UPDATES

ശശികല, സന്തോഷ് പണ്ഡിറ്റ്, സെബാസ്റ്റ്യന്‍ പോള്‍; ആനന്ദലബ്ദിക്ക് എന്തുവേണം മലയാളിക്ക്?

എന്തായാലും ക്രൂരമായി ആക്രമിക്കപ്പെട്ട നടി രണ്ടാം ദിവസം എങ്ങനെ ജോലിക്കു പോയി എന്ന് പിസി ജോര്‍ജ്ജിനെ പോലെ ചോദിക്കാതിരിക്കാന്‍ താങ്കള്‍ കാണിച്ച നിയന്ത്രണത്തെ അഭിനന്ദിക്കുന്നു.

“മതേതരവാദികളായ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത്, മക്കളേ ആയുസ്സിനായി ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം കഴിച്ചോളൂ.”- ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല.

“ഇത്രയും കാലം താങ്കൾ എത്രയോ കോടികൾ ഈ ഇന്തൃയിൽ നിന്നും ജോലി ചെയ്തു ഉണ്ടാക്കി. ഇനിയും കുറേ കോടികൾ ഉണ്ടാക്കും. മ്യൂസിക്കിനേയും ദെെവം തന്ന അപാരമായ ടാലന്‍റിനേയും ഭംഗിയായ് വിറ്റു കാശാക്കുന്നു.ഇന്ത്യ പെട്ടന്നൊന്നും താങ്കളുടെ സ്വപ്ന ഇന്ത്യ ആകില്ല. ഇന്തൃയിൽ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെങ്കിൽ ഇവിടെ തന്നെ തുടർന്നോളൂ. all the best. അല്ലെങ്കിൽ പോകൂ” – സിനിമാ സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്.

“ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ചോദ്യങ്ങളിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്നത്. ഗൗരിക്ക് ലഭിച്ചതുപോലെ ചിലപ്പോള്‍ വെടിയുണ്ടകളായിരിക്കും മറുപടി. എന്നാലും ചോദ്യങ്ങള്‍ അവസാനിക്കരുത്.”- ഇടതുപക്ഷ പ്രവര്‍ത്തകനും മുന്‍ എം പിയും അഭിഭാഷകനും സൌത്ത് ലൈവ് ചീഫ് എഡിറ്ററുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍.

ഇന്നലെ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും കൈകാര്യം ചെയ്ത ഈ മൂന്നു വാര്‍ത്തകളില്‍ പൊതുവായി ഒരു ഘടകം ഉണ്ടായിരുന്നു. അത് ഗൌരി ലങ്കേഷ് ആയിരുന്നു. ഹിന്ദുത്വയ്ക്കെതിരെ സന്ധിയില്ലാത്ത നിലപാട് കൈകൊണ്ടതിന് സ്വന്തം വീടിന് മുന്‍പില്‍ വെടിയേറ്റ് കൊലചെയ്യപ്പെട്ട ഗൌരിയുടെ പേര്‍ നാണംകെട്ട തങ്ങളുടെ നിലപാട് വിളിച്ചു പറയാന്‍ മേല്‍പ്പറഞ്ഞ ‘മഹദ്’വ്യക്തികള്‍ ഉപയോഗിച്ചതില്‍ നമ്മള്‍ ലജ്ജിക്കുക എന്നു പറഞ്ഞുകൊണ്ടു തുടങ്ങട്ടെ.

ശശികലയുടേത് കാളകൂട വിഷമാണ്. അവരീപണി തുടങ്ങിയിട്ട് കാലം കുറെയായി. വാ തുറന്നാല്‍ അപരമത വിദ്വേഷവും ഭീഷണിയും മാത്രം തുപ്പുന്ന ഇവരെ എന്തുകൊണ്ട് നിയമ സംവിധാനം വെറുതെ വിടുന്നു എന്നാലോചിച്ചിട്ട് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പറവൂര്‍ മുന്‍സിപ്പല്‍ ജങ്ഷന് സമീപം ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന്‍ റാലി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ശശികല വിഷം വമിപ്പിച്ചിരിക്കുന്നത്. ശശികലയും മറ്റ് നേതാക്കളും നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിനെതിരെ വിഡി സതീശന്‍ എംഎല്‍എയും ഡിവൈഎഫ് ഐ പറവൂര്‍ ബ്ളോക്ക് പ്രസിഡന്‍റും പരാതി നല്കിയിട്ടുണ്ട്. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

“പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ സ്വയരക്ഷയ്ക്ക് മൃത്യുഞ്ജയ പൂജ നടത്തണമെന്ന് പറയുന്നത് നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന്” മുഖ്യമന്ത്രി പറഞ്ഞു. “ഇതൊക്കെ പറയാന്‍ കേരളത്തിലും ആളുണ്ടാവുന്നു എന്നത് ലജ്ജാകരമാണ്” പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ശശികലയ്ക്ക് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണം എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

“ഗ്രഹണകാലത്ത് പൂഴിനാഗത്തിനും വിഷമുണ്ട് എന്ന പഴഞ്ചൊല്ല് പോലെയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ കാര്യം. വികസനത്തിന്റെ പേരിൽ വോട്ട് ചോദിച്ച് അധികാരത്തിൽ വന്ന മോദിയുടെ പരാജയങ്ങൾ മറയ്ക്കാൻ വർഗ്ഗീയത ആളിക്കത്തിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്.” വി ഡി സതീശന്‍ എംഎല്‍എ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞതില്‍ കൂടുതല്‍ എന്താണ് ഈ വര്‍ഗീയ കോമരത്തോട് പറയാനുള്ളത്. അതിങ്ങനെ…

“ശശികല, നിങ്ങളെ പോലെ ഉള്ളവരുടെ കാലത്ത് ജീവിച്ചിരുന്നാൽ തന്നെ ജീവിതത്തോട് ഒരുതരം അവജ്ഞ ചിന്തിക്കുന്നവരിൽ ഉണ്ടാകും. അതുകൊണ്ട്, മൃത്യു ഒരു അനുഗ്രഹം തന്നെ.. അഭിമാനമുള്ളവരുടെ മുൻപിലുള്ള അനിവാര്യമായ ലക്‌ഷ്യവും അത് തന്നെയാണ്. മരണം നമ്മെ ഭയപ്പെടുത്തുന്നുവെങ്കിൽ മനഃക്ഷോഭം കൂടാതെ എങ്ങനെ ഒരടി മുന്നോട്ടു വെക്കാൻ കഴിയും? ശശികല, നിങ്ങൾ എത്ര നികൃഷ്ടമായ മൂഡത്വം!! നിങ്ങളുടെ അജ്ഞത എത്ര വൃത്തികെട്ടത്!!!!”

ഇനി എല്ലാം പോലീസ് തീരുമാനിക്കട്ടെ…

Also Read: പറവൂരിലെ വിദ്വേഷ പ്രസംഗം: ശശികലയ്‌ക്കെതിരെ കേസെടുത്തു

എന്നാല്‍, ശശികല കോണ്‍ഗ്രസിനെയാണ് പറഞ്ഞെതെന്നും ശശികല ‘ശരിക്കും’ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിട്ടില്ലെന്നും വായനക്കാരെ അറിയിക്കാനുള്ള ഉത്സാഹം മാതൃഭൂമിയില്‍ കാണാം. അതും ഒന്നാം പേജില്‍. ശശികല പറഞ്ഞത് ബോക്സ്‌ വാര്‍ത്തയായി പ്രത്യേകം കൊടുത്തിട്ടുമുണ്ട്. അതിങ്ങനെ: “ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തവമില്ല. അല്ലെങ്കില്‍ ഗൌരിമാരെമാരെ പോലെ നിങ്ങളും ഇരയാക്കപ്പെടും. പ്രതിയെ പിടിച്ചില്ല. കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പറഞ്ഞ കാര്യം എന്താ. അവര്‍ ആര്‍.എസ്.എസുകാരെ എതിര്‍ക്കുന്നു. ആര്‍.എസ്.എസുകാരെ എതിര്‍ത്താലല്ലേ ഇവിടെ എഴുത്തുകാരാകൂ. അങ്ങനെ കൊന്നൊടുക്കിയാല്‍ പിന്നെ ഇവിടെ എഴുത്തുകാര്‍ എന്ന വര്‍ഗം ഉണ്ടാകില്ല.കോണ്‍ഗ്രസിനാണ് അവിടെ ഒരു കൊലപാതകം ആവശ്യം”. മാതൃഭൂമി കുറച്ച് കാലമായി നടത്തി വരുന്ന പത്രപ്രവര്‍ത്തനത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നു മനസിലാകുന്നവര്‍ക്ക് ഇതും മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.

എന്നാല്‍ കേരളത്തിലെ എഴുത്തുകാര്‍ സൂക്ഷിച്ചോളൂ എന്നൊക്കെ ഭീഷണി, അതും തുടര്‍ച്ചയായി ഇത്തരത്തില്‍ പ്രസംഗിക്കുന്ന ഒരാളില്‍ നിന്ന് വരുന്ന ഭീഷണി അത്ര ചെറുതായി കാണേണ്ടതില്ല. സംഘപരിവാര്‍ ശക്തികള്‍ കൊലപ്പെടുത്തിയിട്ടുള്ള ഒരു കേസിലും അല്ലെങ്കിലും പ്രതിസ്ഥാനത്ത് അവര്‍ വരാറില്ലല്ലോ. ഇപ്പോള്‍ പറഞ്ഞത് പോലെ കോണ്‍ഗ്രസിന്റെയോ അല്ലെങ്കില്‍ ന്യൂനപക്ഷങ്ങളുടെയോ ഒക്കെ പേരാണ് അവിടെ ഉയരാറുള്ളത് എന്ന് മലെഗാവിലും ഒക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്.

മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെയുള്ള പാരഡിയായി ഉയര്‍ന്നു വന്ന  വാല്‍ നക്ഷത്രമാണ് സന്തോഷ് പണ്ഡിറ്റ്. യുവാക്കളും സാമൂഹ്യ മാധ്യമങ്ങളും താരമാക്കിയതോടെ മാധ്യമങ്ങള്‍ക്ക് ഇയാള്‍ സെലിബ്രിറ്റിയായി. ഇയാളുടെ അസംബന്ധങ്ങള്‍ വിറ്റ് കാശാക്കാന്‍ ചാനലുകള്‍ മത്സരിച്ചു.  പത്ര സമ്മേളനങ്ങള്‍ കോമഡി ഷോകളായി. ഇടയില്‍ ഇയാള്‍ താരങ്ങളുടെ പാത പിന്തുടര്‍ന്ന് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങി. അട്ടപ്പാടിയിലും മറ്റുമുള്ള ആദിവാസി കോളനികളിലേക്ക് അരിച്ചാക്ക് ചുമന്നു പണ്ഡിറ്റ് പ്രത്യക്ഷപ്പെട്ടു. ചില ടി.വി ഷോകളില്‍ ഇയാള്‍ വംശീയ അധിക്ഷേപത്തിന് വരെ വിധേയനായി. അങ്ങനെ മലയാളിക്ക് സ്വയം നോക്കാനുള്ള കണ്ണാടിയായി സന്തോഷ് പണ്ഡിറ്റ് എന്ന നവ മാധ്യമ താരം മാറി. എന്തും പറയാനുള്ള ലൈസന്‍സ് മലയാളി ഇയാള്‍ക്ക് കൊടുത്തു. എന്നിട്ട് അത് ആഘോഷിച്ചു. അതാണ് ഇന്നലെ നമ്മള്‍ കേട്ടത്. പ്രാച്ചി സന്യാസിനിയെ പോലെ പാക്കിസ്ഥാന്‍ എന്ന വാക്ക് ഉപയോഗിച്ചില്ല എന്നു മാത്രം.

കൂടുതല്‍ പറയുന്നില്ല. സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് അഴിമുഖം ഇന്നലെ പ്രസിദ്ധീകരിച്ച കമന്‍ററി ഇവിടെ വായിക്കാം; ‘സോറി സന്തോഷ് പണ്ഡിറ്റ്; നിങ്ങളെ തെറ്റിദ്ധരിച്ചു പോയതിന്’

ഇനി ഡോ. സെബാസ്റ്റ്യന്‍ പോളിനോട്,

നീതി നിഷേധത്തിനെതിരെയും നിയമ ലംഘകര്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട്  താങ്കള്‍ നടത്തുന്ന പ്രസംഗങ്ങളും എഴുത്തുകളും ചാനല്‍ സംവാദങ്ങളും മാധ്യമ വിചാരണകളും മലയാളികള്‍ക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെ മലയാളിയുടെ പൊതുവിടത്തില്‍ താങ്കള്‍ക്ക് അര്‍ഹതപ്പെട്ട ഇരിപ്പിടം തന്നെ ഉണ്ടായിരുന്നു.

അതേ, ഉണ്ടായിരുന്നു എന്ന വാക്ക് തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്.

കാരണം ഇന്നലെ താങ്കള്‍ പത്രാധിപരുടെ ചുമതല വഹിക്കുന്ന സൌത്ത് ലൈവ് എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടലില്‍ പത്രാധിപ കുറിപ്പ് എന്ന പേരില്‍ എഴുതിയ പി.ആര്‍ വാചകമടിയുടെ ദുര്‍ഗന്ധം അത്രമേല്‍ എന്നെ അസ്വസ്ഥമാക്കിയിരിക്കുന്നു. ഇന്നലെ വൈകിട്ട് താങ്കളുടെ സാഹിത്യം പ്രസിദ്ധീകരിച്ചതിന് ശേഷം വന്ന നവ മാധ്യമ പ്രതികരണങ്ങളില്‍ നിന്നും ഈ അസ്വസ്ഥത എന്റെ മാത്രം പ്രശ്നമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു.

താങ്കളുടെ സഹപ്രവര്‍ത്തകര്‍ പോലും ആ പത്രാധിപ കുറിപ്പ് അംഗീകരിക്കുന്നില്ല എന്നതിന് തെളിവിതാ താഴെ..

ദിലീപ് എന്ന പൌരന്‍ നേരിടുന്ന നീതി നിഷേധത്തിനെതിരെ സംസാരിക്കാന്‍ തങ്കള്‍ക്ക് അവകാശമുണ്ട്. അത് താങ്കള്‍ ചെയ്തുകൊള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ മദ്നിയുടെ കേസില്‍ അടക്കം താങ്കള്‍ കൈകൊണ്ട ശക്തമായ നിലപാടുകള്‍ പുരോഗമന ചിന്താഗതിക്കാരെ ഏറെ ആഹ്ളാദിപ്പിച്ചതാണ്. എന്നാല്‍ ആ ലൈസന്‍സ് താങ്കള്‍ തെറ്റായ ഇടത്ത് തെറ്റായ രീതിയില്‍ പ്രയോഗിച്ചിരിക്കുന്നു.

ദിലീപിന് വേണ്ടി വക്കാലത്ത് പറയുമ്പോള്‍ താങ്കള്‍ എടുത്തു വീശിയ വാദങ്ങള്‍ അത്രമേല്‍ അരോചകവും അടിസ്ഥാനരഹിതവുമായിരുന്നു. മാധ്യമങ്ങളെ വിചാരണ ചെയ്യുമ്പോള്‍ അളന്നു തൂക്കി നടത്തുന്ന വാഗ് പ്രയോഗങ്ങള്‍ അല്ല ആ എഡിറ്റോറിയലില്‍ കണ്ടത്. ദിലീപിനെ ന്യായീകരിക്കാന്‍ വേണ്ടി നടത്തിയ വൃഥാ ശ്രമത്തില്‍ താങ്കള്‍ മദ്നിയെയും ഗൌരി ലങ്കേഷിനെയും ദീദി ദാമോദരനെയും മഞ്ജുവാര്യരെയും ഒക്കെ വലിച്ചിഴച്ചിരിക്കുന്നു എന്നതാണ് ആ എഴുത്തിലെ മഹാപരാധം.

Also Read: ആലുവാ ജയിലിലേക്കുള്ള സിനിമാക്കാരുടെ ലോംഗ് മാര്‍ച്ച് ഒരു ‘ക്രിമിനല്‍ ഗൂഡാലോചന’ തന്നെയാണ്

“വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണ്.” എന്ന പ്രയോഗത്തിലെ അര്‍ഥ ഗാംഭീര്യത്തില്‍ താങ്കള്‍ ചിലപ്പോള്‍ നിര്‍വൃതി കൊണ്ടിട്ടുണ്ടാകും. എന്നാല്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്ന കൂലി എഴുത്തുകാരനെ തിരിച്ചറിയാന്‍ ഈ വരികള്‍ ഒന്നു അപനിര്‍മ്മിച്ചാല്‍ മാത്രം മതി പ്രബുദ്ധരായ വായനക്കാര്‍ക്ക്.

“ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്. ആക്രമിക്കപ്പെട്ടവള്‍ ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ട്. അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികള്‍ക്കെതിരെയും പള്‍സര്‍ സുനി നടത്തിയതായി വാര്‍ത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്.”

Also Read: മറ്റേ ബാബയുടെ ടീം നടത്തിയപോലെയല്ലെങ്കിലും ഒരു ചെറിയ കലാപമൊക്കെ നടത്താം; ദിലീപ് അനുകൂലികളോട് ആഷിഖ് അബു

പള്‍സര്‍ സുനി മാത്രമാണു പ്രതി എന്നു തീരുമാനിക്കാന്‍ എന്തു തെളിവാണ് താങ്കളുടെ കയ്യില്‍ ഉള്ളത്? ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പരസ്പര സഹായമാകാമല്ലോ..!

എഡിറ്റോറിയലിലെ മറ്റൊരു തള്ളല്‍ കൂടി, “ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ചോദ്യങ്ങളിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്നത്. ഗൗരിക്ക് ലഭിച്ചതുപോലെ ചിലപ്പോള്‍ വെടിയുണ്ടകളായിരിക്കും മറുപടി. എന്നാലും ചോദ്യങ്ങള്‍ അവസാനിക്കരുത്.”

ഒടുവില്‍ ഇങ്ങനെ പറഞ്ഞു വെക്കുന്നു, “അയാളെ പുറത്തുനിര്‍ത്തി നമുക്ക് വിചാരണയിയേക്ക് കടക്കാം. കുറ്റക്കാരനെന്നു കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ!” (സൌത്ത് ലൈവ് എഡിറ്റോറിയല്‍)

എന്തായാലും ക്രൂരമായി ആക്രമിക്കപ്പെട്ട നടി രണ്ടാം ദിവസം എങ്ങനെ ജോലിക്കു പോയി എന്ന് പിസി ജോര്‍ജ്ജിനെ പോലെ ചോദിക്കാതിരിക്കാന്‍ താങ്കള്‍ കാണിച്ച നിയന്ത്രണത്തെ അഭിനന്ദിക്കുന്നു.

Also Read: ‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍