UPDATES

ഫയലിലെ ജീവിതം; പിണറായിയുടെ ജൂണ്‍ പ്രസംഗത്തിന് മരണംകൊണ്ട് ഒരു കര്‍ഷകന്‍റെ ഓര്‍മ്മപ്പെടുത്തല്‍

തങ്ങള്‍ ഒട്ടും മാറിയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

“വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വില്ലേജ് ഓഫീസറടക്കം രണ്ടു ജീവനക്കാരെ അന്വേഷണ വിധേയമായി ജില്ലാ കളക്ടര്‍ യു.വി ജോസ് സസ്പെന്‍ഡ് ചെയ്തു.” “വിത്ത് വാങ്ങിയതിലെ അഴിമതിക്ക് ദമ്പതിമാരായ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പത്തുവര്‍ഷമായി സംസ്ഥാന വിത്ത് വികസന അതോറിറ്റി ഡയറക്ടര്‍ ചുമതല മാറി മാറി വഹിച്ചിരുന്ന അശോക് കുമാര്‍ തെക്കന്‍, ഭാര്യ പികെ ബീന എന്നിവരാണ് സസ്പെന്‍ഷനിലായത്.” മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ നിന്നുള്ള രണ്ട് വര്‍ത്തകളാണ് ഇത്. കേരളത്തിന്റെ ഉദ്യോഗസ്ഥ മേഖലയെ അടിമുടി ബാധിച്ചിരിക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും രണ്ട് ഉദാഹരണങ്ങള്‍.

ബുധനാഴ്ച രാത്രിയാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിന്റെ വരാന്തയില്‍ കെ.ജെ തോമസ് എന്ന കര്‍ഷകന്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ പേരിലുള്ള 80 സെന്‍റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിച്ചിരുന്നില്ല. 2015 വരെ സ്വീകരിച്ചിരുന്ന ഭൂനികുതി തുടര്‍ന്നും സ്വീകരിക്കാന്‍ ആ മനുഷ്യന് തന്റെ ജീവന്‍ നല്‍കേണ്ടി വന്നിരിക്കുന്നു. കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് ഭൂനികുതി സ്വീകരിക്കാന്‍ കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്കിയിരിക്കുകയാണ് ജില്ല കളക്ടര്‍ എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എന്തെങ്കിലും നടന്നു കിട്ടാന്‍ ജനങ്ങള്‍ക്ക് പെട്രോള്‍ ബോംബ് എറിയേണ്ടി വരുന്നു എന്നതും ജീവനൊടുക്കേണ്ടി വരുന്നു എന്നതും ഭയാനകമായ സാഹചര്യമാണ്.

“ഈ തൂങ്ങിമരണം ഒറ്റപ്പെട്ട സംഭവമല്ല. ചില ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കോഴിക്കോട് സംഭവം” എന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്രയെങ്കിലും സമാധാനം. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് ഭരണ നേതൃത്വം ബോധവാന്‍മാരാണ് എന്നെങ്കിലും ജനത്തിന് സമാധാനിക്കാം. പക്ഷേ ഇതിനെന്താണ് പോംവഴി?

ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് കഴിഞ്ഞ ജൂണിലാണ് “ഓരോ ഫയലും ഓരോ ജീവിത”മാണ് എന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാരെ ഓര്‍മ്മിപ്പിച്ചത്. പൊതുജനങ്ങള്‍ക്കിടയിലും നവമാധ്യമങ്ങളിലും ഏറെ ആഘോഷിക്കപ്പെട്ട ഈ പ്രസ്താവന ഒരു താക്കീത് പോലെ ഉദ്യോഗസ്ഥന്‍മാര്‍ കണക്കാക്കുമെന്ന് ജനങ്ങള്‍ കരുതി. മുഖ്യമന്ത്രിയുടെ പ്രശസ്തമായ ഈ പ്രസംഗം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ഒരാളുടെ ജീവനെടുത്തുകൊണ്ടാണ് തങ്ങള്‍ ഒട്ടും മാറിയിട്ടില്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെളിയിച്ചിരിക്കുന്നത്.

വിത്ത് വികസന അതോറിറ്റിയിലെ 68.4 കോടി രൂപയുടെ അഴിമതി സംബന്ധിച്ച് കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍ മുഖ്യമന്ത്രിക്ക് നല്കിയ ശുപാര്‍ശ സംബന്ധിച്ച വാര്‍ത്തയിലേക്ക് വരാം. കര്‍ഷകര്‍ക്ക് നെല്ലിന്റെയും പച്ചക്കറിയുടെയും വ്യാജ വിത്ത് നല്‍കി എന്നതാണ് അശോക് കുമാര്‍ തെക്കനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും എതിരെയുള്ള ഒന്നാമത്തെ കണ്ടെത്തല്‍. “കര്‍ണ്ണാടക വിത്ത് വികസന കോര്‍പ്പറേഷന്റെ വിത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് കാലടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും നിലവാരമില്ലാത്ത വിത്ത് വാങ്ങി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു” എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥ ദമ്പതികളെ കൂടാതെ മറ്റ് 16 ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നത് ഈ അഴിമതിയുടെ വ്യാപ്തി എത്രയാണെന്ന് വെളിവാക്കുന്നു.

ഈ അടുത്തകാലത്താണ് ആരോഗ്യ വകുപ്പിന്റെ ഡയറക്ടറായിരുന്ന ഡോ. വികെ രാജനെയും തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ വിഭാഗം മേധാവിയായിരുന്ന ഡോ. കെ ശൈലജയെയും അഞ്ചുവര്‍ഷം തടവിനും 52 ലക്ഷം രൂപ പിഴയ്ക്കും വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വാക്സിന്‍ കമ്പനികളില്‍ നിന്നും പാരിതോഷികം വാങ്ങി അനാവശ്യ വാക്സിന്‍ അടിച്ചേല്‍പ്പിച്ചതിനും വാങ്ങിച്ചു കൂട്ടിയതിനുമായിരുന്നു ഈ ശിക്ഷ.

ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുന്ന രീതിയില്‍ അഴിമതി ഇപ്പോഴും തുടരുന്നു എന്നു തന്നെയാണ് മേല്‍ വിവരിച്ച സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂനികുതി സ്വീകരിച്ചില്ലെങ്കില്‍ താന്‍ മരിക്കുമെന്ന തോമസിന്റെ ഭീഷണിക്ക് പിന്നിലെ പൊള്ളുന്ന ജീവിതം തിരിച്ചറിയാനുള്ള സംവേദന ശക്തി ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അന്യമായിരിക്കുന്നു. വെള്ളറട വില്ലേജ് ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട സംകുട്ടിയുടെയും പത്തു സെന്‍റ് ഭൂമിയുടെ പോക്ക് വരവ് ശരിയാക്കി കിട്ടാന്‍ വില്ലേജ് ക്ലാര്‍ക്കിന്റെ ദേഹത്ത് മണ്ണെണ്ണ പ്രയോഗം നടത്തിയ കോവളത്തെ വീട്ടമ്മ സുജയുടെയും പാത പിന്തുടരാന്‍ ഇനിയും ജനങ്ങളെ പ്രേരിപ്പിക്കരുതെന്നേ ഈ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിക്കാനുള്ളൂ.

അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച് വിജിലന്‍സ് മേധാവിയായി ചുമതലയേല്‍ക്കുകയും പിന്നീട് കാര്യമായി ഒന്നും ചെയ്യാനാവാതെ അവധിയില്‍ പ്രവേശിച്ച് വിജിലന്‍സിന്റെ പടിയിറങ്ങുകയും ചെയ്ത ജേക്കബ് തോമസ് ഇപ്പോള്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ഐഎംജിയുടെ ഡയറകടറാണ്. അഴിമതിക്കാരെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അഴിമതി ഇല്ലാത്ത പൊതുജനത്തോട് മര്യാദയ്ക്ക് പെരുമാറുന്ന ദയാവായ്പ്പുള്ള ഒരു സിവില്‍ സര്‍വ്വീസിനെ വാര്‍ത്തെടുക്കാന്‍ നല്ലൊരു അധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍