UPDATES

ട്രെന്‍ഡിങ്ങ്

‘സിപിഎം പ്രസ്താവന പ്രവാചക നിന്ദ’; പ്രിയ പടനായകാ, ഇതും പറഞ്ഞ് ഏത് കോട്ടകൊത്തളങ്ങള്‍ കീഴടക്കാനാണ് താങ്കള്‍ പോകുന്നത്?

പ്രൊഫ. ടി ജെ ജോസഫ് മാഷിന്റെ കൈ വെട്ടാനും മാതൃഭൂമി പത്രം കത്തിച്ചു പ്രതിഷേധിക്കാനും ഇസ്ലാം മതമൌലിക വാദികള്‍ ഇതേ വാക്ക് തന്നെയാണ് ഉപയോഗിച്ചത് എന്നത് ‘പടനായകന്‍’ ഓര്‍ക്കുന്നത് നന്നായിരിക്കും.

“ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന് എടുത്തുപറഞ്ഞുള്ള സിപിഎമ്മിന്റെ പ്രസ്താവന പ്രവാചകനെ അപമാനിക്കുന്നതാണ്”- മുക്കത്തെ ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ്ലനുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതായി വന്ന പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പടയൊരുക്ക’ത്തിനിടെ വയനാട് ജില്ലയില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് രമേശ് ചെന്നിത്തല ഇങ്ങനെ പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം തീവ്രവാദികളോടൊപ്പം യുഡിഎഫ് മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത് ഗൗരവമായി മതനിരപേക്ഷ ശക്തികള്‍ കാണണം” എന്നതാണ് സിപിഎം പ്രസ്സ് റിലീസിലെ വിവാദ പരമാര്‍ശം.

നവംബര്‍ രണ്ടിന് ഇറക്കിയ പ്രസ്താവന വിവാദമാവുകയും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തതോടെ സിപിഎം വിശദീകരണവുമായി രംഗത്തെത്തി.

കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നവംബര്‍ 4-ന് ഇങ്ങനെ കുറിച്ചു.

ഗെയ്ൽ സമരത്തിന്റെ അരങ്ങിലും അണിയറയിലും കളിക്കുന്ന ചില മത തീവ്രവാദ ഗ്രൂപ്പുകളെ പരാമർശിച്ച് കൊണ്ട് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ വന്ന ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ചില മതതീവ്രവാദ ഗ്രൂപ്പുകളൂം വി ടി ബാലറാമിനെ പോലുള്ള കോൺഗ്രസ് നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പടർത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണീ കുറിപ്പ്.
.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു വ്യവസായ, വികസന പദ്ധതിക്കെതിരെ വൈകാരികമായി ജനങ്ങളെ ഇളക്കിവിട്ടവരെയാണ് ഇസ്ലാം എതിർത്ത് പോന്ന പ്രാകൃത ബോധത്തിന്റെ പ്രതിനിധികളായി ആ പ്രസ്താവനയിൽ സൂചിപ്പിച്ചത്.

പ്രാകൃതമായ ഗോത്രാവസ്ഥയിൽ നിന്നും കാർഷിക, വാണിജ്യ വ്യവസ്ഥയിലേക്ക് പരിവർത്തനപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്ലാമിന്റെ ഉദയത്തെ മാർക്സിസ്റ്റുകൾ കാണുന്നത്.

മുഹമ്മദ് നബി അജ്ഞതയിൽ തളച്ചിടപ്പെട്ട പ്രാകൃതമായ ഗോത്ര ബോധത്തിലും പരസ്പര കലാപങ്ങളിലും അഭിരമിച്ചിരുന്ന ഒരു ജനസമൂഹത്തെയാണ് സമാധാനത്തിന്റെയും ഏകതയുടെയും വഴികളിലേക്ക് നയിച്ചത്. ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടേതുമായ ഗോത്ര പ്രാകൃത ബോധത്തെയാണ് ഇസ്ലാം ചോദ്യം ചെയ്തത്. ഭിന്നതയുടെയും സംഘട്ടനങ്ങളുടെയും മനോഭാവത്തിൽ നിന്നും മനുഷ്യഹൃദയങ്ങളെ ഏകദൈവ വിശ്വാസത്തിലുടെ ഉദ്ഗ്രഥിച്ചെടുക്കാനാണ് തന്റെ പ്രബോധനങ്ങളിലൂടെ
നബി യത്നിച്ചത്.

മതത്തെ പരസ്പരം വേർപിരിഞ്ഞിരിക്കാനും ശത്രുത പടർത്താനുമുളള ഉപകരണമാവാതിരിക്കാനാണ് പ്രവാചകൻ ജാഗ്രതപ്പെട്ടത്. മദീന സ്റ്റേറ്റിന്റെ രൂപീകരണ സന്ദർഭത്തിൽ അത് കൃത്യമായി വ്യക്തമാക്കപ്പെടുകയും ചെയ്തു. മദീന ഗവർമെന്റിന് കീഴിൽ എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമായിരിക്കുമെന്ന് അനുയായികളെ സംശയരഹിതമായി നബി ബോധ്യപ്പെടുത്തി. ഇസ്ലാമിന് മുമ്പ് അറബ് ജനത ഹൃദയത്തിലേററിയ ജൂത, ക്രൈസ്തവ മതങ്ങളുടെ മഹാത്മ്യത്തെ എടുത്തുപറഞ്ഞു ഇസ്ലാമിന്റെ ഈ ചരിത്ര ദർശനത്തിന് വിരുദ്ധദിശയിൽ ഭീകരവാദം പടർത്തുന്ന ഐഎസും അതിന്റെ ഇന്ത്യൻ പതിപ്പുകളും നബി എതിർത്ത അജ്ഞതയടെയും പ്രകൃത ബോധത്തിന്റെയും പ്രതിനിധികളാണ്.

അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആശങ്കകൾ വളർത്തി മുക്കം സംഭവങ്ങളുടെ അണിയറയിൽ കളിച്ചത്.

സിപിഎം പ്രസ്താവനയെ രാഷ്ട്രീയ താത്പര്യത്തോടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രയോഗിച്ച നേതാക്കളില്‍ ഒരാള്‍ വി.ടി ബല്‍റാം എംഎല്‍എ ആയിരുന്നു.

“ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം”
അതാണ്‌ ഹൈലൈറ്റ്‌ !!
കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ചുവിട്ട്‌ പിണറായി വിജയന്റെ സിപിഎമ്മിൽ ലയിക്കണം. ഇവിടെ നിങ്ങൾ വെവ്വേറെയായി നിൽക്കേണ്ട ഒരു ആവശ്യവുമില്ല.”

അതിന്റെ ചുവടു പിടിച്ച് സിപിഎമ്മിന്റെ പ്രസ്താവനയില്‍ എവിടേയും പറയാത്ത, അതേ സമയം അത് സംബന്ധിച്ച വ്യാഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘പ്രവാചകനിന്ദ’ എന്ന വാക്കുപയോഗിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനിറങ്ങുകയാണ് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന രമേശ് ചെന്നിത്തല. താത്ക്കാലിക ലാഭത്തിന് വേണ്ടിയുള്ള ഈ കളി തീക്കളിയാണെന്ന് ഉപദേശിച്ചു കൊടുക്കാന്‍ അദ്ദേഹത്തിന് ഉപദേശികള്‍ ആരുമില്ലേ?

പ്രൊഫ. ടി ജെ ജോസഫ് മാഷിന്റെ കൈ വെട്ടാനും മാതൃഭൂമി പത്രം കത്തിച്ചു പ്രതിഷേധിക്കാനും ഇസ്ലാം മതമൌലിക വാദികള്‍ ഇതേ വാക്ക് തന്നെയാണ് ഉപയോഗിച്ചത് എന്നത് ‘പടനായകന്‍’ ഓര്‍ക്കുന്നത് നന്നായിരിക്കും. സാല്‍മന്‍ റഷ്ദിക്കെതിരെ ഇസ്ളാമിക നേതാവ് ആയത്തുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചതും തസ്ലീമ നസ്രീനെ നാട്ടില്‍ നിന്നും ഓടിച്ചതും മതേതര ബ്ലോഗര്‍മാരെ നടു റോഡില്‍ വെട്ടിക്കൊന്നതും ഇതേ പ്രവാചകന്റെ പേര് പറഞ്ഞാണ്. നബിയെ നിഷേധിച്ച് നിരീശ്വര വാദിയായി എന്ന കുറ്റത്തിന് 31കാരനായ എച്ച് ഫാറൂഖ് എന്ന യുവാവിനെ രാത്രിയുടെ മറവില്‍ കൊലപ്പെടുത്തിയതും ഈ അടുത്ത കാലത്താണ്.

കേരളത്തിന്റെ പുരോഗതിക്ക് അതീവ പ്രാധാന്യമുള്ള പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നത് ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ആണെന്ന സിപിഎമ്മിന്റെ പ്രസ്താവന കടന്ന വര്‍ത്തമാനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ട ആളുകള്‍ ഒന്നിച്ചുകൂടി നടത്തുന്ന സമരമെല്ലാം തീവ്രവാദ പ്രവര്‍ത്തനമാണോ? കീഴാറ്റൂരില്‍ ഹൈവേ വികസനത്തിന് എതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ അടക്കം നടത്തിയ സമരത്തിലും തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്നു സിപിഎം ആരോപിച്ചിരുന്നു.

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

എസ് ഡി പി ഐ, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകളാണ് ഗെയ്ല്‍ സമരത്തിന്റെ മുന്‍നിരയില്‍ എന്നാണ് നവംബര്‍ 3-ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. “അയല്‍ ജില്ലയില്‍ നിന്നും ഇത്തരം വര്‍ഗ്ഗീയ സംഘടനകളുടെ നേതാക്കള്‍ മുക്കത്തും പരിസരങ്ങളിലും തമ്പടിച്ചാണ് ആക്രമണത്തിന് കോപ്പ് കൂട്ടുന്നത്.” അയല്‍ ജില്ല എന്നു പറഞ്ഞാല്‍ മലപ്പുറം. മലപ്പുറത്തെ കുറിച്ചുള്ള സംഘപരിവാര്‍ നരേറ്റിവിനെ ഇത്ര നഗ്നമായി സിപിഎം പിന്തുണയ്ക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.

ഗെയ്ല്‍ സമരസമിതി ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. ഒരു ഘട്ടത്തില്‍ സിപിഎം അടക്കം അതില്‍ പങ്കാളികളായിരുന്നു. ഇപ്പോഴും ചില സിപിഎം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നിട്ടും, ‘വ്യാപകമായ അക്രമ പ്രവര്‍ത്തനങ്ങള്‍’ നടന്നതിന് ശേഷമാണോ ‘തീവ്രവാദ സംഘടനകള്‍’ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നു മനസിലാക്കുന്നത്.

ഗെയ്ല്‍ പൈപ്പ് ലൈന്‍ ഇടുന്ന പ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കാന്‍ ദിവസങ്ങളായി എരഞ്ഞിമാവിലും മുക്കത്തുമുള്ള പോലീസ് സംഘത്തിന് തീവ്രവാദികളെ മനസിലായില്ലേ? സിപിഎം പ്രസ്താവന വേണ്ടി വന്നോ പാക് വംശജനായ അമേരിക്കന്‍ ഭീകരവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ചോദ്യം ചെയ്ത ലോകനാഥ ബെഹ്റയ്ക്ക് മനസിലാകാന്‍?

ഗെയ്ല്‍ വിഷയത്തില്‍ ഏറെ കൌതുകത്തോടെ നിരീക്ഷിക്കപ്പെട്ട കാര്യമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാടിലുള്ള സമാനത. കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സഹായത്തോടെ തീവ്രവാദ സംഘടനകള്‍ നടത്തുന്ന സമരമാണ് ഇതെന്നാണ് ബിജെപി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്.

പ്രണയത്തിന്റെ ബോംബ് പൊട്ടിയ മുക്കത്ത് മറ്റൊരു ‘ബോംബ്’

‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധവും’ ‘പ്രവാചകനിന്ദ’യും സംഘപരിവാറിന് പകരുന്ന ഊര്‍ജ്ജം ചെറുതല്ല. രണ്ടാഴ്ച നീണ്ട ജനരക്ഷാ യാത്രയില്‍ കിട്ടിയതിനെക്കാള്‍ രാഷ്ട്രീയ ഊര്‍ജ്ജമാണ് ഈ വിവാദത്തിലൂടെ ബിജെപിക്ക് കിട്ടിയിരിക്കുന്നത്.

പേരിനു മാഷാണെങ്കിലും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ക്ക് ഈ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാകും എന്നു തോന്നുന്നില്ല. പക്ഷേ, രമേശ് ചെന്നിത്തല, താങ്കളുന്നതമായ പദവിയില്‍ ഇരിക്കുന്നയാളല്ലേ? ഇത്തരമൊരു തീവ്ര മത പ്രസ്താവന ഉയര്‍ത്തി അധികാരത്തിന്റെ ഏത് സാമ്രാജ്യമാണ് താങ്കള്‍ പടയൊരുക്കി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. താങ്കളെ കാത്തിരിക്കാന്‍ അങ്ങനെയൊരു സാമ്രാജ്യവും ജനങ്ങളും ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ്?

ഇനി വിടി ബല്‍റാമിനോട്, കാള പെറ്റെന്നു കേട്ട ഉടനെ കയര്‍ എടുക്കുന്ന രീതി താങ്കള്‍ക്ക് പണ്ടേ ഉണ്ട്. അത് താങ്കളുടെ പ്രായത്തിന്‍റേതാണ്. ഈ സ്ക്രീന്‍ ഷോട്ട് ഒന്നു വായിച്ചു നോക്കുക. ജമാ അത്തെ ഇസ്ലാമിയുടെ മുഖവാരികയായ പ്രബോധനത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ ലിങ്കും താഴെ കൊടുക്കുന്നു. തലക്കെട്ട് ഇങ്ങനെ “ഐസിസ് പുനരുത്പാദിപ്പിക്കുന്നത് ഏഴാം നൂറ്റാണ്ടിലെ കിരാത ഗോത്ര നിയമം

ജമാ അത്തെ ഇസ്ലാമിക്കാര്‍ക്കും ഒരിക്കല്‍ കൂടി വായിക്കാം.തങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിയാനെങ്കിലും അത് ഉപകരിക്കും.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ; നിയമം പറയുന്ന അധികാരികളും ആശങ്കകള്‍ അടങ്ങാത്ത ജനങ്ങളും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍