UPDATES

സിനിമ

ബെഹ്റ വന്നു; തന്റെ പരാതിക്ക് എന്തുപറ്റി എന്ന് ദിലീപ് ചോദിക്കുമോ?

‘ഗൂഡാലോചന’യില്‍ അമ്മ പിളരുമോ?

‘ദിലീപിന്റെ ‘ഗൂഡാലോചന’ സിദ്ധാന്തം മലയാള സിനിമാ ലോകത്തെ പിളര്‍ത്തുമോ?’ എന്നാണ് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നത്. ദിലീപിനെ സിനിമ വ്യവസായത്തില്‍ നിന്നും പുറന്തള്ളാന്‍ സിനിമാ വ്യവസായത്തിലെ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിച്ചു കഴിഞ്ഞു. സലീം കുമാറാണ് ഈ ദിലീപിന്റെ ഗൂഡാലോചന സിദ്ധാന്തത്തെ കൈമെയ് മറന്നു പിന്തുണച്ചത്. നടന്‍ അജു വര്‍ഗ്ഗീസും ദിലീപിന്റെ ദീര്‍ഘകാല സുഹൃത്തായ ലാല്‍ ജോസും ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം “ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒരു നിലപാട് പറയാന്‍” കഴിയില്ല എന്ന നിലപാടാണ് ഫെഫ്ക നേതാവ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നും സംവിധായകന്‍ പറഞ്ഞതായി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

അതിനിടയില്‍ നടിയെ കുറിച്ച് താന്‍ പറഞ്ഞതായി ദിലീപ് ഒരു മാധ്യമത്തോട് പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് നടനും സംവിധായകനുമായ ലാലും രംഗത്ത് എത്തുകയുണ്ടായി. അന്തംവിട്ടവന്‍ എന്തും പറയുമോ? എന്നു മൂക്കത്ത് വിരല്‍ വെക്കുകയാണ് പൊതുജനം.

എന്തായാലും ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപും സലീംകുമാറും നടത്തിയ പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധമുണ്ടാക്കുകയും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നടി പത്രക്കുറിപ്പിലൂടെയും വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഈ പ്രസ്താവനകളിലുള്ള പ്രതിഷേധവും വേദനയും പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്നത്തെ എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം പ്രസ്താവനയിലുള്ള ദിലീപിന്റെ ഖേദപ്രകടന വാര്‍ത്തയുമുണ്ട്. ഈ വിഷയത്തില്‍ പോലീസ് കേസെടുക്കാന്‍ സാധ്യതയുണ്ട് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഇന്ന് നടക്കുന്ന രണ്ട് കാര്യങ്ങള്‍ ഈ കേസിനെ സംബന്ധിച്ചും മലയാള സിനിമാ ലോകത്തെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്.

അതില്‍ ഒന്നാമത്തേത് ഡിജിപിയായുള്ള ലോകനാഥ് ബെഹ്റയുടെ നിയമനമാണ്. ബെഹ്റ, ജേക്കബ് തോമസ്, ഋഷിരാജ് സിംഗ് എന്നിവരാണ് മുന്‍പന്തിയില്‍ ഉള്ളത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ തന്നെ ബെഹ്റയ്ക്കാണ് സാധ്യത കൂടുതലെന്നും പത്രം പറയുന്നു. ബെഹ്റ വരുന്നതോടെ ദിലീപിന് ധൈര്യമായി ചോദിക്കാം. താന്‍ ഏപ്രില്‍ ഇരുപതാം തീയ്യതി താങ്കളുടെ കയ്യില്‍ തന്ന പരാതിയില്‍ തുടര്‍ അന്വേഷണം നടക്കാത്തത് എന്തുകൊണ്ട്? അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് ബെഹ്റയോട് ഈ കാര്യം ചോദിക്കാം. ഇനി അതുമല്ലെങ്കില്‍ സ്ഥാനമൊഴിയുന്ന ടിപി സെന്‍കുമാറിനോടും മാധ്യമങ്ങള്‍ക്ക് ചോദിക്കാം. പോകുന്ന വഴിക്ക് അദ്ദേഹം എന്തെങ്കിലും വെടിപൊട്ടിച്ചാലോ? അല്ലെങ്കില്‍ തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും കുത്തിപ്പോക്കിയത് ടി പി സെന്‍കുമാറാണ് എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വായിക്കുകയുണ്ടായി. ഗൂഡാലോചന തുടക്കത്തിലെ തള്ളിക്കളഞ്ഞ പിണറായിക്കും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്നു സംശയിക്കപ്പെടുന്ന അന്നത്തെ പോലീസ് മേധാവി ബെഹ്റയ്ക്കും ഒരു പണി കൊടുക്കാമല്ലോ?

രണ്ടാമത്തെ കാര്യം ഇന്ന് നടക്കാന്‍ പോകുന്ന അമ്മയുടെ മീറ്റിംഗാണ്. പണ്ട് തിലകന്‍ പ്രശ്നത്തില്‍ സംഘര്‍ഷപൂരിതമായ മീറ്റിംഗ് അമ്മ നടത്തിയതാണ്. അന്ന് തിലകന് വലിയ ആള്‍ബലമില്ലാത്തതുകൊണ്ട് അമ്മ ഒറ്റക്കെട്ടായി. പക്ഷേ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല എന്നാണ് കേള്‍ക്കുന്നത്. ദിലീപിന്റെ ഗൂഡാലോചന സിദ്ധാന്തം പ്രമുഖ നടനിലേക്കും ഒരു നടിയിലേക്കും ഒരു പ്രമുഖ നിര്‍മ്മാതാവിലേക്കും ഒക്കെ നീളുന്നു എന്ന മട്ടിലുള്ള പിതൃശൂന്യ വാര്‍ത്തകള്‍ ഉണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് സിനിമാ ലോകത്ത് എല്ലാവരും പാലിച്ചു പോരുന്ന നിശബ്ദമായ ഒരു ‘അച്ചടക്ക’മുണ്ട്. എന്തായാലും ഇന്ന് നടക്കുന്ന മീറ്റിംഗില്‍ വലിയ ഭൂകമ്പം തന്നെ നടക്കുമെന്നാണ് ഈ കാര്യത്തില്‍ താത്പര്യമുള്ള പൊതുസമൂഹവും സിനിമാ ആരാധകരും മാധ്യമങ്ങളും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ അത് അമ്മയുടെ പിളര്‍പ്പിലേക്ക് നയിക്കുമോ എന്നാണ് ചോദ്യം. മുന്‍പ് മാക്ട പിളര്‍ന്ന ഉദാഹരണം നമ്മുടെ മുന്‍പില്‍ ഉണ്ടല്ലോ.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍