UPDATES

ട്രെന്‍ഡിങ്ങ്

അതെ, ദിലീപ് എന്ന ‘ഇര’

പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടത് പോലെ സേതുരാമയ്യര്‍ വരട്ടെ!

“മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്. ദയവായി ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വളച്ചൊടിക്കരുത്”- കേരള കൌമുദി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സിനിമാ താരം ദിലീപിന്റെ ഈ അപേക്ഷയുള്ളത്. ന്യായമായ ആവശ്യം. വാര്‍ത്തകളെ ദുര്‍വ്യാഖ്യാന സാധ്യത നല്‍കി അവതരിപ്പിക്കുക എന്നത് മാധ്യമ രംഗത്തെ ദുഷ്പ്രവണതയായാണ് വിലയിരുത്തപ്പെടുന്നത്. സിനിമാ താരങ്ങളെ പോലെ രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ പ്രമുഖരെന്ന് പറയപ്പെടുന്ന ആളുകളും ചിലപ്പോള്‍ സാധാരണക്കാരും ഈ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പലപ്പോഴും വിധേയരാവുന്നവരാണ്. മാധ്യമങ്ങളെ സംബന്ധിച്ച മറ്റൊരു നിരീക്ഷണവും ദിലീപിന്‍റേതായി ഇന്നലെ ചാനലില്‍ കേട്ടു. ക്ലിക്കുകള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തന്നെ കേന്ദ്രമാക്കി റിപ്പോര്‍ട്ടുകള്‍ പടച്ചു വിടുന്നത് എന്ന്. എന്തായാലും താന്‍ വഴി ചില പ്രസ്ഥാനങ്ങള്‍ നടന്നു പോകുന്നുണ്ടല്ലോ എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

യാദൃശ്ചികമായിട്ട് ഇന്നലെ ക്ലബ് എഫ് എമ്മില്‍ ആര്‍ജെ രേണു, നമിതാ പ്രമോദുമായി നടത്തിയ ചാറ്റ് ഷോയും കേള്‍ക്കാനിടയായി. അവിടെയും ദിലീപ് തന്നെയാണ് വിഷയം. അമേരിക്കന്‍ ഷോയ്ക്കിടെ ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, നമിതാ പ്രമോദുമായി കോര്‍ത്തു എന്ന വിഷയത്തിലുള്ള നമിതയുടെ വിശദീകരണമാണ് കേട്ടത്. ചാറ്റിനിടയില്‍ ആ വാര്‍ത്തകളെ കുറിച്ച് ആര്‍ ജെ രേണു പറഞ്ഞത്, ‘എന്തായാലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു’ എന്നാണ്.

ദിലീപും മുന്‍ ഭാര്യ മഞ്ജു വാര്യരും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയ കാലം മുതല്‍ മലയാള മാധ്യമങ്ങള്‍ ഏറെ ആഘോഷത്തോടെ ‘വിറ്റ’ വാര്‍ത്താ വിഷയമാണ് ദിലീപ്. പാപ്പരാസി റിപ്പോര്‍ട്ടിംഗും ഉത്തരവാദ ജേര്‍ണലിസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മറികടന്ന് വാര്‍ത്ത ഒരു ചരക്ക് മാത്രമായി മാറുന്നതായിരുന്നു പല റിപ്പോര്‍ട്ടുകളും. ഇത്തരം വാര്‍ത്തകള്‍ക്ക് പറയുന്ന ആളോ, തെളിവുകളോ, ഔദ്യോഗിക ഭാഷ്യങ്ങളോ ഒന്നും വേണ്ടതില്ല. വാര്‍ത്ത എഴുത്തുകാരന്‍/കാരി തനിക്ക് കിട്ടിയ കച്ചിത്തുരുമ്പ് വെച്ച് പാചകം ചെയ്യുന്ന ഒന്നാണ് അത്. മസാലക്കൂട്ട് നന്നായാല്‍ വായനക്കാര്‍ക്ക് രസിക്കും. അങ്ങനെ രസിച്ചാലേ സര്‍ക്കുലേഷന്‍ കൂടുകയുള്ളൂ, ടാം റേറ്റിംഗില്‍ മേല്‍ഗതിയുണ്ടാകുകയുള്ളൂ, അനലിറ്റിക്സില്‍ വിസിറ്റേഴ്സ് ഗ്രാഫ് മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വായനക്കാര്‍ ഉണ്ടായാലേ പരസ്യ വരുമാനം ഉണ്ടാകുകയുള്ളൂ. മത്സരാധിഷ്ഠിത കമ്പോളത്തിന്റെ ഫിലോസഫി മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഇന്നിപ്പോള്‍ പള്‍സര്‍ സുനി ദീലീപിന് ജയിലില്‍ നിന്നയച്ചു എന്ന് പറയുന്ന കത്തും സംവിധായകന്‍ നാദിര്‍ഷ റെക്കോര്‍ഡ് ചെയ്ത് ദിലീപിന് നല്‍കുകയും ദിലീപ് കഴിഞ്ഞ ഏപ്രില്‍ 20ന് പരാതിയായി പോലീസിന് കൈമാറുകയും ചെയ്ത ബ്ലാക്ക് മെയില്‍ ടെലിഫോണ്‍ റെക്കോര്‍ഡുമാണ് പ്രധാന വിഭവങ്ങള്‍. ഇന്നലെ മുതല്‍ ചാനലുകളും ഓണ്‍ലൈന്‍ മീഡിയയും ഇന്ന് പത്രങ്ങളും ഈ വാര്‍ത്തകള്‍ അത്യാവശ്യം നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളുടെ പ്രത്യേകത ഇവയൊന്നും തന്നെ ദിലീപ് ആരോപിക്കുന്നത് പോലുള്ള വളച്ചൊടിക്കലുകള്‍ക്ക് വിധേയമായിട്ടില്ല എന്നതാണ്. വാര്‍ത്താവിഷയമായ ദിലീപിനും നാദിര്‍ഷായ്ക്കും ഒക്കെ തന്നെ നന്നായി ഇടം നല്‍കി അവര്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചുകൊണ്ടു തന്നെയാണ് എല്ലാ പത്രങ്ങളും ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“നടിക്ക് നേരെയുള്ള ആക്രമണം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്” എന്ന മനോരമയുടെ ഒന്നാം പേജ് വാര്‍ത്തയില്‍, “എന്നെയും സിനിമകളെയും തകര്‍ക്കാനുള്ള ശ്രമം” എന്ന ദിലീപിന്റെ പ്രസ്താവനയും, “എന്നെയും വേട്ടയാടുന്നു” എന്ന നാദിര്‍ഷയുടെ പ്രസ്താവനയും തലക്കെട്ടായി കൊടുത്തിട്ടുണ്ട്. “നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ക്കൊപ്പം അപകടകരമായ ക്രിമിനല്‍ ബുദ്ധിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്” എന്ന് ദിലീപ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. “എന്റെ സിനിമകളെ തകര്‍ക്കാനും കുടുംബ സദസ്സുകളിലെ എന്റെ സ്വീകാര്യത ഇല്ലാതാക്കാനുമുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ പോരാടാനാണ് തീരുമാനം. കേസില്‍ എന്റെ പങ്ക് ആരോപിക്കാന്‍ പ്രതികള്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന് അവര്‍ പറയുന്നവരെല്ലാം എനിക്ക് വളരെ വേണ്ടപ്പെട്ടവരാണ്. അവരുടെ പേരുകള്‍ പുറത്തു വന്നാല്‍ കേരളം നടുങ്ങും”- ദിലീപ് തുടര്‍ന്നു പറയുന്നു.

ഇതുവരെയുള്ള പ്രതിനായക പ്രതിഛായയില്‍ നിന്നും അനീതിക്കെതിരെ പോരാടാന്‍ ഒരുങ്ങുന്ന ഒരു നായക ബിംബം നിര്‍മ്മിക്കപ്പെടുകയാണ്. യഥാര്‍ത്ഥ ‘വില്ലന്‍മാര്‍/വില്ലത്തികള്‍’ ആരെന്നത് സസ്പെന്‍സ് ആയി നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ദിലീപിന്റെ പ്രസ്താവന. മാധ്യമങ്ങള്‍ക്ക് സന്തോഷിക്കാം. ഇത് ഒരു ഉഗ്രന്‍ തുടരന്‍ തന്നെയാണ്.

“ആര്‍ക്കും ഈ ഗതി വരരുത്” എന്നാണ് മാതൃഭൂമി വാര്‍ത്തയുടെ തലക്കെട്ട്. “എനിക്കാരോടും പരാതിയില്ല”, “ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു” എന്നൊക്കെ നടന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “എന്റെ പേര് പറയിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു” എന്നതാണ് മംഗളത്തിന്റെ തലക്കെട്ട്. “എന്റെ അനുഭവം മലയാള സിനിമാ വ്യവസായത്തില്‍ മറ്റാര്‍ക്കും ഉണ്ടാകരുത്” എന്നാണ് കേരള കൌമുദിയില്‍ വന്നിരിക്കുന്നത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് എന്ന് ദിലീപ് പറഞ്ഞതായാണ് ദേശാഭിമാനിയും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേ, ദിലീപെന്ന ഇരയുടെ നിര്‍മ്മിതി നടക്കുകയാണ്. ഇത് ആരുടെ തിരക്കഥയാണ് എന്നേ അറിയേണ്ടതുള്ളൂ. ശുഭം എന്ന് എഴുതിക്കാണിക്കുന്നതിന് മുന്‍പ് എന്തായാലും കേരളാ പോലീസ് വരുമായിരിക്കും.

അല്ലെങ്കില്‍ പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടത് പോലെ സേതുരാമയ്യര്‍ വരട്ടെ!

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍