UPDATES

ട്രെന്‍ഡിങ്ങ്

കടം എഴുതിത്തള്ളല്‍ മാത്രമാകരുത്; വേണ്ടത് അഭിമാനത്തോടെ തൊഴിലെടുക്കാനുള്ള അവസരം

കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പ സഹായ തിരിച്ചടവ് പദ്ധതിക്ക് തുടക്കം

“മൂന്നു ലക്ഷത്തിലധികം രൂപയാണ് മകളെ നേഴ്സിങ് പഠിപ്പിക്കാന്‍ എടുത്തത്. കൂലിപ്പണി എടുത്ത് കുറച്ചു കടം വീട്ടി. പിന്നീട് മുടങ്ങി. നാട്ടില്‍ കുറേയേറെ സ്ഥലങ്ങളില്‍ മോള്‍ ജോലിക്കു ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. ഇതിനിടെ ബാങ്കില്‍ നിന്നും തുക തിരിച്ചടയ്ക്കണമെന്ന് അറിയിപ്പും വന്നു” കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പ സഹായ തിരിച്ചടവ് പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദേശാഭിമാനി നല്കിയ ‘അജിതകുമാരിയും അമ്മയും പറയുന്നു; വീട്ടാനാകില്ലീ സ്നേഹക്കടം’ എന്ന വാര്‍ത്ത സര്‍ക്കാരിന്റെ ഒരു പി ആര്‍ വാര്‍ത്തയാണെന്ന് തോന്നാം. അത് സ്വാഭാവികവുമാണ്. പക്ഷേ വിഷയത്തിന്റെ പ്രാധാന്യം വെച്ചു നോക്കുമ്പോള്‍ പൊതുസമൂഹം ഏറെ ശ്രദ്ധയോടെ വായിച്ചിരിക്കേണ്ട വാര്‍ത്തയാണ് ഇത്. അജിതകുമാരിയുടെ അമ്മ സ്നേഹലതയുടെ വാക്കുകള്‍ കേരളത്തിലെ കുറേ അമ്മമാരുടെയും അച്ഛന്‍മാരുടെയും പൊള്ളുന്ന അനുഭവത്തിന്റെ നേര്‍ സാക്ഷ്യമാണ്.

കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസിന്‍ മുന്‍പില്‍ കെ ജെ ജോയ് എന്ന 57 കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് മക്കളെ പഠിപ്പിക്കാന്‍ വായ്പ എടുക്കാന്‍ വേണ്ടി വില്‍ക്കാന്‍ വെച്ച 80 സെന്‍റ് ഭൂമിയുടെ കരം വാങ്ങിക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാകാത്തതിനെ തുടര്‍ന്നാണ്. 2012-ല്‍ ആന്ധ്രാ പ്രദേശില്‍ ബിഎസ്സി നഴ്സിംഗിന് പഠിക്കുകയായിരുന്ന ശ്രുതി ശ്രീകാന്ത് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് പഠനം തുടരാന്‍ ആവശ്യമായ വിദ്യാഭ്യാസ വായ്പ കിട്ടാടത്തതിനെ തുടര്‍ന്നായിരുന്നു.

Also Read: ഫയലിലെ ജീവിതം; പിണറായിയുടെ ജൂണ്‍ പ്രസംഗത്തിന് മരണംകൊണ്ട് ഒരു കര്‍ഷകന്‍റെ ഓര്‍മ്മപ്പെടുത്തല്‍

“ഞാന്‍ മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടിയെ മൂന്നു തവണയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കണ്ടു ബാങ്ക് ലോണ്‍ തരാന്‍ വൈകിക്കുന്ന കാര്യം അറിയിച്ചു. എങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇപ്പോള്‍ എന്റെ മകള്‍ ഞങ്ങളെ വിട്ടുപോയി. ഇനി ഒരു മാതാപിതാക്കള്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല” എന്നാണ് ശ്രുതിയുടെ അച്ഛന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

വയനാട്ടിലെ അമ്പലവയലിലെ ധന്യയുടെ കഥയും വ്യത്യസ്തമല്ല.

“സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ അമ്പലവയല്‍ ശാഖയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് ധന്യ ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ചത്. പഠനം കഴിഞ്ഞിട്ടും കാര്യമായ വരുമാനമുള്ള ജോലി കിട്ടിയില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ താത്ക്കാലികമായി ജോലി ലഭിച്ചെങ്കിലും വരുമാനം തുച്ഛമായിരുന്നു. ജോലി ലഭിച്ചാല്‍ വായ്പയിലേക്ക് തിരിച്ചടവ് ആരംഭിക്കണം. എന്നാല്‍ ചെലവ് കഴിച്ച് കാര്യമായൊന്നും ബാക്കിയില്ലാത്തതിനാല്‍ അടവും നടന്നില്ല. ഇതിനിടെ വിവാഹാലോചന നടക്കുകയും ചെയ്തു. കാര്യമായ സാമ്പത്തിക സ്ഥിതിയില്ലാത്ത വീട്ടുകാര്‍ക്ക് ഭാരമാവുമെന്ന ചിന്തയാണ് ധന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.”

ചേര്‍ത്തലയില്‍ 2016 മാര്‍ച്ചിലാണ്, മകളെ പഠിപ്പിക്കാന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ ഫല്‍ഗുനന്‍ എന്നയാള്‍ ആത്മഹത്യ ചെയ്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്നായിരുന്നു ഫല്‍ഗുനന്റെ ആത്മഹത്യ. മകളുടെ നഴ്സിംഗ് പഠനത്തിന് വേണ്ടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ട നാദാപുരം വിലങ്ങാട് സ്വദേശി നാഗത്തിങ്കല്‍ ജോസഫിന്റെ കഥ കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്യുകയുണ്ടായി. ഒടുവില്‍ സിപിഎം പ്രവര്‍ത്തകര്‍ കോഴിക്കോട് കോടതിയില്‍ 3 ലക്ഷം രൂപ കെട്ടി വെച്ചാണ് ജോസഫിന്റെ മോചനം സാധ്യമാക്കിയത്.

ശ്രുതിയും ധന്യയും മരണപ്പെട്ടിട്ട് 5 വര്‍ഷം വേണ്ടി വന്നു ഗവണ്‍മെന്‍റിന് ഇത്തരമൊരു പദ്ധതിയുമായി മുന്‍പോട്ട് വരാന്‍ എന്നത് ജനങ്ങളില്‍ നിന്നും എത്ര അകന്നാണ് നമ്മുടെ ഗവണ്‍മെന്‍റുകള്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവാണ്. ഒപ്പം പ്രാദേശിക ഭരണകൂടങ്ങള്‍ അടക്കം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരവും.

പുതിയ പദ്ധതിയെ കുറിച്ചുള്ള വാര്‍ത്ത സാമാന്യം വിശദമായി തന്നെ ഇന്നത്തെ ദേശാഭിമാനിയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് ഒക്ടോബര്‍ 31 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക. elrs.kerala.gov.in എന്ന വെബ്സൈറ്റില്‍ ശനിയാഴ്ച മുതല്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പാസ് വേര്‍ഡിലൂടെ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

പദ്ധതി പ്രകാരം 2016 മാര്‍ച്ച് 31-നോ അതിനു മുന്‍പോ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലു ലക്ഷം രൂപ വരെയുള്ള വായ്പയുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ അടയ്ക്കും. നാലു ലക്ഷം മുതല്‍ ഒന്‍പതു ലക്ഷം വരെയുള്ള വായ്പയുടെ കുടിശിക തുകയുടെ 50 ശതമാനം വരെ സര്‍ക്കാര്‍ അടയ്ക്കും. പഠന കാലയളവിലോ വായ്പ കാലയളവിലോ മരണപ്പെടുകയോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമോ മാനസികമോ ആയ സ്ഥിര വൈകല്യമോ ഉണ്ടാവുകയോ ചെയ്താല്‍ അവരുടെ മുഴുവന്‍ വായ്പ തുകയും സര്‍ക്കാര്‍ അടയ്ക്കും. നിഷ്ക്രിയ ആസ്തിയായി മാറാത്ത അക്കൌണ്ടുകള്‍ ആണെങ്കില്‍ ഒന്നാം വര്‍ഷം 90 ശതമാനവും തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും സര്‍ക്കാര്‍ വിഹിതമായി നല്കും. (ദേശാഭിമാനി)

ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളാകാന്‍ ആര്‍ഹതയില്ലാത്തവര്‍ ആരാണ് എന്ന കാര്യം മാതൃഭൂമി റിപ്പോര്‍ട്ടിലുണ്ട്. നഴ്സിംഗ് ഒഴികെയുള്ള മറ്റ് കോഴ്സുകളിലെ മാനേജ്മെന്‍റ് , എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കും, ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ പറ്റില്ല.

ഇത്തരം ആത്മഹത്യകള്‍ കണ്ണീര്‍ കഥകളായി ആഘോഷിക്കാറുള്ള മലയാള മനോരമ (തിരുവനന്തപുരം എഡിഷന്‍) ഈ വാര്‍ത്ത അറിഞ്ഞതേ ഇല്ല എന്ന കാര്യവും ശ്രദ്ധിക്കുക. മനോരമയ്ക്ക് കൂടുതല്‍ സര്‍ക്കുലേഷനുള്ള മലയോര മേഖലയിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടക്കാറുള്ളത് എന്ന യാഥാര്‍ഥ്യം പോലും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മനോരമയെ പ്രേരിപ്പിച്ചില്ല എന്നതാണ് അത്ഭുതകരം.

കടം എഴുതിത്തള്ളുകയല്ല, വായ്പ തിരിച്ചടവിനുള്ള പ്രോത്സാഹനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടന വേദിയില്‍ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. വന്‍ തുക കടമെടുത്ത് പഠിച്ചിറങ്ങുന്നവര്‍ക്ക് വേണ്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്നാണ് അറിയേണ്ടത്. അതിനു എന്തൊക്കെയാണ് പദ്ധതി എന്നും.

പഠിച്ചിറങ്ങി അഭിമാനത്തോടെ തൊഴിലെടുക്കാന്‍ സാഹചര്യം ഉണ്ടായെങ്കില്‍ മാത്രമേ ഈ പദ്ധതി വിജയമായി എന്നു പറയാന്‍ പറ്റുകയുള്ളൂ. 900 കോടിയുടെ വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളല്‍ മാത്രമായാല്‍ മറ്റൊരു പണംതീനി സര്‍ക്കാര്‍ പദ്ധതി മാത്രമായി ഇത് മാറും.

കഴിഞ്ഞ മാസം സമരം ചെയ്ത നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിജപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഈ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പായി തന്നെ കാണാം.

Also Read: ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

ഒപ്പം ശ്രുതിയും ധാന്യയും ചെമ്പനോട്ടെ ജോയിയും നാഗത്തിങ്കല്‍ ജോസഫും ഇനി ആവര്‍ത്തിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍