത്തിയ ടീമുകളുള്ള നാടാണ്. അപ്പോഴാ…

ജര്‍മ്മനി ഏതോ ഗിനിയയുമായിട്ടാണ് കളി. പിന്നെ കൊറിയയും സ്പെയിനും. എന്തായാലും കളിക്കുന്നത് കേരളമൊന്നുമല്ലല്ലോ?

വേങ്ങരയില്‍ എത്തി ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനോട് കുഞ്ഞാപ്പ അടക്കം പറഞ്ഞു. സംഭവം തീക്കളിയാണ്. പണി കിട്ടി നമ്മുടെ ഖാദര്‍ സാഹിബ് വീട്ടിലിരിക്കേണ്ടി വരും. മലപ്പുറത്തെയും കോഴിക്കോട്ടെയും ചെക്കന്‍മാര്‍ വണ്ടി വിളിച്ച് കൊച്ചിക്ക് മണ്ടുന്ന ദിവസമാണ് അന്ന്. വേങ്ങരയിലും ഉണ്ട് ഇമ്മാതിരി പ്രാന്തുള്ള ചില തല തെറിച്ചവന്‍മാര്‍.

അപ്പോ എന്താ വഴി? അങ്ങനെ 12 ആക്കി മാറ്റി പ്രഖ്യാപിച്ചു. ചാനലുകള്‍ ഫ്ലാഷ് മിന്നിച്ചു. അപ്പോഴാണ് അറിയുന്നത് അന്നും കളിയുണ്ടെന്ന്. കൊച്ചിയിലല്ല ടിവിയില്‍. ഇന്ത്യയും ഘാനയും തമ്മില്‍. കളി കാണാന്‍ ഹര്‍ത്താലല്ലേ നല്ലത്. കളിയുണ്ടെന്ന് ആരോ നേതൃത്വത്തെ പറഞ്ഞു പറ്റിച്ചതായിരിക്കും. കുട്ടിക്കാലം മുതലേ കളി രാഷ്ട്രീയമായതുകൊണ്ട് ഫുട്ബോള്‍ കളിക്കാന്‍ നേതാക്കന്‍മാര്‍ക്ക് എവിടെ സമയം. എന്തായാലും കേട്ട പാതി കേള്‍ക്കാത്ത പാതി ഹര്‍ത്താല്‍ ദിനം വീണ്ടും മാറ്റി; 16-ലേക്ക്.

ഹര്‍ത്താല്‍ വിരുദ്ധ പോരാളി ബഹുമാന്യ കെപിസിസി താല്‍ക്കാലിക പ്രസിഡണ്ട് എം എം ഹസ്സനെ പറഞ്ഞു ഒരുവിധം സമ്മതിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. അപ്പോഴാ ഓരോ മാരണങ്ങള്‍.

Also Read: മുദ്ര ശ്രദ്ധിക്കണം മുദ്ര; ഹര്‍ത്താല്‍ നിരോധനമല്ല, നിയന്ത്രണമായിരുന്നത്രേ ചെന്നിത്തലയും ഹസ്സനും കണ്ട സ്വപ്നം

എളുപ്പത്തില്‍ നടത്താന്‍ പറ്റുന്ന ഒരു സമരപ്പണിയാണ് ഹര്‍ത്താല്‍. അല്ലാതെ സമരം നടത്താന്‍ കോണ്‍ഗ്രസ്സുകാരെ എവിടെ കിട്ടാനാണ്. മാത്രമല്ല ഒരു നല്ല ഹര്‍ത്താല്‍ ആസ്വദിച്ചിട്ട് ഒന്നു രണ്ട് മാസങ്ങളായി എന്ന പരാതിയും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഹര്‍ത്താലുകള്‍ പഞ്ചായത്ത് തലത്തിലും ബ്ളോക്ക് തലത്തിലുമൊക്കെയായി വികേന്ദ്രീകരിക്കപ്പെട്ടതോടെ സംസ്ഥാന നേതാക്കന്‍മാര്‍ക്ക് സെലിബ്രേറ്റ് ചെയ്യാനും പറ്റുന്നില്ല.

വേങ്ങരയില്‍ ഇന്നലെ ചെന്നിത്തല പറഞ്ഞത് മറ്റു വഴികളില്ലാതെയാണ് യുഡിഎഫ് ഹര്‍ത്താലിലേക്ക് തിരിഞ്ഞത് എന്നാണ്. “കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റിന്റെയും കേരളത്തിലെ എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെയും ജനവിരുദ്ധ നയങ്ങള്‍ മൂലം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്”.

തീയതി മാറിയത് യാദൃശ്ചികമായിട്ടാണ് എങ്കിലും നൈസായി പണി കിട്ടിയിരിക്കുന്നത് കുമ്മനത്തിനാണ്. ജനരക്ഷാ യാത്രയുടെ വിജയകരമായ സമാപനം കുറിക്കേണ്ട ഒക്ടോബര്‍ പതിനേഴിന്റെ തലേ ദിവസം എണ്ണ വിലയും ജി എസ് ടിയുമൊക്കെ ഹര്‍ത്താലിലൂടെ മാധ്യമ ചര്‍ച്ചയാക്കാന്‍ പോകുന്നു. സിപിഎമ്മിനെ അടിക്കുന്ന ചൂരല്‍ പിടിച്ചുവാങ്ങി അനൌദ്യോഗിക പ്രതിപക്ഷമാകാനുള്ള ശ്രമത്തെയാണ് ചെന്നിത്തലയും കൂട്ടരും തുരങ്കം വെച്ചിരിക്കുന്നത്.

വൈകുവോളം വെള്ളം കോരിയിട്ട് ഒടുവില്‍ കലം ഉടയ്ക്കുന്നതുപോലെ ആയല്ലോ ശ്രീ പദ്മാനാഭാ..!

ഹിഗ്വിറ്റയുടെ കഥാകാരന്‍ എന്‍ എസ് മാധവന്‍ മലയാള മനോരമയുടെ എഡിറ്റ് പേജില്‍ എഴുതുന്നു;

“കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. പെട്ടെന്നു ഒരു ദിവസം ഉണ്ടായ പ്രതിഷേധ വിഷയമല്ല. ഒറ്റ ദിവസത്തെ പ്രതിഷേധം കൊണ്ട് തിരുന്നതുമല്ല. എന്നിട്ടും ഹര്‍ത്താല്‍ പോലൊരു പ്രതിഷേധം ലോകകപ്പ് മത്സരവേളയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതിലെ അനൌചിത്യം മനസിലാക്കാന്‍ ആ മുന്നണിയിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്?”

ഗീവര്‍ഗ്ഗീസ് അച്ഛന്‍ ഗോളിയുടെ ജന്‍മപരമ്പരകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

“എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ടു കൈകളും വിടര്‍ത്തി ഗോളി പെനല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്നു. ഗാലറികളില്‍ അന്‍പതിനായിരം തുപ്പല്‍ പറ്റിയ തൊണ്ടകള്‍ അപ്പോള്‍ നിശബ്ദമായിരിക്കും. ഒരു കാണി മാത്രം ഇടയ്ക്ക് മൂന്നു തവണ കൂവും”. (ഹിഗ്വിറ്റ)

അതേ, ‘പെനല്‍റ്റി കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത’യിലാണ് കോണ്‍ഗ്രസ്സ്. ഗോള്‍ വല സംരക്ഷിക്കേണ്ട ഹ്വിഗ്വിറ്റയെ മാത്രം കാണാനില്ല…

മറ്റ് ചില പ്രധാന വാര്‍ത്തകള്‍.
കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍ നടക്കാന്‍ എത്തിയ യു പി മുഖ്യമന്ത്രി ആദിത്യ നാഥിന്റെ ദിവസമായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയ മാത്രമല്ല കോടിയേരിയും പിണറായിയുമൊക്കെ യോഗിയെ ട്രോളി കൊല്ലുകയായിരുന്നു. കേരളം ഉത്തര്‍പ്രദേശിനെ കണ്ട് പഠിക്കണം എന്നായിരുന്നു യോഗിയുടെ ഉപദേശം.

Also Read: ആ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മറന്നു തുടങ്ങിയിട്ടില്ല; നിങ്ങളെയാണോ കേരളം കണ്ടുപഠിക്കേണ്ടത്?

ഹര്‍ത്താലിനെ കുറിച്ചുള്ള വാര്‍ത്ത ഒന്നാം പേജില്‍ നിന്നും ഒഴിവാക്കിയെങ്കിലും പെട്രോള്‍ -ഡീസല്‍ നികുതി കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം ഒന്നാം ലീഡായി കൊടുത്തിരിക്കുകയാണ് മലയാള മനോരമ. “പെട്രോളിനും ഡീസലിനും ഈടാക്കുന്ന മൂല്യ വര്‍ദ്ധിത നികുതിയായ അഞ്ചു ശതമാനം കുറച്ച് വില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. പൊള്ളുന്ന വിലയ്ക്കെതിരെ ജനരോക്ഷം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി ലിറ്ററിന് രണ്ടു രൂപ വീതം കുറച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളോടുള്ള നിര്‍ദേശം. എന്നാല്‍, നികുതി കുറയ്ക്കാന്‍, കേരള തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി”.

Also Read: ഇന്ധന വില; പോക്കറ്റടിക്കാര്‍ നാണിക്കുന്ന കൊള്ള

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്കാണെന്ന് ഒരിക്കല്‍ കൂടി പ്രധാനമന്ത്രി സമ്മതിച്ച വാര്‍ത്തയാണ് മാതൃഭൂമിയുടെ ലീഡ്. എന്നാല്‍ അത് തിരിച്ചുപിടിക്കും എന്നാണ് ഇന്നലെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി പറഞ്ഞത്.

Also Read: മോദിയുടെ സാമ്പത്തിക നയങ്ങള്‍; നട്ടെല്ലൊടിഞ്ഞ് രാജ്യം

ദേശാഭിമാനി തങ്ങളുടെ ഒന്നാം പേജ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഘപരിവാര്‍ ഭീകരതയും പ്രക്ഷോഭങ്ങളും കൊണ്ട് നിറച്ചിരിക്കുന്നു. ഇതോ ജനരക്ഷ എന്ന തലക്കെട്ടില്‍ മധ്യ പ്രദേശില്‍ കര്‍ഷകരുടെ തുണി ഉരിഞ്ഞത്, ജാര്‍ഖണ്ഡില്‍ കൌമാരക്കാരായ സഹോദരിമാരെ കൂട്ട ബലാത്സംഗം ചെയ്തത്, ഗുജറാത്തിലെ മീശ പിരി ദളിത് പ്രതിഷേധം, രാജസ്ഥാനില്‍ കര്‍ഷകര്‍ കഴുത്തറ്റം കുഴിയില്‍ ഇറങ്ങി നിന്നു നടത്തുന്ന സമരം എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശാഭിമാനിയുടെ ഒന്നാം പേജ് ഒരു പോസ്റ്ററായി നമ്മുടെ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല.

Also Read: മീശവച്ചതിന് ഗുജറാത്തില്‍ വീണ്ടും ദളിത്‌ യുവാവിന് മര്‍ദ്ദനം; മീശ പിരിച്ച് പ്രതിഷേധവുമായി യുവാക്കള്‍

വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ അത്ര ‘നേരിയ’തല്ലാത്ത മാറ്റം സംഭവിക്കാന്‍ പോകുന്നു എന്നതാണു കേരള കൌമുദിയുടെ ലീഡ്. ഇപി ജയരാജന്‍ കുറ്റവിമുക്തനായി പുറത്തു കാത്തു നില്‍ക്കുന്നതും തോമസ് ചാണ്ടി ആരോപണ ശരശയ്യയില്‍ ഊര്‍ദ്ധന്‍ വലിച്ചുകിടക്കുന്നതും തന്നെ കാരണം.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ സമര മാര്‍ഗ്ഗമായി തിരഞ്ഞെടുത്ത് എന്നതിന് ഉത്തരം മലയാള മനോരമയുടെ ഉള്‍പേജില്‍ ഉണ്ട്. തൃശൂരില്‍ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ നീന്തല്‍ സമരം നടത്തി മുങ്ങിച്ചാകാന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മത്സ്യ തൊഴിലാളികളും തീരദേശ സേനയും കൂടിയാണ് രക്ഷപ്പെടുത്തിയത്.

രക്തസാക്ഷി ക്ഷാമമനുഭവിക്കുന്ന കോണ്‍ഗ്രസ്സിന് ഇന്നലെ രണ്ടു രക്തസാക്ഷികളെ കിട്ടിയേനെ… അതും വെള്ളത്തിലായി!

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍