UPDATES

ട്രെന്‍ഡിങ്ങ്

അപ്പോള്‍, വിദ്യാഭ്യാസ വകുപ്പിലെ ആ ആര്‍എസ്എസുകാരന്‍ ആരാണ് മന്ത്രി?

സ്കൂള്‍ കുട്ടികള്‍ക്ക് ഹിന്ദുത്വയുടെ ‘പ്രച്ഛന്നവേഷ’ മത്സരം; നടത്തിപ്പ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്

ഇന്നലെ കോളേജ് അദ്ധ്യാപക സംഘടനയുടെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് “മതനിരപേക്ഷതയെ അപകടപ്പെടുത്താന്‍ വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തുന്നു” എന്നാണ്.

ഇന്നലെ പുറത്തു വന്ന മറ്റൊരു വാര്‍ത്ത ജനസംഘം സ്ഥാപകനും ആര്‍ എസ് എസ് നേതാവുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രബന്ധ രചന, കവിതാ രചന, പ്രച്ഛന്ന വേഷം തുടങ്ങിയ മത്സരങ്ങള്‍ നടത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി എന്നതാണ്. ഹിന്ദുത്വ നേതാവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളുമാണ് വിഷയം എന്നു ദി ഹിന്ദുവും മറ്റ് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോടുനിന്നും മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരുന്നു. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ ആര്‍എസ്എസ് നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നു എന്നതായിരുന്നു അത്. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി വിവിധ ക്ലാസുകളിലേക്കായി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി വിതരണം ചെയ്ത പുസ്തകങ്ങളിലാണ് സംഘപരിവാര്‍ അനുകൂലവും ചരിത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ നാല് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് വിദ്യാഭാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയ്ക്കായി എല്ലാ സ്‌കൂളുകളിലും വിദ്യാഭാരതി നേരിട്ട് പ്രത്യേക പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു.

ആ പുസ്തകങ്ങളിലെ ചില വിജ്ഞാന മുത്തുകള്‍ ഇങ്ങനെ; “ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കമുണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗെവാറെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി കാശ്മീരില്‍ രക്തസാക്ഷിത്വം വരിച്ച വീരബലിദാനിയാണ് ശ്യാമപ്രസാദ് മുഖര്‍ജിയെന്നുമൊക്കെയാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. മഥുരയില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചെന്നും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പുസ്തകം വിശദീകരിക്കുന്നുണ്ട്.”

കൂടുതല്‍ വായിക്കാം:

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ സംഘപരിവാര്‍ അനുകൂല പുസ്തകങ്ങള്‍

ഇന്നലെയാണ് ഒഡീഷയിലെ പൈക പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചത്. ഈ കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞത് കുട്ടികള്‍ “ശരിയായ ചരിത്രം പഠിക്കണം” എന്നാണ്.

വിദ്യാഭാരതിയുടെ സ്കോളര്‍ഷിപ്പ് പുസ്തകങ്ങള്‍ കുഞ്ഞുങ്ങളുടെ ചരിത്ര പാഠപുസ്തകങ്ങളായി പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല. മോഹന്‍ ഭാഗവത് ഇന്നലെ തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം നേതാവ് പി പരമേശ്വരന്റെ നവതി ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞതുപോലെ ‘ആര്‍എസ്എസ് എന്ന ജീവിതരീതി’ മോറല്‍ സയന്‍സ് പുസ്തകങ്ങളായും.

എന്തായാലും ഇടതു ഗവണ്‍മെന്‍റിന്റെ കാലത്ത് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവിതം ആഘോഷിക്കുക എന്നത് എസ് എഫ് ഐക്കും ഡി വൈ എഫ് ഐക്കും സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. പ്രതിഷേധവുമായി രംഗത്ത് എത്തിയ അവര്‍ ‘സംഘ പ്രത്യയശാസ്ത്രം’ പൊതുവിദ്യാലയങ്ങളിലേക്ക് ഒളിച്ചുകടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കെ എസ് യുവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം നിര്‍ബന്ധമായും കാണിക്കണം എന്ന നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിച്ച കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സമരം നടത്തിയ ചുണക്കുട്ടികളാണ് കെ എസ് യുക്കാര്‍.

സ്വാതന്ത്ര്യസമരം ഒന്നേ ഉണ്ടായിട്ടുള്ളൂ; പൈക ഒന്നാം സ്വാതന്ത്ര്യസമരമെങ്കില്‍ പഴശ്ശികലാപവും അങ്ങനെ തന്നെ

നിര്‍ദേശം വന്നിരിക്കുന്നത് കേന്ദ്ര മാനവവിഭവശേഷി വകുപ്പില്‍ നിന്നുമാണെന്നും അത് ഡിപിഐ അതാത് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അതായത് ഉദ്യോഗസ്ഥ തലത്തില്‍ നടന്ന നടപടി. അപ്പോള്‍ കാര്യം വിദ്യാഭ്യാസ മന്ത്രിയോ മന്ത്രിയുമായി ബന്ധപ്പെട്ടവരോ അറിഞ്ഞിട്ടില്ല എന്നു സാരം.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനെ ഇരുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഇന്നലെ ഇങ്ങനെ പറഞ്ഞത്, “പാഠപുസ്തകങ്ങളില്‍ വര്‍ഗ്ഗീയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കുട്ടികളുടെ മനസിനെ വര്‍ഗ്ഗീയ വിഷമുള്ളതാക്കി മാറ്റുന്നു. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനെയാണ് അത് ഏല്‍പ്പിച്ചിരിക്കുന്നത്”.

അപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലെ ആ ആര്‍എസ്എസുകാരനെ എത്രയും വേഗം പടിക്കുപുറത്താക്കുകയല്ലേ ബഹു. വിദ്യാഭ്യാസ മന്ത്രി?

“സമൂഹത്തിന്റെ താത്പര്യത്തിന് അനുസരിച്ചായിരിക്കണം ഒരു കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടത്”- ദീന്‍ ദയാല്‍ ഉപാധ്യായയുടെ വചനങ്ങളില്‍ ഒന്ന്.

സംഘപരിവാര്‍ തങ്ങളുടെ താത്പര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വാചകമടിച്ചതുകൊണ്ട് മാത്രം കാര്യമുണ്ടോ? ഈ ചോദ്യം മുഖ്യമന്ത്രിയോടാണ്.

ഇനി മറ്റൊരു സുപ്രധാനകാര്യം കൂടി; പാഠപുസ്തകങ്ങളിലുള്ള കളി ആര്‍എസ്എസ് മാത്രമല്ല നടത്തുന്നത്. വിവിധ മതസാമുദായിക സംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ തങ്ങളുടെ മതപഠനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠന സാമഗ്രികള്‍ വിതരണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യാറുണ്ട്. പീസ് ഫൌണ്ടേഷന്‍ നടത്തുന്ന സ്കൂളുകളിലെ പാഠപുസ്തകങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവരുകയും വിവാദമാവുകയും ചെയ്തതാണ്. ഈ കാര്യങ്ങളും കൂടി ശ്രദ്ധയില്‍ വെക്കുന്നത് നന്ന്.

പൈക ഒന്നാം സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപം ജിഹാദുമാകുന്ന സംഘി ചരിത്രവായനകള്‍

മറ്റ് പ്രധാന വാര്‍ത്തകള്‍

സരിതാ നായരുടെ പരാതിയിലെ നിയമോപദേശം ഡിജിപി ലോകനാഥ് ബെഹ്റ മടക്കി. കൂടുതല്‍ വ്യക്തതയോടെ നിയമോപദേശം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് പോലീസ് മേധാവിയുടെ കണ്ടെത്തല്‍. കേസില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ട് എന്നു കാട്ടി സരിത മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു.

വധശിക്ഷ നടപ്പിലാക്കുന്നതില്‍ ഡോക്ടര്‍മാരുടെ പങ്കാളിത്തം അവസാനിപ്പിക്കണം എന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജീവന്‍ സംരക്ഷിക്കുക എന്നതാണ്  ഡോക്ടര്‍മാരുടെ ഉത്തരവാദിത്തം. വധശിക്ഷയുമായി ബന്ധപ്പെട്ട നടപടികളില്‍ ഡോക്ടര്‍മാര്‍ പങ്കാളികളാകുന്നത് അധാര്‍മ്മികമാണ് എന്നു പറഞ്ഞുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന് ഐ എം എ കത്തയച്ചു.

ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങ്ങിനെ മാവോയ്ക്ക് തുല്യനാക്കി കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അനുമതി നല്‍കി. മാവോയുടെയും ഡെങ് സിയാ വോ പിങ്ങിന്റെയും പേരുകള്‍ മാത്രമാണ് പാര്‍ട്ടി ഭരണഘടനയില്‍ ഉള്ളത്. ഷി ചിന്‍പിങ്ങിനെതിരെയുള്ള ഏത് നീക്കവും പാര്‍ട്ടിക്ക് നേരെയുള്ള നീക്കമായി വിലയിരുത്തുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച വിദ്യാര്‍ത്ഥി ഗൌരി നേഘയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ആല്‍ത്തറമൂട് ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പാലിനും ചികിത്സ നല്‍കാതെ പിടിച്ചുവെച്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിക്കുമെതിരെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ സ്കൂള്‍ മാനേജ്മെന്‍റുമായി ബന്ധമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് മാതാപിതാക്കളെ വിവരമറിയിച്ചത്.

എടമലക്കുടിയിലെ ആദിവാസി ജനസംഖ്യ കുറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രൈബല്‍ ഇന്റലിജന്‍സ് പോലീസ് വിഭാഗത്തിന്റെതാണ് റിപ്പോര്‍ട്ട്. 2011ലെ സെന്‍സസ് പ്രകാരം ഇവിടെ 2400 ആളുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 2302 ആയി കുറഞ്ഞിരിക്കുന്നു. 2006ല്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ 2810 പേരാണ് എടമലക്കുടിയില്‍ ഉണ്ടായിരുന്നത്. ഇവിടെയുള്ള 70-ഓളം ദമ്പതികള്‍ക്ക് കുട്ടികളില്ല എന്ന വിവരവും പുതിയ റിപ്പോര്‍ട്ടില്‍ ഉണ്ട്.

കണ്ണ് ചൂഴ്ന്നെടുക്കാന്‍ പോകുന്നവര്‍ക്ക് എന്തു കണ്ണുനീര്‍ത്തുള്ളി? താജിനെ വിടാതെ സംഘപരിവാര്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍